പകർച്ചവ്യാധിയെ പ്രതിരോധിക്കുന്നതിന്റെ വിജയ സൂചകമായി മരണനിരക്കിനെ പരിഗണിക്കുന്നത് ശരിയല്ല; വിമർശനവുമായി ശ്രീജിത്ത് പണിക്കർ

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് കണക്കുകളെ കുറിച്ച് വ്യക്തമാക്കി ആരോഗ്യ മന്ത്രി വീണാ ജോർജ് ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിനെതിരെ വിമർശനവുമായി രാഷ്ട്രീയ നിരീക്ഷൻ ശ്രീജിത്ത് പണിക്കർ. കേരളത്തിൽ മരണ നിരക്ക് കുറവാണെന്നും കാര്യങ്ങൾ ശുഭമാണെന്നുമുള്ള മന്ത്രിയുടെ പരാമർശത്തെ വിമർശിച്ചാണ് അദ്ദേഹം രംഗത്തെത്തിയത്. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

മരുന്നില്ലാത്ത ഒരു പകർച്ചവ്യാധിയെ പ്രതിരോധിക്കുന്നതിന്റെ വിജയ സൂചകമായി മരണനിരക്കിനെ പരിഗണിക്കുന്നത് ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെയെങ്കിൽ നിപ്പാ പ്രതിരോധത്തിൽ കേരളം പരാജയപ്പെട്ടു എന്ന് പറയേണ്ടിവരും. രോഗം ബാധിച്ച 19 ൽ 17 പേരും അന്ന് മരണപ്പെട്ടിരുന്നു. മരണനിരക്ക് ഏതാണ്ട് 90%. അതിനർത്ഥം നാം നിപ്പാ പ്രതിരോധത്തിൽ പരാജയപ്പെട്ടു എന്നാണോവെന്ന് അദ്ദേഹം ചോദിച്ചു.

എന്തൊക്കെ വാദങ്ങളാണ് കഴിഞ്ഞ ഒരു വർഷമായി കേരളം പറയുന്നത്. കോണ്ടാക്ട് ട്രേസിങ് ആണ് നേട്ടമെന്ന് ആദ്യം പറഞ്ഞു. പിന്നീട് രോഗവ്യാപനം കുറച്ചെന്ന് പറഞ്ഞു. അതിനു ശേഷം മരണങ്ങളുടെ എണ്ണം കുറവെന്നും പറഞ്ഞു. പോസിറ്റിവിറ്റി കുറവെന്നായിരുന്നു പിന്നീടുള്ള അവകാശവാദം. തുടർന്ന് മരണനിരക്കാണ് കുറവെന്ന് അഭിപ്രായപ്പെട്ടു. ടെസ്റ്റിന്റെ എണ്ണമെന്നും കൃത്യതയെന്നുമുള്ള വാദത്തിന് ശേഷം സെറോപ്രിവലൻസ് ശതമാനമാണെന്നായിരുന്ന വാദവുമായി എത്തി. ആസാമിന്റെ ഉദാഹരണം കാണിച്ചപ്പോൾ ജനസാന്ദ്രതയാണ് പ്രധാനമെന്നായി ഏറ്റവും പുതിയ വാദം. പലതവണ മാറ്റിയ നമ്മുടെ ഗോൾ പോസ്റ്റ് ഇപ്പോൾ ഗ്രൗണ്ടിലല്ല, ഗ്യാലറിയിലാണെന്ന് ശ്രീജിത്ത് പണിക്കർ പരിഹസിച്ചു.

ഇനിയെങ്കിലും ശാസ്ത്രീയമായ നടപടികൾ മാത്രം സ്വീകരിക്കുകമെന്നും യുക്തിസഹമായ വാദങ്ങൾ മാത്രം നിരത്തമെന്നും അദ്ദേഹം സർക്കാരിനോട് അഭ്യർത്ഥിച്ചു. കോവിഡ് പ്രതിരോധം എന്നത് ഒരു ഒളിമ്പിക്‌സ് മത്സരയിനം അല്ലെന്നും മറ്റെല്ലാ സംസ്ഥാനങ്ങളെയും തോല്പിച്ച് നമ്പർ വൺ ആയിട്ട് നേടാനും മാത്രം കപ്പൊന്നും ബാക്കിയില്ലെന്നും അദ്ദേഹം വിമർശിച്ചു.