General (Page 1,457)

ന്യൂഡൽഹി: ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് എംപി ശശി തരൂർ. ഏകപക്ഷീയമായ അഭിപ്രായങ്ങൾ പ്രഖ്യാപിച്ചുകൊണ്ട് ബിജെപി ജനാധിപത്യത്തെ പരിഹസിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ബിജെപി ജനാധിപത്യത്തെ പരിഹസിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വാർത്താ ഏജൻസിയായ പിടിഐയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ശശി തരൂർ കേന്ദ്ര സർക്കാരിനും ബിജെപിക്കുമെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത്.

ഏകപക്ഷീയമായ അഭിപ്രായങ്ങൾ പ്രഖ്യാപിക്കാനുള്ള നോട്ടീസ് ബോർഡ് മാത്രമാണ് ബിജെപിക്ക് പാർലമെന്റ്. രാഷ്ട്രീയ അജണ്ടകൾക്ക് വേണ്ടി ജനാധിപത്യത്തിന്റെ പാർലമെന്റിനെ ബിജെപി റബർ സ്റ്റാമ്പാക്കി മാറ്റി. ജൂലായ് 28 നാണ് ഐ.ടി പാർലമെന്ററി സ്റ്റാന്റിങ് കമ്മിറ്റിയുടെ യോഗം അവസാനമായി ചേർന്നത്. അന്ന് ബിജെപി യോഗം അലങ്കോലമാക്കിയെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.

പെഗസസുമായി ബന്ധപ്പെട്ട ആരോപണങ്ങൾ ചർച്ച ചെയ്യേണ്ടതില്ലെന്നും ഉദ്യോഗസ്ഥരെ വിചാരണ ചെയ്യേണ്ടതില്ലെന്നുമായിരുന്നു ബിജെപി അംഗങ്ങൾ പറഞ്ഞിരുന്നത്. പാനൽ വിളിപ്പിച്ചിരുന്ന ഉദ്യോഗസ്ഥരോട് യോഗത്തിൽ ഹാജരാകേണ്ടതില്ലെന്ന് ബി.ജെ.പി നിർദേശം നൽകിയിരിക്കാമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അവസാന മിനിറ്റിൽ ഓരോ ഒഴിവുകഴിവുകൾ പറഞ്ഞായിരുന്നു ഉദ്യോഗസ്ഥർ മീറ്റിങ്ങിൽ നിന്നും ഒഴിവായതെന്നും ശശി തരൂർ പറഞ്ഞു.

കാൻബറ: പൂർണ്ണമായും കോവിഡ് മുക്തമായ രാജ്യം എന്ന ലക്ഷ്യത്തിലുറച്ച് ഓസ്‌ട്രേലിയ. ഇതിന്റെ ഭാഗമായി ലോകത്തിലെ തന്നെ ഏറ്റവും ശക്തമായ ലോക്ക്ഡൗൺ നടപ്പിലാക്കാനാണ് ഓസ്‌ട്രേലിയ തീരുമാനിച്ചിരിക്കുന്നത്. ഇതിന് വേണ്ടി സൈന്യത്തിന്റെ സഹായവും ഓസ്‌ട്രേലിയ തേടുന്നുണ്ട്.

സിഡ്‌നിയിലേക്ക് ലോക്ക്ഡൗൺ നടപ്പിലാക്കാൻ പട്ടാളത്തെ അയച്ചിരിക്കുകയാണ് ഓസ്‌ട്രേലിയൻ ഭരണകൂടം. സിഡ്‌നിയിലെ കുടിയേറ്റക്കാർ ഏറെയുള്ള ഭാഗങ്ങളിലും തെക്ക് വടക്കൻ ഭാഗങ്ങളിലും ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കാനാണ് നടപടി. ആളുകൾ വീടുകളിൽ നിന്നും പുറത്തിറങ്ങുന്നത് തടയുവാനായി 300 സൈനികരേയാണ് ഇവിടെ വിന്യസിച്ചിരിക്കുന്നത്. ഓസ്‌ട്രേലിയയിൽ കോവിഡ് വാക്‌സിൻ വിതരണം വളരെ കുറവാണ്. പ്രായപൂർത്തിയായവരിൽ 21 ശതമാനം പേർക്ക് മാത്രമാണ് ഓസ്‌ട്രേലിയയിൽ ഇതുവരെ രണ്ടു ഡോസ് വാക്‌സിനുകൾ ലഭിച്ചിരിക്കുന്നത്.

ദരിദ്ര വിഭാഗങ്ങൾ അധിവസിക്കുന്ന ഭാഗങ്ങളിൽ 13 ശതമാനം പേർക്ക് മാത്രമാണ് വാക്‌സിൻ നൽകിയിട്ടുള്ളത്. സമ്പന്നർ താമസിക്കുന്ന സ്ഥലങ്ങളിൽ ഇത് 25 ശതമാനം വരെയാണ്. പാവപ്പെട്ടവർ താമസിക്കുന്ന ഭാഗങ്ങളിൽ 90 ശതമാനത്തിലേറെ പേരും കുടിയേറ്റക്കാരാണ്. ഇന്റർനെറ്റ് സൗകര്യത്തിന്റെ കുറവ്, കുറഞ്ഞ വരുമാനം, ഭാഷാ പ്രശ്‌നം എന്നിവയാണ് ഇവിടെ വാക്‌സിൻ തോത് കുറയുന്നതിന്റെ കാരണമെന്നാണ് വിദഗ്ദർ പറയുന്നത്. ലോക്ക് ഡൗൺ കർശനമായി നടപ്പിലാക്കാൻ സൈന്യത്തെ വിന്യസിച്ചതിനെ അനുകൂലിച്ചും പ്രതികൂലിച്ചും സംസാരിക്കുന്നുവരുണ്ട്.

സ്വന്തം നാടുകളിലെ യുദ്ധ ദുരന്തങ്ങൾ ഏറെ അനുഭവിച്ച അഭയാർത്ഥികൾ താമസിക്കുന്ന ഇടങ്ങളിൽ സൈന്യത്തിന്റെ സാന്നിദ്ധ്യം ജനങ്ങളിൽ അസ്വസ്ഥത ജനിപ്പിക്കുമെന്നാണ് ഒരു വിഭാഗം ആരോപിക്കുന്നത്. രോഗത്തെ കുറിച്ച് കൂടുതൽ അവബോധം ഇല്ലാത്തവർ രോഗം മറ്റുള്ളവരിലേക്ക് പടർത്തുന്നത് തടയുവാൻ സൈന്യത്തിന്റെ സാന്നിദ്ധ്യം ആവശ്യമാണെന്നാണ് നടപടിയെ അനുകൂലിക്കുന്നവർ വിശദീകരിക്കുന്നത്.

മലപ്പുറം: വെല്ലുവിളികളെ അതിജീവിച്ച പ്രസ്താനമാണ് മുസ്ലീം ലീഗെന്ന് പി കെ കുഞ്ഞാലിക്കുട്ടി. കഴിഞ്ഞ ദിവസങ്ങളിലെ വിവാദം സിപിഎം സൃഷ്ടിച്ചതാണെന്ന് അദ്ദേഹം ആരോപിച്ചു. മുഈനലി വിഷയത്തിന് ശേഷം ആദ്യമായാണ് കുഞ്ഞാലിക്കുട്ടി പരസ്യ പ്രതികരണവുമായി രംഗത്തെത്തുന്നത്.

സർക്കാരിന്റെ മുസ്ലീം വിരുദ്ധ നിലപാടുകൾക്കെതിരെ ഉയർന്ന പ്രതിഷേധം മറികടക്കാനും ശ്രദ്ധ തിരിച്ചുവിടാനും വേണ്ടിയാണ് സിപിഎം ശ്രമിക്കുന്നതെന്നാണ് കുഞ്ഞാലിക്കുട്ടിയുടെ ആരോപണം. മുസ്ലിം ലീഗിനെ ഒറ്റപ്പെടുത്തി അക്രമിക്കാനുള്ള ശ്രമങ്ങളെ പാർട്ടി ഒറ്റക്കെട്ടായി ചെറുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ചന്ദ്രികയിലെ പണമിടപാടുമായി ബന്ധപ്പെട്ട് കെ.ടി. ജലീലിന്റെ വെളിപ്പെടുത്തലുകളാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. തുടർന്ന് കുഞ്ഞാലിക്കുട്ടിക്കെതിരെ മുഈനലി ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തി. മാനേജ്മെന്റ് വക്കീൽ വിളിച്ച വാർത്താ സമ്മേളനത്തിലായിരുന്നു മുഈനലിയുടെ പരാമർശങ്ങൾ. എന്നാൽ ഒരാവശ്യവുമില്ലാതെയാണ് മുഈനലി തങ്ങൾ വാർത്താസമ്മേളനത്തിൽ ഇരുന്നതെന്നാരോപിച്ച് ചിലർ രംഗത്തെത്തി വാർത്താ സമ്മേളനം തടസപ്പെടുത്തുകയായിരുന്നു.

കോട്ടയം: വൈദ്യുത വാഹനങ്ങൾക്കായി കോട്ടയം നഗരത്തിൽ ചാർജിംഗ് സ്‌റ്റേഷനുകൾ വരുന്നു. 3 ചാർജിങ് കേന്ദ്രങ്ങളാണ് നഗരത്തിലും പരിസരങ്ങളിലുമായി ആരംഭിക്കാനൊരുങ്ങുന്നത്. ശാസ്ത്രി റോഡിലെ ബേക്കർ ഹിൽ റോഡിനു സമീപം ഈസ്റ്റ് സെക്ഷൻ ഓഫിസ് പ്രവർത്തിക്കുന്ന വളപ്പ്, എംസി റോഡിൽ പള്ളം ഇലക്ട്രിക്കൽ സെക്ഷൻ വളപ്പ്, ഗാന്ധിനഗർ -മെഡിക്കൽ കോളേജ് റോഡരികിൽ ഗാന്ധിനഗർ സെക്ഷൻ ഓഫിസ് വളപ്പ് എന്നിവിടങ്ങളിലാണ് പരീക്ഷണാടിസ്ഥാനത്തിൽ ആദ്യ ഘട്ടമായി കെഎസ്ഇബിയുടെ ചാർജിങ് കേന്ദ്രങ്ങൾ സ്ഥാപിക്കുന്നത്. ഇതിനായുള്ള ടെൻഡർ നൽകിയിട്ടുണ്ട്.

ചാർജിംഗ് സ്‌റ്റേഷനുകളുടെ പ്രവർത്തനം ആറു മാസത്തിനുള്ളിൽ ആരംഭിക്കാനാണ് തീരുമാനം. ചാർജിങ് കേന്ദ്രങ്ങളുടെ നിർമാണത്തിനായി തറ നിരപ്പാക്കുന്ന ജോലികൾ കെഎസ്ഇബി ആരംഭിച്ചു കഴിഞ്ഞു. കഴിഞ്ഞ മാർച്ചിൽ ചാർജിങ് കേന്ദ്രം പ്രവർത്തന സജ്ജമാക്കും എന്നായിരുന്നു കരാർ. എന്നാൽ കോവിഡ് വൈറസ് വ്യാപനത്തെ തുടർന്ന് നടപടികൾ നീണ്ടു പോകുകയായിരുന്നു.

നിരത്തി സ്ഥലം ഒരുക്കുന്നതിനു 5 മുതൽ 10 ലക്ഷം രൂപ വരെയാണ് ചെലവ്. ചാർജിങ് കേന്ദ്രത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ സജ്ജമാക്കുന്നതിനു 20 ലക്ഷം രൂപ ചെലവാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 60 കെ ഡബ്ല്യു എ ട്രാൻസ്‌ഫോമറുകൾ ഓരോ കേന്ദ്രത്തിലും ഉണ്ട്. ഇത് കെഎസ്ഇബി ആണ് ലഭ്യമാക്കുന്നത്.

30 കെ ഡബ്ല്യു എ വൈദ്യുതി ചാർജ് ചെയ്യാൻ കഴിയുന്ന 2 കിയോസ്‌കുകൾ ചാർജിംഗ് കേന്ദ്രത്തിൽ ഉണ്ടാകും. 15 മീറ്റർ നീളത്തിലും 7 മീറ്റർ വീതിയിലും മേൽക്കൂര സജ്ജമാക്കുമെന്നും കെഎസ്ഇബി വൃത്തങ്ങൾ അറിയിച്ചു. ഒരു യൂണിറ്റിന് 5 രൂപ പ്രകാരമാണ് കെഎസ്ഇബി വാഹനങ്ങൾക്ക് വൈദ്യുതി ലഭ്യമാക്കുക. നിലവിലുള്ള കാറുകൾ പൂർണമായും ചാർജ് ചെയ്യണമെങ്കിലും ഒരു മണിക്കൂർ വരെ സമയം വേണ്ടിവരുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ദുബായ്: ഇന്ത്യയിൽ നിന്ന് കോവിഷീൽഡ് വാക്‌സിൻ കുത്തിവെയ്‌പ്പെടുത്തവർക്ക് തൽക്കാലത്തേക്ക് യുഎഇയിലേക്ക് പ്രവേശിക്കാൻ കഴിയില്ലെന്ന് വിമാന കമ്പനികൾ. യുഎഇയിൽ നിന്ന് കോവിഡ് വാക്‌സിന്റെ രണ്ട് ഡോസും സ്വീകരിച്ച താമസ വിസയുള്ളവർക്ക് മാത്രമേ നിലവിൽ രാജ്യത്തേക്ക് പ്രവേശനാനുമതി ഉള്ളൂവെന്ന് വിമാന കമ്പനികൾ അറിയിച്ചു.

എന്നാൽ ഈ തീരുമാനത്തിൽ ഏതു നിമിഷവും മാറ്റം വന്നേക്കാമെന്നും യുഎഇയിലെ വിമാനകമ്പനികളായ എമിറേറ്റ്‌സും ഇത്തിഹാദും വ്യക്തമാക്കി. ഇന്ത്യയിൽ നിന്ന് കോവിഷീൽഡ് വാക്‌സിനെടുത്ത യുഎഇ താമസ വിസയുള്ളവരുടെ സംശയങ്ങൾ വർധിച്ചതോടെയാണ് ഇക്കാര്യത്തിൽ വിശദീകരണവുമായി വിമാന കമ്പനികൾ രംഗത്തെത്തിയത്.

കൊച്ചി: രാജ്യത്ത് വിവാഹത്തിനും വിവാഹമോചനത്തിനുമായി ഏകീകൃത മതേതര നിയമം കൊണ്ടുവരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ഹൈക്കോടതി. കോഴിക്കോട് സ്വദേശികളായ ദമ്പതികളുടെ വിവാഹമോചനത്തിനെതിരായ അപ്പീൽ തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്. വിവാഹവും വിവാഹ മോചനവും ഇത്തരം ഏകീകൃത നിയമപ്രകാരം നടപ്പാക്കണമെന്ന് കോടതി വ്യക്തമാക്കി.

നിയമപരമായ ബന്ധം അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്ന പങ്കാളിയെ നിയമം സംരക്ഷിക്കണം. ഒരാൾക്ക് തന്റെ ഇഷ്ടപ്രകാരം പ്രവർത്തിക്കാൻ നിയമം അനുവദിക്കുമെങ്കിലും, വിവാഹമോ വേർപിരിയലോ അനുഭവിച്ച വ്യക്തിയുടെ നഷ്ടം നിയമത്തിന് അവഗണിക്കാനാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇത്തരം കാര്യങ്ങളിൽ ഇടപെടാനുള്ള സംസ്ഥാനത്തിന്റെ അവകാശത്തെക്കുറിച്ച് അഭിപ്രായപ്പെടുമ്പോൾ, ഒരു സുസ്ഥിരമായ കുടുംബം സംസ്ഥാനത്തിന്റെ ആത്യന്തിക സന്തോഷം ആണെന്ന് ഹൈക്കോടതി വിശദമാക്കി.

അതിനാൽ, പൊതുനന്മയിൽ സംസ്ഥാനത്തിന്റെ ഇടപെടലുണ്ടായാൽ വിവാഹമോചനങ്ങൾ വലിയ ഒരളവുവരെ നിയന്ത്രിക്കാൻ കഴിയും. ഒരു വ്യക്തിയുടെ ഉചിതമായ തീരുമാനങ്ങളുടെ പാത നിർണ്ണയിക്കുന്നതിനുള്ള നടപടികൾ ക്രമീകരിക്കുക എന്നതാണ് നിയമനിർമ്മാണത്തിന്റെ അടിസ്ഥാനപരമായ ദൗത്യമെന്നും കോടതി പറഞ്ഞു. പങ്കാളിയുടെ സമ്മതമില്ലാതെ ബലമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് വിവാഹമോചനത്തിന്റെ കാരണമായി കണക്കാക്കാമെന്നും കോടതി അറിയിച്ചു.

ന്യൂഡൽഹി: കേന്ദ്ര സർക്കാരിനെ പ്രശംസിച്ച് കോൺഗ്രസ് എംപി ശശി തരൂർ. ഇന്ത്യയുടെ വാക്സിനേഷൻ യജ്ഞത്തിന് ഉപയോഗിക്കുന്ന കോവിൻ പ്ലാറ്റ്‌ഫോമിനെയാണ് ശശി തരൂർ അഭിനന്ദിച്ചത്. വാക്‌സിൻ കുത്തിവെയ്പിനായി വ്യക്തികൾക്കും കുടുംബാംഗങ്ങൾക്കോ സ്ലോട്ട് ബുക്ക് ചെയ്യാനും വാക്സിനേഷൻ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാനും ഈ പ്ലാറ്റ്‌ഫോം സൗകര്യമൊരുക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഇതാദ്യമായല്ല ശശി തരൂർ കേന്ദ്രസർക്കാരിന്റെ പ്രവർത്തനങ്ങളെ അഭിനന്ദിക്കുന്നത്. ‘അർഹിക്കുമ്പോൾ ഞാൻ എല്ലായ്പ്പോഴും കേന്ദ്രസർക്കാരിനെ അംഗീകരിക്കുകയും അഭിനന്ദിക്കുകയും ചെയ്യാറുണ്ടെന്ന് ശശി തരൂർ ട്വിറ്ററിൽ കുറിച്ചു. കേന്ദ്ര സർക്കാർ മികച്ച ചില പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ടെന്ന് കോവിനെ നിരീക്ഷിക്കുന്ന ആളെന്ന നിലയിൽ ഞാൻ പറയുകയാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. കോവിൻ ആപ്പിന്റെ മറ്റ് സവിശേഷതകളെ കുറിച്ചും ശശി തരൂർ വിവരിക്കുന്നുണ്ട്. വിദേശയാത്രക്കാർക്ക് വാക്സിനേഷൻ സർട്ടിഫിക്കറ്റ് പാസ്പോർട്ടുമായി ബന്ധിപ്പിക്കാനും കോവിൻ വഴി കഴിയുമെന്നും ശശി തരൂർ പറഞ്ഞു. വ്യക്തിവിവരങ്ങൾ എഡിറ്റ് ചെയ്യാനും കോവിൻ പ്ലാറ്റ്‌ഫോമിലൂടെ സാധിക്കും.

ഡൗൺലോഡ് വാക്സിൻ സർട്ടിഫിക്കറ്റ് എന്നൊരു വാട്സ് ആപ്പ് സന്ദേശം 90131 51515-ലേക്ക് അയച്ച ശേഷം ഒടിപി സ്വീകരിച്ച് തിരികെ വാട്സ് ആപ്പിൽതന്നെ നിങ്ങളുടെ വാക്സിനേഷൻ സർട്ടിഫിക്കറ്റ് നേടാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

pinarayi

തിരുവനന്തപുരം: ടൂറിസം വകുപ്പ് ഇത്തവണ ഓണാഘോഷം വെർച്വലായി സംഘടിപ്പിക്കും. ടൂറിസം മന്ത്രി പി. എ മുഹമ്മദ് റിയാസാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് വൈറസ് വ്യാപനത്തിന്റെ സാഹചര്യത്തിൽ ഓണം വാരാഘോഷം നടത്താനാവാത്തതിനാൽ വെർച്വൽ ഓണാഘോഷം സംഘടിപ്പിക്കാൻ ടൂറിസം വകുപ്പ് തീരുമാനിച്ചത്.

വെർച്വൽ ഓണാഘോഷത്തിന്റെ ഔപചാരികമായ ഉദ്ഘാടനം ഓഗസ്റ്റ് 14 ന് വൈകിട്ട് ആറിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ടൂറിസം ഡെസ്റ്റിനേഷനുകൾ, കലാ സാംസ്‌കാരിക തനിമകൾ, ഭക്ഷണ വൈവിധ്യം എന്നിവയെ പരിചയപ്പെടുത്തുന്ന പരിപാടികൾ ദൃശ്യ മാദ്ധ്യമങ്ങളുടെ കൂടി സഹായത്തോടെ നടത്തും. വിശ്വമാനവികതയുടെ ലോക ഓണപ്പൂക്കളം എന്നതാണ് ഓണാഘോഷത്തിന്റെ ഭാഗമായി ടൂറിസം വകുപ്പ് ഇത്തവണ മുന്നോട്ടു വയ്ക്കുന്ന ആശയം. ലോകത്തെവിടെയുമുള്ള മലയാളികൾക്ക് തങ്ങളുടെ ഓണപ്പൂക്കളം ടൂറിസം വകുപ്പിന്റെ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ അപ്‌ലോഡ് ചെയ്യാനാവും. കേരളത്തിലെയും വിദേശങ്ങളിലെയും എൻട്രികൾക്ക് പ്രത്യേക സമ്മാനങ്ങളുണ്ടാകുമെന്ന് മന്ത്രി അറിയിച്ചു.

ടൂറിസം വകുപ്പിന്റെ വെബ്സൈറ്റിൽ രജിസ്ട്രേഷൻ സൗകര്യം ആഗസ്റ്റ് പത്തിന് ആരംഭിക്കും. പ്രവാസി മലയാളികളെക്കൂടി വെർച്വൽ ഓണാഘോഷത്തിൽ പങ്കാളികളാക്കും. വിവിധ വിദേശ മലയാളി സംഘടനകളുമായി ഇക്കാര്യം ചർച്ച ചെയ്തു വരികയാണെന്ന് മന്ത്രി വ്യക്തമാക്കി. ഡിജിറ്റൽ മാദ്ധ്യമങ്ങളുടെയും ടെലിവിഷൻ ചാനലുകളുടെയും സഹകരണത്തോടെ പാരമ്പര്യ കലകൾക്ക് പ്രാധാന്യം നൽകുന്നതിനും അതിലൂടെ കലാകാരൻമാർക്ക് അവസരം ലഭിക്കുന്നതിനും ആവശ്യമായ സാഹചര്യം ഒരുക്കുന്നതും പരിഗണനയിലാണെന്ന് മന്ത്രി പറഞ്ഞു.

ടൂറിസം കേന്ദ്രങ്ങൾ തുറന്നു കൊണ്ടിരിക്കുകയാണ്. അഭ്യന്തര ടൂറിസ്റ്റുകളെയാണ് ഈ ഘട്ടത്തിൽ ലക്ഷ്യം വയ്ക്കുന്നത്. ഒരു ഡോസ് എങ്കിലും വാക്സിനെടുത്ത കുടുംബങ്ങളെ വാക്സിനെടുത്ത ജീവനക്കാരുള്ള ഹോട്ടലുകളിലും റിസോർട്ടുകളിലും താമസിക്കാൻ അനുവദിക്കും. കണ്ടെയ്ൻമെന്റ് സോണുകളിൽ പോലും ഇത്തരം ഹോട്ടലുകളെയും അവിടങ്ങളിൽ താമസിക്കുന്ന വിനോദ സഞ്ചാരികളെയും ബുദ്ധിമുട്ടിക്കരുതെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. വയനാട് ജില്ലയിലെ വൈത്തിരിയിൽ ആരോഗ്യ വകുപ്പിന്റെ സഹായത്തോടെ 100 ശതമാനം വാക്സിനേഷൻ നടത്തി. ബീച്ചുകളിലുൾപ്പെടെ പ്രോട്ടോകോൾ പാലിച്ചു പോകുന്ന നില സ്വീകരിക്കണം. കേരളത്തിലെ അൺ എക്സ്പ്ലോർഡ് കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് ഒരു ആപ്പ് തയ്യാറാക്കുന്നുണ്ടെന്ന് മന്ത്രി വിശദമാക്കി.

കോവിഡ് മൂലം ടൂറിസം മേഖലയ്ക്ക് വലിയ നഷ്ടമാണുണ്ടായത്. 2020 മാർച്ച് മുതൽ 2020 ഡിസംബർ വരെയുള്ള കണക്കുകൾ അനുസരിച്ച് 33,000 കോടി രൂപയുടെ നഷ്ടമാണ് സംഭവിച്ചത്. ഫോറിൻ എക്സ്ചേഞ്ചിൽ 7000 കോടി രൂപയുടെ നഷ്ടമുണ്ടായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

covid

ലക്‌നൗ: ഉത്തർപ്രദേശിൽ കോവിഡ് വ്യാപനം കുറയുന്നു. ശനിയാഴ്ച്ച 24 കേസുകൾ മാത്രമാണ് ഉത്തർപ്രദേശിൽ റിപ്പോർട്ട് ചെയ്തത്. 2 മരണങ്ങളും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തു. 17,08,716 പേർക്കാണ് ഉത്തർപ്രദേശിൽ ഇതവുവരെ കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 22,773 പേർക്ക് കോവിഡിനെ തുടർന്ന് ജീവൻ നഷ്ടപ്പെട്ടു.

16,85,357 പേരാണ് സംസ്ഥാനത്ത് ഇതുവരെ രോഗമുക്തി നേടിയത്. 98.6 ശതമാനമാണു രോഗമുക്തി നിരക്ക്. 586 പേരാണ് നിലവിൽ സംസ്ഥാനത്ത് ചികിത്സയിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിൽ 2.54 ലക്ഷത്തിലേറെ സാംപിളുകൾ പരിശോധിച്ചുവെന്നും 6.72 കോടി സാംപിളുകളാണ് ഇതുവരെ ആകെ പരിശോധിച്ചതെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

വിദ്യാഭ്യാസ സ്ഥാപനങ്ങളിലുൾപ്പെടെ നടപ്പാക്കേണ്ട മാർഗനിർദേശങ്ങൾ തയാറാക്കാൻ മുതിർന്ന ഉദ്യോഗസ്ഥരുടെ യോഗത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിർദേശം നൽകിയിട്ടുണ്ട്.

ആലപ്പുഴ: തനിക്കെതിരെയുള്ള പാർട്ടി അന്വേഷണത്തിന് കവിതയിലൂടെ മറുപടി നൽകി മുൻമന്ത്രി ജി സുധാകരൻ. ഒരു തരത്തിലും നന്ദി കിട്ടാത്ത പണികളാണ് ചെയ്തതതെന്നും നവാഗതർക്കായി വഴിമാറുന്നെന്നും സുധാകരൻ കവിതയിലൂടെ പറയുന്നു. ഒരു വാരികയിൽ പ്രസിദ്ധീകരിച്ച നേട്ടവും കോട്ടവും എന്ന കവിതയിലാണ് സുധാകരന്റെ പരമാർശങ്ങൾ.

തെരഞ്ഞെടുപ്പ് പ്രവർത്തന വീഴ്ചയിൽ സുധാകരനെതിരെ പാർട്ടി അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് സുധാകരൻ കവിതയിലൂടെ ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. ‘കവിത എന്റെ ഹൃദയാന്തരങ്ങളിൽ മുളകൾ പൊട്ടുന്നു കാലദേശാതീതയായ്, വളവും ഇട്ടില്ല വെള്ളവും ചാർത്തിയില്ല, അവഗണനയിൽ മുകളം കൊഴിഞ്ഞുപോയ് എന്ന വരിയിൽ തുടങ്ങുന്ന കവിതയുടെ നാലാം ഖണ്ഡികയാണ് സുധാകരന്റെ രാഷ്ട്രീയ മറുപടിയായി വ്യാഖ്യാനിക്കുന്നത്.

‘ഒരു തരത്തിലും നന്ദി കിട്ടാത്തൊരാ പണികളൊക്കെ നടത്തി ഞാനെന്റെയീ മഹിത ജീവിതം സാമൂഹ്യമായെന്നും പറയും സ്നേഹിതർ സത്യമെങ്കിലും വഴുതി മാറും. മഹാനിമിഷങ്ങളിൽ മഹിത സ്വപ്നങ്ങൾ മാഞ്ഞു മറഞ്ഞുപോയ് അവകളൊന്നുമേ തിരികെ വരാനില്ല പുതിയ രൂപത്തിൽ വന്നാൽ വന്നെന്നുമാം!’ എന്നാണ് കവിതയിലെ വരികൾ. തന്റെ ഇത്രയും കാലത്തെ രാഷ്ട്രീയ ജീവിതം നന്ദി കെട്ടതായി പോയെന്നാണ് സുധാകൻ കവിതയിലൂടെ വ്യക്തമാക്കുന്നത്. ആകാംക്ഷ ഭരിതരായ നവാഗതർക്ക് വഴി മാറുന്നെന്ന സൂചന നൽകി കൊണ്ടാണ് സുധാകരൻ തന്റെ കവിത അവസാനിപ്പിക്കുന്നത്. സാമൂഹ്യ മാദ്ധ്യമങ്ങളിൽ ഉൾപ്പെടെ കവിത വലിയ ചർച്ചകൾക്ക് വഴി വെച്ചിരിക്കുകയാണ്.