General (Page 1,465)

omman chandy

തിരുവനന്തപുരം: സംസ്ഥാനത്തെ 493 പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നാലാംതീയതി അവസാനിക്കുമ്പോൾ, സർക്കാരിന്റെ നിഷേധാത്മക നിലപാടു മൂലം ലിസ്റ്റിലുള്ള പതിനായിരക്കണക്കിനു യുവതീ യുവാക്കൾക്ക് നീതി നിഷേധിച്ചെന്നു ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കു കത്ത് നൽകി. പകരം ലിസ്റ്റ് വരുന്നതുവരെയോ, ലിസ്റ്റിന്റെ പരമാവധി കാലമായ നാലരവർഷം വരെയോ 493 ലിസ്റ്റുകളുടെ കാലാവധി നീട്ടണമെന്നാണ് അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

നിയമസഭയ്ക്കകത്ത് മുഖ്യമന്ത്രി ലിസ്റ്റിന്റെ കാലാവധി നീട്ടണമെന്ന ഉദ്യോഗാർത്ഥികളുടെ ആവശ്യം നിഷ്‌കരുണം തള്ളിക്കളഞ്ഞപ്പോൾ, ലാസ്റ്റ് ഗ്രേഡ് സർവന്റ്സ് ലിസ്റ്റ് നീട്ടിയ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ വിധിക്കെതിരേ സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നല്കിയത് ഇരട്ടപ്രഹരമായെന്നും അദ്ദേഹം പറഞ്ഞു. റാങ്ക് ലിസ്റ്റിലുള്ള എല്ലാവരെയും നിയമിക്കാൻ സാധിക്കില്ലെന്നു മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞത് ശരിയാണ്. എന്നാൽ, ഈ ലിസ്റ്റിലുള്ള ബഹുഭൂരിപക്ഷം പേരെയും നിയമിച്ചില്ലെന്നു മാത്രമല്ല, 493 റാങ്ക് ലിസ്റ്റുകളുടെ കാലാവധി തീരുമ്പോൾ ഒരു തസ്തികയിലേയ്ക്ക് പോലും പകരം റാങ്ക് ലിസ്റ്റ് ഇല്ല എന്നതാണ് യാഥാർത്ഥ്യമെന്ന് അദ്ദേഹം വിശദമാക്കി.

കാലാവധി തീരുന്ന 493 റാങ്ക് ലിസ്റ്റിന്റെ സ്ഥാനത്ത് 136 തസ്തികകളിലേയ്ക്ക് മാത്രമാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 357 തസ്തികകൾക്കു ഇതുവരെ അപേക്ഷ പോലും ക്ഷണിച്ചിട്ടില്ല. അപേക്ഷ ക്ഷണിച്ച തസ്തികകളിലേയ്ക്ക് ടെസ്റ്റും ഇന്റർവ്യൂവും നടത്തി റാങ്ക് ലിസ്റ്റ് തയ്യാറാക്കണമെങ്കിൽ രണ്ട് മുതൽ മൂന്നു വർഷം വരെ എങ്കിലും വേണ്ടിവരും. പകരം ലിസ്റ്റ് ഇല്ലാതെ റാങ്ക് ലിസ്റ്റിന്റെ കാലാവധി തീരുമ്പോൾ വിവിധ തസ്തികകളിലേക്ക് നിയമനം നടക്കാതെ വരും. അതോടെ പിൻവാതിൽ നിയമനത്തിനുള്ള അനന്ത സാദ്ധ്യതകളാണ് തുറക്കുന്നത്. പി.എസ്.സി. റാങ്ക് ലിസ്റ്റിന്റെ സാധാരണ കാലാവധി 3 വർഷമാണ്. 3 വർഷം തികയുമ്പോൾ പകരം ലിസ്റ്റ് തയ്യാറായില്ലെങ്കിൽ ഒന്നര വർഷം വരെയോ അടുത്ത ലിസ്റ്റ് വരുന്നതു വരെയോ ഏതാണ് ആദ്യം വരുന്നത് അതുവരെ ലിസ്റ്റ് നീട്ടുവാൻ ഗവണ്മമെന്റിന് അധികാരം ഉണ്ടെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

2011-2016 ൽ അഞ്ച് വർഷം യു.ഡി.എഫ് ഗവൺമെന്റ് എല്ലാ പി.എസ്.സി. ലിസ്റ്റുകളും ഈ രീതിയിൽ നീട്ടിയിട്ടുണ്ട്. 3 വർഷം സമയം കിട്ടിയിട്ടും പുതിയ ലിസ്റ്റ് തയ്യാറാക്കുവാൻ സാധിച്ചില്ലെങ്കിൽ ഒന്നര വർഷം വരെ അധിക സമയം ലഭിക്കുവാൻ നിലവിലുള്ള ലിസ്റ്റിലെ ഉദ്യോഗാർത്ഥികൾക്ക് അവകാശമുണ്ട്. ഗവൺമെന്റ് നിയമനങ്ങൾ ത്വരിതപ്പെടുത്തുന്നതിന് ഒഴിവുകൾ ഏറ്റവും വേഗം പി.എസ്.സി.ക്ക് റിപ്പോർട്ട് ചെയ്യണമെന്ന് സർക്കാർ പലവട്ടം പറഞ്ഞിട്ടുണ്ടെങ്കിലും ലോക്ക്ഡൗൺ കാലത്തെ ഓഫീസ് അടച്ചിടലും ജീവനക്കാരുടെ അഭാവവും മൂലം യഥാർത്ഥ ഒഴിവുകൾ പോലും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. പല തസ്തികകളിലും ചുരുക്കംപേരെ മാത്രമാണ് നിയമിച്ചത്. എറണാകുളം ജില്ലാ ഹൈസ്‌കൂൾ, സംസ്‌കൃത അദ്ധ്യാപക ലിസ്റ്റിൽ നിന്നും ഒരാളെ പോലും 3 വർഷമായിട്ടും നിയമിച്ചിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു. മുൻ പിണറായി സർക്കാരിന്റെ കാലത്ത് ഉദ്യോഗാർത്ഥികൾ 34 ദിവസം സമരം ചെയ്പ്പോൾ പരമാവധി നിയമനങ്ങൾ നടത്താമെന്ന് ധാരണ ഉണ്ടാക്കിയെങ്കിലും കാര്യമായ ഒഴിവുകൾ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ ഉമ്മൻ ചാണ്ടി ചൂണ്ടിക്കാട്ടി.

പകരം ലിസ്റ്റ് ഇല്ലാതെ റാങ്ക് ലിസ്റ്റിന്റെ കാലാവധി തീരുമ്പോൾ വിവിധ തസ്തികകളിലേക്ക് നിയമനം നടക്കാതെ വരും. അതോടെ പിൻവാതിൽ നിയമനത്തിനുള്ള അനന്ത സാദ്ധ്യതകളാണ് തുറക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: ഡോളർക്കടത്ത് കേസുമായി ബന്ധപ്പെട്ട് നിർണായക വെളിപ്പെടുത്തലുകളുമായി കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണർ സുമിത് കുമാർ. മുഖ്യമന്ത്രിയുടെയും മുൻ സ്പീക്കറുടെയും പ്രേരണയാലാണ് ഡോളർ കടത്തിയതെന്ന് സ്വപ്ന മൊഴി നൽകിയിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. അട്ടക്കുളങ്ങര ജയിലിൽ സ്വപ്നയ്ക്കു മതിയായ സുരക്ഷ ഉറപ്പാക്കണമെന്ന എറണാകുളം അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയുടെ ഉത്തരവിലെ നിരീക്ഷണങ്ങൾക്കെതിരെ ജയിൽ ഡിജിപി നൽകിയ ഹർജിയിന്മേലുള്ള വിശദീകരണ പത്രികയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

സത്യവാങ്മൂലത്തിൽ ‘മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരം എന്നൊരു പരാമർശമുണ്ടല്ലോ?’ എന്ന ചോദ്യത്തിന്, ‘അതെല്ലാം പൊതുജനത്തിനു ലഭ്യമായിട്ടുള്ള രേഖകളാണ്. അതിൽ മാറ്റമൊന്നുമില്ല’ എന്നായിരുന്നു അദ്ദേഹം മറുപടി നൽകിയത്. ജയിലിൽ ഭീഷണിയുണ്ടെന്ന വിവരം ചോദ്യം ചെയ്യലിനിടെ സ്വപ്ന കസ്റ്റംസിനോടു വ്യക്തമായി പറഞ്ഞതാണെന്നും ജയിലിലെ സുരക്ഷ സംബന്ധിച്ചു സ്വപ്നയും അവരുടെ ബന്ധുവും പറഞ്ഞ കാര്യങ്ങളാണു കസ്റ്റംസ് കോടതിയെ അറിയിച്ചതെന്നും അദ്ദേഹം വിശദമാക്കി. കേന്ദ്ര സർക്കാരിനെയും ഇത് അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോഴിക്കോട്: സംസ്ഥാനത്ത് കടകൾ തുറക്കാനുള്ള തീരുമാനത്തിലുറച്ച് വ്യാപാരികൾ. ഈ മാസം ഒൻപത് മുതൽ കടകൾ തുറക്കാനാണ് വ്യാപാരികളുടെ തീരുമാനം. എല്ലാ കടകളും തുറന്ന് പ്രവർത്തിക്കാനുള്ള തീരുമാനത്തിൽ മാറ്റമില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡൻറ് ടി നസറുദ്ദീൻ അറിയിച്ചു. ആവശ്യത്തിന് സമയം ലഭിച്ചെങ്കിലും സർക്കാർ പ്രശ്‌ന പരിഹാരത്തിന് ശ്രമിക്കുന്നില്ലെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.

അതേസമയം അശാസ്ത്രീയ ലോക്ഡൗൺ പിൻവലിക്കണം എന്നാവശ്യപ്പെട്ടുള്ള വ്യാപാരികളുടെ ഹർജി ഹൈക്കോടതി വെള്ളിയാഴ്ച്ച പരിഗണിക്കും. വിഷയത്തിൽ സർക്കാർ തീരുമാനം അറിഞ്ഞിട്ട് ഹർജി പരിഗണിക്കാമെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്.

സർക്കാർ തീരുമാനത്തിൽ അപ്രായോഗികമായ നിർദേശം ഉണ്ടെങ്കിൽ അറിയിക്കാൻ ഹർജിക്കാരോട് കോടതി നിർദ്ദേശം നൽകി.

pinarayi

തിരുവനന്തപുരം: പി.എസ്.സി. റാങ്ക് ലിസ്റ്റുകളുടെ കാലാവധി ഒരു കാരണവശാലും നീട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഷാഫി പറമ്പിൽ എംഎൽഎയുടെ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നൽകവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധിക്കുള്ളിൽ ലഭ്യമാകുന്ന മുഴുവൻ ഒഴിവുകളിലും നിയമനം നടത്തുകയെന്നതാണ് സർക്കാരിന്റെ പ്രഖ്യാപിതനയം. ഇതിനാവശ്യമായ സത്വര നടപടികൾ സർക്കാരും നിയമനാധികാരികളും പബ്ലിക് സർവ്വീസ് കമ്മീഷനും സ്വീകരിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

റിക്രൂട്ട്‌മെന്റ്, പിഎസ്‌സി പരീക്ഷ നടത്തിപ്പ്, റാങ്ക്‌ലിസ്റ്റ് തയ്യാറാക്കൽ, റാങ്ക്‌ലിസ്റ്റുകളുടെ കാലാവധി, ഉദ്യോഗാർത്ഥികളെ ശുപാർശ ചെയ്യൽ തുടങ്ങിയവ പി.എസ്.സി.യുടെ ഭരണഘടനാദത്തമായ അധികാര പരിധിയിലാണ്. ഇക്കാര്യങ്ങൾ കേരള പബ്ലിക് സർവീസ് കമ്മീഷൻ റൂൾസ് ഓഫ് പ്രൊസിജ്യുറിലാണ് വ്യവസ്ഥ ചെയ്യുന്നത്. ഇതിൽ ചട്ടം 13 ആണ് പി.എസ്.സി. റാങ്ക്‌ലിസ്റ്റുകളുടെ കാലാവധി പരാമർശിക്കുന്നത്. സാധാരണ ഗതിയിൽ ഒരു പി.എസ്.സി. റാങ്ക്‌ലിസ്റ്റിന്റെ കാലാവധി ഒരു വർഷമാണ്. ഒരു വർഷത്തിനിടയിൽ പുതിയ റാങ്ക് ലിസ്റ്റ് നിലവിൽ വന്നിട്ടില്ലെങ്കിൽ പുതിയ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതുവരെയോ, മൂന്നു വർഷമോ ഏതാണോ ആദ്യം അതുവരെ റാങ്ക് ലിസ്റ്റിന് കാലാവധിയുണ്ടാവും. ഈ വ്യവസ്ഥ യൂണിഫോമ്ഡ് ഫോർസിന് ബാധകമല്ല. ഓഗസ്റ്റ് 4 ന് അവസാനിക്കുന്ന എല്ലാ റാങ്കുലിസ്റ്റുകളും മൂന്നു വർഷത്തെ കാലാവധി കഴിഞ്ഞവയാണെന്ന് അദ്ദേഹം വിശദമാക്കി.

കോവിഡ് വ്യാപനത്തെ തുടർന്ന് യഥാസമയം മത്സര പരീക്ഷകൾ നടത്താൻ പി.എസ്.സി.ക്ക് കഴിയാത്ത സാഹചര്യമുണ്ടായി. എന്നാൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിനെയും നിയമന ശിപാർശ നൽകുന്നതിനെയും ഇത് ബാധിക്കുന്നില്ല. കോവിഡ് സാഹചര്യത്തിൽ ഒഴിവുകൾ ഉണ്ടാകുന്ന കാര്യത്തിലോ, ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യുന്ന കാര്യത്തിലോ ഒരു തടസ്സവും ഉണ്ടായിട്ടില്ലെന്നും ഒഴിവുകൾ പി.എസ്.സി.ക്ക് റിപ്പോർട്ട് ചെയ്യാൻ സർക്കാർ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 05.02.2021 നും 03.08.2021-നുമിടയിൽ കാലാവധി പൂർത്തിയാകുന്ന വിവിധ റാങ്ക് ലിസ്റ്റുകളുടെ കാലാവധി 04.08.2021 വരെ ദീർഘിപ്പിച്ച് നൽകിയിട്ടുമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം മുഖ്യമന്ത്രിയുടെ വിശദീകരണത്തിന് പിന്നാലെ സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്യുന്ന ഉദ്യോഗാർത്ഥികൾ പ്രതിഷേധം ശക്തമാക്കി. മടി മുറിച്ചു കൊണ്ടാണ് സിപിഒ റാങ്ക് ഹോൾഡേഴ്‌സ് സർക്കാരിനെതിരെയുള്ള പ്രതിഷേധം അറിയിച്ചത്.

തിരുവനന്തപുരം: കോവിഡ് പ്രതിരോധ വാക്സിന്റെ രണ്ടു ഡോസും സ്വീകരിച്ചവർക്ക് ഇളവുകൾ നൽകുന്ന കാര്യം പരിഗണനയിൽ. നീണ്ടു പോകുന്ന ലോക്ക് ഡൗൺ ജനജീവിതം ദുരിതത്തിലാക്കിയിരിക്കുകയാണെന്ന വിമർശനം ഉയരുന്ന സാഹചര്യത്തിലാണ് രണ്ട് ഡോസ് കോവിഡ് വാക്‌സിൻ സ്വീകരിച്ചവർക്ക് ഇളവുകൾ നൽകാൻ സർക്കാർ തീരുമാനിച്ചത്. ടി.പി.ആർ. അടിസ്ഥാനമാക്കിയുള്ള ലോക്ക്ഡൗൺ അനിശ്ചിതമായി തുടരുന്നത് രോഗവ്യാപനത്തിനു മറുമരുന്നല്ലെന്ന രീതിയിലും വാദങ്ങൾ ഉയരുന്നുണ്ട്.

കോവിഡ് വ്യാപനം നിയന്ത്രണത്തിനായി ബദൽ മാർഗം കണ്ടെത്തണമെന്ന മുഖ്യമന്ത്രി നിർദേശം കൂടി കണക്കിലെടുത്ത് നാളെ ചേരുന്ന ഉന്നതതല സമിതി യോഗത്തിൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകും. രണ്ടു ഡോസ് വാക്‌സിൻ കുത്തിവയ്പ്പ് എടുത്തവരുടെ വ്യാപാര സ്ഥാപനങ്ങൾ തുറക്കാൻ അനുവദിക്കാനും രണ്ടു കുത്തിവയ്പ്പ് എടുത്തവർക്കു തടസമില്ലാതെ കടകളിലേക്കു വരാനും അവസരമൊരുക്കാനാണ് ആലോചന.

കടയുടമ വാക്സിനെടുത്തതിന്റെ സർട്ടിഫിക്കറ്റ് കടകളിൽ പ്രദർശിപ്പിക്കണം. സാധനം വാങ്ങാനെത്തുന്നവരുടെ കൈവശമോ മൊബൈൽ ഫോണിലോ വാക്സിനേഷൻ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. ലോക്ക്ഡൗൺ മൂലമുള്ള പ്രതിസന്ധിക്ക് ഇതിലൂടെ പരിഹാരമാകുമെന്നാണ് വിലയിരുത്തൽ. വാക്സിനെടുക്കാത്തവർ ആൾക്കൂട്ടത്തിലേക്കു വന്നാൽ നടപടിയുണ്ടായേക്കുമെന്നും വിലയിരുത്തപ്പെടുന്നു.

ആലപ്പുഴ: കുട്ടനാട്ടിലെ കർഷകർ ദുരിതത്തിൽ. മടവീഴ്ചയെ തുടർന്ന് നശിച്ച നെൽകൃഷിക്ക് ഇൻഷുറൻസ് തുക കിട്ടാതെ വന്നതോടെയാണ് കർഷകർ പ്രതിസന്ധിയിലായത്. പ്രധാനമന്ത്രി ഫസൽ ബീമാ യോജന പദ്ധതി പ്രകാരം ഇൻഷുർ ചെയ്ത കർഷകരാണ് സാമ്പത്തിക സഹായം ലഭിക്കാതെ വഞ്ചിക്കപ്പെട്ടത്. ചമ്പക്കുളം പഞ്ചായത്തിൽ മാത്രം 1229 കർഷകർക്കാണ് ഇൻഷുറൻസ് തുക ലഭിക്കാത്തത്. കഴിഞ്ഞ വർഷം മടവീഴ്ച്ചയിലും വെള്ളപ്പൊക്കത്തിലും കൃഷി നശിച്ച കർഷകരാണിവർ.

ചമ്പക്കുളം പഞ്ചായത്തിലാണ് ഏറ്റവും കൂടുതൽ പേർക്ക് സഹായം ലഭിക്കാനുള്ളത്. കഴിഞ്ഞ വർഷം ചമ്പക്കുളത്തെ 24 പാടശേഖരങ്ങളിൽ 21 ലും വെളളം കയറുകയും കൃഷി നശിക്കുകയും ചെയ്തിരുന്നു. അതേസമയം നഷ്ടപരിഹാരം കണക്കാക്കിയ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസും ഇൻഷുറൻസ് കമ്പനിയുമായുളള ഒത്തുകളിയാണ് തങ്ങൾക്ക് സഹായം നിഷേധിക്കാൻ കാരണമെന്നാണ് കർഷകർ പറയുന്നത്. സഹായം ലഭിച്ചില്ലെങ്കിൽ നിയമ നടപടികളുമായി മുന്നോട്ട് പോകാനാണ് പാടശേഖര സമിതികളുടെ തീരുമാനം. പ്രശ്‌ന പരിഹാരത്തിന് ഇൻഷുറൻസ് കമ്പനിയുമായി ചർച്ച നടത്തുമെന്ന് ജില്ലാ കളക്ടർ വ്യക്തമാക്കി.

കൊച്ചി: മഴുവന്നൂരിൽ ട്വന്റി ട്വന്റി പാർട്ടിയിൽ നിന്നും പ്രവർത്തകരുടെ കൂട്ടരാജി. മഴുവന്നൂർ പഞ്ചായത്തിൽ പാർട്ടിയുടെ പ്രവർത്തനങ്ങൾ കാര്യക്ഷമമല്ലെന്ന് ആരോപിച്ച് മുപ്പതോളം പ്രവർത്തകരാണ് രാജിവെച്ചത്. ഇതോടെ പുതിയ കരുനീക്കങ്ങളുമായി സിപിഎം രംഗത്തെത്തി. ട്വന്റി 20 യിൽ നിന്ന് രാജിവെച്ചവരെ ഒപ്പം നിർത്താനാണ് സിപിഎമ്മിന്റെ പദ്ധതിയിടുന്നത്.

പാർട്ടിയുടെ പ്രവർത്തനത്തിൽ അസംതൃപ്തരായ പ്രവർത്തകരെ ഒപ്പം നിർത്തുന്നതിനുള്ള തന്ത്രങ്ങളാണ് സിപിഎം മെനയുന്നത്. ട്വന്റി ട്വന്റിയിൽ നിന്നും രാജിവെച്ച് എത്തുന്നവരെ നാളെ ഔദ്യോഗികമായി പാർട്ടി അംഗത്വം നൽകി സ്വീകരിക്കാനാണ് സിപിഎമ്മിന്റെ പദ്ധതി. അതേസമയം ട്വന്റി ട്വിന്റിയിൽ നിന്നും രാജിവെച്ച പ്രവർത്തകരെ പാർട്ടിയിലെത്തിക്കാനായുള്ള ശ്രമങ്ങൾ കോൺഗ്രസും ബിജെപിയും നടത്തുന്നുണ്ട്.

ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ട്വന്റി ട്വന്റിയ്ക്ക് മഴുവന്നൂർ പഞ്ചായത്തിൽ മികച്ച നേട്ടമാണ് ലഭിച്ചത്. പഞ്ചായത്തിലെ 19 വാർഡുകളിൽ 14 എണ്ണത്തിലും വിജയിച്ചത് ട്വന്റി ട്വിന്റി സ്ഥാനാർത്ഥികകളാണ് ഇതോടെ പഞ്ചായത്തിൽ ഒറ്റയ്ക്ക് ട്വന്റി ട്വന്റി ഭരണം പിടിച്ചെടുത്തു. കുടിവെള്ളം, വൈദ്യുതി, ഭക്ഷ്യ സുരക്ഷ മാർക്കറ്റ് തുടങ്ങിയവ ആയിരുന്നു ട്വന്റി20 മുന്നോട്ട് വെച്ചിരുന്ന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ. എന്നാൽ ഇതിൽ ഒന്നുപോലും നടപ്പാക്കാനുള്ള നടപടികൾ ഇതുവരെയും ഉണ്ടായിട്ടില്ലെന്നാണ് രാജിവെച്ച പ്രവർത്തകരുടെ ആരോപണം. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം വാർഡ് തല കമ്മിറ്റികൾ പോലും ചേർന്നിട്ടില്ലെന്നും അതിനാൽ തങ്ങളുടെ അഭിപ്രായങ്ങൾ പറയുന്നതിന് ഒരു വേദി ഇല്ലെന്നും ഇവർ പറയുന്നു.

എന്നാൽ ഒന്നോ രണ്ടോ പ്രവർത്തകർ മാത്രമാണ് രാജി വെച്ചതെന്നും കൂടുതൽ പേർ പാർട്ടി വിട്ടു പോകില്ലെന്നുമാണ് ട്വന്റി ട്വന്റിയുടെ വിശദീകരണം.

ന്യൂഡൽഹി: കോവിഡ് വാക്‌സിനേഷനുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധി എംപിയ്ക്ക് മറുപടി നൽകി കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ. ജൂലൈ മാസത്തിൽ മാത്രം രാജ്യത്ത് 13 കോടിയിലേറെ ഡോസ് വാക്‌സിനുകൾ വിതരണം ചെയ്തുവെന്ന് അദ്ദേഹം വ്യക്തമാക്കി. രാജ്യത്ത് വാക്‌സിൻ അപര്യാപ്തമാണെന്ന രാഹുൽ ഗാന്ധിയുടെ പരാർശത്തിനെതിരെയായിരുന്നു അദ്ദേഹത്തിന്റെ മറുപടി. രാഹുൽ ഗാന്ധിയുടെ ട്വീറ്റ് റീട്വീറ്റ് ചെയ്തു കൊണ്ടായിരുന്നു അദ്ദേഹം മറുപടി നൽകിയത്.

‘ജൂലായ് കഴിഞ്ഞു, വാക്‌സിൻ ക്ഷാമം ഇനിയും അവസാനിച്ചിട്ടില്ല’ എന്ന അടിക്കുറിപ്പോടെ വിവിധ പത്രക്കട്ടിങ്ങുകൾ അടങ്ങിയ ഒരു വീഡിയോയാണ് രാഹുൽ ഗാന്ധി തന്റെ ട്വിറ്ററിലൂടെ പങ്കുവെച്ചിരുന്നത്. നിലവിൽ രാജ്യത്ത് വാക്‌സിനേഷൻ വളരെ വേഗത്തിൽ തന്നെ നടന്നു കൊണ്ടിരിക്കുകയാണെന്ന് ആരോഗ്യമന്ത്രി വിശദമാക്കി. ഈ നേട്ടം കൈവരിച്ചത് ആരോഗ്യപ്രവർത്തകരുടെ കഴിവു കൊണ്ടാണെന്നും ഇതിൽ അഭിമാനിക്കുന്നുവെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. നിങ്ങളുടെ രാജ്യത്തെക്കുറിച്ച് നിങ്ങളും അഭിമാനിക്കണമെന്നും മൻസുഖ് മാണ്ഡവ്യ രാഹുൽ ഗാന്ധിയുടെ ട്വീറ്റ് റീട്വീറ്റ് ചെയ്തു കൊണ്ട് പറഞ്ഞു.

ജൂലായ് മാസത്തിൽ മാത്രം 13 കോടി വാക്‌സിനുകളാണ് രാജ്യത്ത് വിതരണം ചെയ്തത്. ജൂലായിൽ വാക്സിനെടുത്ത 13 കോടി പേരിൽ ഒരാളാണ് നിങ്ങളെന്ന് പറയുന്നത് കേട്ടു. പക്ഷെ വാക്സിൻ എടുത്തതിന് ശേഷം നിങ്ങൾ രാജ്യത്തെ ശാസ്ത്രജ്ഞരെക്കുറിച്ച് ഒന്നും പറയുകയോ വാക്സിൻ സ്വീകരിക്കാൻ രാജ്യത്തെ പൗരന്മാരോട് അഭ്യർത്ഥിക്കുകയോ ചെയ്തില്ല. ഇതിനർത്ഥം വാക്സിൻ വിഷയം നിങ്ങൾ രാഷ്ട്രീവത്കരിക്കുന്നുവെന്നാണെന്നും അദ്ദേഹം ആരോപിച്ചു. രാജ്യത്ത് നിലവിൽ വാക്സിനുകൾക്ക് ക്ഷാമമില്ല. പക്ഷെ നിങ്ങൾക്ക് തീർച്ചയായും പക്വതക്കുറവുണ്ടെന്നും അദ്ദേഹം പരിഹസിച്ചു.

veena

തിരുവനന്തപുരം: കേന്ദ്ര ആരോഗ്യ മന്ത്രിയ്ക്ക് കത്തയച്ച് സംസ്ഥാന ആരോഗ്യ മന്ത്രി വീണാ ജോർജ്. കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ പ്രവാസികളനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് വീണാ ജോർജ് കേന്ദ്ര ആരോഗ്യ മന്ത്രിയ്ക്ക് കത്തയച്ചത്. കോവിഡ് വാക്‌സിനേഷൻ സർട്ടിഫിക്കറ്റിലെ വിവിധ പ്രശ്നങ്ങൾ കാരണം സംസ്ഥാനത്തെ ധാരാളം വിദ്യാർത്ഥികളും വിദേശത്ത് ജോലി ചെയ്യുന്നവരും ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടെന്ന് കത്തിൽ വ്യക്തമാക്കുന്നു.

പല വിദേശ രാജ്യങ്ങൾ കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ പല വിവരങ്ങളാണ് ചോദിക്കുന്നത്. അതിനാൽ നിലവിലെ സർട്ടിഫിക്കറ്റിൽ കോവിഷീൽഡ് ആസ്ട്രാസെനെക്ക/ ഓക്സ്ഫോർഡ് നാമകരണവും ജനന തീയതിയുമുള്ള സർട്ടിഫിക്കറ്റ് കോവിൻ പോർട്ടലിലൂടെ ലഭ്യമാക്കേണ്ടതാണ്. ഈ സർട്ടിഫിക്കറ്റിന് മതിയായ വിവരങ്ങൾ നൽകുന്നതിനുള്ള എഡിറ്റ് ഓപ്ഷൻ സംസ്ഥാന തലത്തിൽ നൽകണമെന്നും മന്ത്രി കത്തിൽ അഭ്യർത്ഥിക്കുന്നു.

വാക്സിൻ സർട്ടിഫിക്കറ്റിൽ പാസ്പോർട്ട് നമ്പരും ഓക്സ്ഫോർഡ്/ ആസ്ട്രാസെനെക്ക എന്നും രേഖപ്പെടുത്താൻ ചില രാജ്യങ്ങൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അതിനുള്ള സൗകര്യം കോവിൻ പോർട്ടലിൽ നേരത്തെ ഇല്ലായിരുന്നു. കൂടാതെ വാക്സിൻ രണ്ട് ഡോസുകൾക്കിടയിലുള്ള കാലയളവ് കൂടുതലായതിനാൽ പല പ്രവാസികളേയും ബാധിച്ചിരുന്നു. അവരുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിന് വേണ്ടി 2021 മേയ് 21 മുതൽ, വിദേശത്തേക്ക് പോകുന്ന ആളുകൾക്ക് സംസ്ഥാനം വാക്സിനേഷൻ സർട്ടിഫിക്കറ്റുകൾ നൽകിയിരുന്നു. എന്നാൽ പിന്നീട് കേന്ദ്ര സർക്കാർ അതേ വ്യവസ്ഥകൾ സ്വീകരിച്ച് ചില മാറ്റങ്ങൾ കോവിൻ പോർട്ടലിൽ ഉൾപ്പെടുത്തി. ഈ കാലയളവിൽ കോവിൻ പോർട്ടലിൽ രേഖപ്പെടുത്താൻ കഴിയാത്ത ഡേറ്റ രേഖപ്പെടുത്താൻ കോവിൻ പോർട്ടലിൽ സൗകര്യമൊരുക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.

ന്യൂഡൽഹി: ജൂലൈ മാസത്തിൽ രാജ്യത്ത് യുപിഐ വഴി നടന്നത് റെക്കോർഡ് ഇടപാടുകൾ. യുപിഐ വഴിയുള്ള ഇടപാടുകളുടെ എണ്ണത്തിലും മൂല്യത്തിലും വലിയ വർധനവാണ് ജൂലൈ മാസം രേഖപ്പെടുത്തിയിരിക്കുന്നത്. 3.24 ബില്യൺ ഇടപാടുകളാണ് ജൂലൈയിൽ യുപിഐ വഴി നടന്നത്. ജൂൺ മാസത്തെ അപേക്ഷിച്ച് 15.7 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്.

6.06 ലക്ഷം കോടി രൂപയാണ് ജൂലൈയിൽ നടന്ന ഇടപാടുകളുടെ ആകെ മൂല്യം. ഇത് ജൂണിൽ നടന്ന ഇടപാടുകളുടെ മൂല്യത്തേക്കാൾ 10.76 ശതമാനം അധികമാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

2016 ലാണ് രാജ്യത്ത് യുപിഐ ഇടപാടുകൾക്ക് തുടക്കം കുറിച്ചത്. 2019 ഒക്ടോബറിൽ ഒരു ബില്യൺ ഇടപാടുകളെന്ന നാഴികക്കല്ല് യുപിഐ പിന്നിട്ടു. 2020 ഒക്ടോബറിൽ രണ്ട് ബില്യൺ ഇടപാടെന്ന നേട്ടം സ്വന്തമാക്കി. ജൂണിൽ 2.8 ബില്യൺ ഇടപാടുകളിലായി 5.47 ലക്ഷം കോടി രൂപയാണ് യുപിഐ മുഖേന കൈമാറ്റം ചെയ്യപ്പെട്ടത്. മെയ് മാസത്തെ അപേക്ഷിച്ച് 11.56 ശതമാനം വർധനവായിരുന്നു രേഖപ്പെടുത്തിയത്.