കൊച്ചി: മഴുവന്നൂരിൽ ട്വന്റി ട്വന്റി പാർട്ടിയിൽ നിന്നും പ്രവർത്തകരുടെ കൂട്ടരാജി. മഴുവന്നൂർ പഞ്ചായത്തിൽ പാർട്ടിയുടെ പ്രവർത്തനങ്ങൾ കാര്യക്ഷമമല്ലെന്ന് ആരോപിച്ച് മുപ്പതോളം പ്രവർത്തകരാണ് രാജിവെച്ചത്. ഇതോടെ പുതിയ കരുനീക്കങ്ങളുമായി സിപിഎം രംഗത്തെത്തി. ട്വന്റി 20 യിൽ നിന്ന് രാജിവെച്ചവരെ ഒപ്പം നിർത്താനാണ് സിപിഎമ്മിന്റെ പദ്ധതിയിടുന്നത്.
പാർട്ടിയുടെ പ്രവർത്തനത്തിൽ അസംതൃപ്തരായ പ്രവർത്തകരെ ഒപ്പം നിർത്തുന്നതിനുള്ള തന്ത്രങ്ങളാണ് സിപിഎം മെനയുന്നത്. ട്വന്റി ട്വന്റിയിൽ നിന്നും രാജിവെച്ച് എത്തുന്നവരെ നാളെ ഔദ്യോഗികമായി പാർട്ടി അംഗത്വം നൽകി സ്വീകരിക്കാനാണ് സിപിഎമ്മിന്റെ പദ്ധതി. അതേസമയം ട്വന്റി ട്വിന്റിയിൽ നിന്നും രാജിവെച്ച പ്രവർത്തകരെ പാർട്ടിയിലെത്തിക്കാനായുള്ള ശ്രമങ്ങൾ കോൺഗ്രസും ബിജെപിയും നടത്തുന്നുണ്ട്.
ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ട്വന്റി ട്വന്റിയ്ക്ക് മഴുവന്നൂർ പഞ്ചായത്തിൽ മികച്ച നേട്ടമാണ് ലഭിച്ചത്. പഞ്ചായത്തിലെ 19 വാർഡുകളിൽ 14 എണ്ണത്തിലും വിജയിച്ചത് ട്വന്റി ട്വിന്റി സ്ഥാനാർത്ഥികകളാണ് ഇതോടെ പഞ്ചായത്തിൽ ഒറ്റയ്ക്ക് ട്വന്റി ട്വന്റി ഭരണം പിടിച്ചെടുത്തു. കുടിവെള്ളം, വൈദ്യുതി, ഭക്ഷ്യ സുരക്ഷ മാർക്കറ്റ് തുടങ്ങിയവ ആയിരുന്നു ട്വന്റി20 മുന്നോട്ട് വെച്ചിരുന്ന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ. എന്നാൽ ഇതിൽ ഒന്നുപോലും നടപ്പാക്കാനുള്ള നടപടികൾ ഇതുവരെയും ഉണ്ടായിട്ടില്ലെന്നാണ് രാജിവെച്ച പ്രവർത്തകരുടെ ആരോപണം. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം വാർഡ് തല കമ്മിറ്റികൾ പോലും ചേർന്നിട്ടില്ലെന്നും അതിനാൽ തങ്ങളുടെ അഭിപ്രായങ്ങൾ പറയുന്നതിന് ഒരു വേദി ഇല്ലെന്നും ഇവർ പറയുന്നു.
എന്നാൽ ഒന്നോ രണ്ടോ പ്രവർത്തകർ മാത്രമാണ് രാജി വെച്ചതെന്നും കൂടുതൽ പേർ പാർട്ടി വിട്ടു പോകില്ലെന്നുമാണ് ട്വന്റി ട്വന്റിയുടെ വിശദീകരണം.

