രാജ്യത്ത് വാക്‌സിൻ ക്ഷാമമില്ല: പക്ഷെ നിങ്ങൾക്ക് പക്വത കുറവുണ്ട്; രാഹുൽ ഗാന്ധിയ്ക്ക് മറുപടിയുമായി ആരോഗ്യമന്ത്രി

ന്യൂഡൽഹി: കോവിഡ് വാക്‌സിനേഷനുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധി എംപിയ്ക്ക് മറുപടി നൽകി കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ. ജൂലൈ മാസത്തിൽ മാത്രം രാജ്യത്ത് 13 കോടിയിലേറെ ഡോസ് വാക്‌സിനുകൾ വിതരണം ചെയ്തുവെന്ന് അദ്ദേഹം വ്യക്തമാക്കി. രാജ്യത്ത് വാക്‌സിൻ അപര്യാപ്തമാണെന്ന രാഹുൽ ഗാന്ധിയുടെ പരാർശത്തിനെതിരെയായിരുന്നു അദ്ദേഹത്തിന്റെ മറുപടി. രാഹുൽ ഗാന്ധിയുടെ ട്വീറ്റ് റീട്വീറ്റ് ചെയ്തു കൊണ്ടായിരുന്നു അദ്ദേഹം മറുപടി നൽകിയത്.

‘ജൂലായ് കഴിഞ്ഞു, വാക്‌സിൻ ക്ഷാമം ഇനിയും അവസാനിച്ചിട്ടില്ല’ എന്ന അടിക്കുറിപ്പോടെ വിവിധ പത്രക്കട്ടിങ്ങുകൾ അടങ്ങിയ ഒരു വീഡിയോയാണ് രാഹുൽ ഗാന്ധി തന്റെ ട്വിറ്ററിലൂടെ പങ്കുവെച്ചിരുന്നത്. നിലവിൽ രാജ്യത്ത് വാക്‌സിനേഷൻ വളരെ വേഗത്തിൽ തന്നെ നടന്നു കൊണ്ടിരിക്കുകയാണെന്ന് ആരോഗ്യമന്ത്രി വിശദമാക്കി. ഈ നേട്ടം കൈവരിച്ചത് ആരോഗ്യപ്രവർത്തകരുടെ കഴിവു കൊണ്ടാണെന്നും ഇതിൽ അഭിമാനിക്കുന്നുവെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. നിങ്ങളുടെ രാജ്യത്തെക്കുറിച്ച് നിങ്ങളും അഭിമാനിക്കണമെന്നും മൻസുഖ് മാണ്ഡവ്യ രാഹുൽ ഗാന്ധിയുടെ ട്വീറ്റ് റീട്വീറ്റ് ചെയ്തു കൊണ്ട് പറഞ്ഞു.

ജൂലായ് മാസത്തിൽ മാത്രം 13 കോടി വാക്‌സിനുകളാണ് രാജ്യത്ത് വിതരണം ചെയ്തത്. ജൂലായിൽ വാക്സിനെടുത്ത 13 കോടി പേരിൽ ഒരാളാണ് നിങ്ങളെന്ന് പറയുന്നത് കേട്ടു. പക്ഷെ വാക്സിൻ എടുത്തതിന് ശേഷം നിങ്ങൾ രാജ്യത്തെ ശാസ്ത്രജ്ഞരെക്കുറിച്ച് ഒന്നും പറയുകയോ വാക്സിൻ സ്വീകരിക്കാൻ രാജ്യത്തെ പൗരന്മാരോട് അഭ്യർത്ഥിക്കുകയോ ചെയ്തില്ല. ഇതിനർത്ഥം വാക്സിൻ വിഷയം നിങ്ങൾ രാഷ്ട്രീവത്കരിക്കുന്നുവെന്നാണെന്നും അദ്ദേഹം ആരോപിച്ചു. രാജ്യത്ത് നിലവിൽ വാക്സിനുകൾക്ക് ക്ഷാമമില്ല. പക്ഷെ നിങ്ങൾക്ക് തീർച്ചയായും പക്വതക്കുറവുണ്ടെന്നും അദ്ദേഹം പരിഹസിച്ചു.