തിരുവനന്തപുരം: പി.എസ്.സി. റാങ്ക് ലിസ്റ്റുകളുടെ കാലാവധി ഒരു കാരണവശാലും നീട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഷാഫി പറമ്പിൽ എംഎൽഎയുടെ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നൽകവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധിക്കുള്ളിൽ ലഭ്യമാകുന്ന മുഴുവൻ ഒഴിവുകളിലും നിയമനം നടത്തുകയെന്നതാണ് സർക്കാരിന്റെ പ്രഖ്യാപിതനയം. ഇതിനാവശ്യമായ സത്വര നടപടികൾ സർക്കാരും നിയമനാധികാരികളും പബ്ലിക് സർവ്വീസ് കമ്മീഷനും സ്വീകരിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
റിക്രൂട്ട്മെന്റ്, പിഎസ്സി പരീക്ഷ നടത്തിപ്പ്, റാങ്ക്ലിസ്റ്റ് തയ്യാറാക്കൽ, റാങ്ക്ലിസ്റ്റുകളുടെ കാലാവധി, ഉദ്യോഗാർത്ഥികളെ ശുപാർശ ചെയ്യൽ തുടങ്ങിയവ പി.എസ്.സി.യുടെ ഭരണഘടനാദത്തമായ അധികാര പരിധിയിലാണ്. ഇക്കാര്യങ്ങൾ കേരള പബ്ലിക് സർവീസ് കമ്മീഷൻ റൂൾസ് ഓഫ് പ്രൊസിജ്യുറിലാണ് വ്യവസ്ഥ ചെയ്യുന്നത്. ഇതിൽ ചട്ടം 13 ആണ് പി.എസ്.സി. റാങ്ക്ലിസ്റ്റുകളുടെ കാലാവധി പരാമർശിക്കുന്നത്. സാധാരണ ഗതിയിൽ ഒരു പി.എസ്.സി. റാങ്ക്ലിസ്റ്റിന്റെ കാലാവധി ഒരു വർഷമാണ്. ഒരു വർഷത്തിനിടയിൽ പുതിയ റാങ്ക് ലിസ്റ്റ് നിലവിൽ വന്നിട്ടില്ലെങ്കിൽ പുതിയ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതുവരെയോ, മൂന്നു വർഷമോ ഏതാണോ ആദ്യം അതുവരെ റാങ്ക് ലിസ്റ്റിന് കാലാവധിയുണ്ടാവും. ഈ വ്യവസ്ഥ യൂണിഫോമ്ഡ് ഫോർസിന് ബാധകമല്ല. ഓഗസ്റ്റ് 4 ന് അവസാനിക്കുന്ന എല്ലാ റാങ്കുലിസ്റ്റുകളും മൂന്നു വർഷത്തെ കാലാവധി കഴിഞ്ഞവയാണെന്ന് അദ്ദേഹം വിശദമാക്കി.
കോവിഡ് വ്യാപനത്തെ തുടർന്ന് യഥാസമയം മത്സര പരീക്ഷകൾ നടത്താൻ പി.എസ്.സി.ക്ക് കഴിയാത്ത സാഹചര്യമുണ്ടായി. എന്നാൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിനെയും നിയമന ശിപാർശ നൽകുന്നതിനെയും ഇത് ബാധിക്കുന്നില്ല. കോവിഡ് സാഹചര്യത്തിൽ ഒഴിവുകൾ ഉണ്ടാകുന്ന കാര്യത്തിലോ, ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യുന്ന കാര്യത്തിലോ ഒരു തടസ്സവും ഉണ്ടായിട്ടില്ലെന്നും ഒഴിവുകൾ പി.എസ്.സി.ക്ക് റിപ്പോർട്ട് ചെയ്യാൻ സർക്കാർ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 05.02.2021 നും 03.08.2021-നുമിടയിൽ കാലാവധി പൂർത്തിയാകുന്ന വിവിധ റാങ്ക് ലിസ്റ്റുകളുടെ കാലാവധി 04.08.2021 വരെ ദീർഘിപ്പിച്ച് നൽകിയിട്ടുമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം മുഖ്യമന്ത്രിയുടെ വിശദീകരണത്തിന് പിന്നാലെ സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്യുന്ന ഉദ്യോഗാർത്ഥികൾ പ്രതിഷേധം ശക്തമാക്കി. മടി മുറിച്ചു കൊണ്ടാണ് സിപിഒ റാങ്ക് ഹോൾഡേഴ്സ് സർക്കാരിനെതിരെയുള്ള പ്രതിഷേധം അറിയിച്ചത്.

