ന്യൂഡൽഹി: ജൂലൈ മാസത്തിൽ രാജ്യത്ത് യുപിഐ വഴി നടന്നത് റെക്കോർഡ് ഇടപാടുകൾ. യുപിഐ വഴിയുള്ള ഇടപാടുകളുടെ എണ്ണത്തിലും മൂല്യത്തിലും വലിയ വർധനവാണ് ജൂലൈ മാസം രേഖപ്പെടുത്തിയിരിക്കുന്നത്. 3.24 ബില്യൺ ഇടപാടുകളാണ് ജൂലൈയിൽ യുപിഐ വഴി നടന്നത്. ജൂൺ മാസത്തെ അപേക്ഷിച്ച് 15.7 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്.
6.06 ലക്ഷം കോടി രൂപയാണ് ജൂലൈയിൽ നടന്ന ഇടപാടുകളുടെ ആകെ മൂല്യം. ഇത് ജൂണിൽ നടന്ന ഇടപാടുകളുടെ മൂല്യത്തേക്കാൾ 10.76 ശതമാനം അധികമാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
2016 ലാണ് രാജ്യത്ത് യുപിഐ ഇടപാടുകൾക്ക് തുടക്കം കുറിച്ചത്. 2019 ഒക്ടോബറിൽ ഒരു ബില്യൺ ഇടപാടുകളെന്ന നാഴികക്കല്ല് യുപിഐ പിന്നിട്ടു. 2020 ഒക്ടോബറിൽ രണ്ട് ബില്യൺ ഇടപാടെന്ന നേട്ടം സ്വന്തമാക്കി. ജൂണിൽ 2.8 ബില്യൺ ഇടപാടുകളിലായി 5.47 ലക്ഷം കോടി രൂപയാണ് യുപിഐ മുഖേന കൈമാറ്റം ചെയ്യപ്പെട്ടത്. മെയ് മാസത്തെ അപേക്ഷിച്ച് 11.56 ശതമാനം വർധനവായിരുന്നു രേഖപ്പെടുത്തിയത്.

