ഇസ്ലാമിക് സ്റ്റേറ്റ്‌സ് ഭീകര സംഘടനയിലേക്ക് കേരളത്തിൽ നിന്നും റിക്രൂട്ടിംഗ് സജീവം; നിർണായക വെളിപ്പെടുത്തലുകൾ പുറത്ത്‌

ന്യൂഡൽഹി: ഇസ്ലാമിക് സ്റ്റേറ്റ്‌സ് ഭീകര സംഘടനയിലേക്ക് കേരളത്തിൽ നിന്നും റിക്രൂട്ടിംഗ് സജീവം. ഇതുസംബന്ധിച്ച കൂടുതൾ തെളിവുകളാണ് ഇപ്പോൾ പുറത്തു വരുന്നത്. ദേശീയ അന്വേഷണ ഏജൻസി കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തവർ കേരളത്തിൽ നിന്നടക്കം റിക്രൂട്ട്മെന്റിന് ശ്രമിച്ചിരുന്നതായുള്ള വിവരം കണ്ടെത്തിയിട്ടുണ്ട്. ടെലിഗ്രാം, ഇൻസ്റ്റഗ്രാം, ഹൂപ്പ് തുടങ്ങിയ സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെയാണ് ഇസ്ലാമിക് സ്റ്റേറ്റ്‌സിലേക്കുള്ള റിക്രൂട്ട്‌മെന്റ് നടത്താൻ ശ്രമിച്ചിരുന്നത്.

പിടിയിലായവരുടെ ലക്ഷ്യം ഐസിസ് ഇന്ത്യൻ ഘടകം രൂപീകരിക്കുകയായിരുന്നുവെന്ന് എൻഐഎ കണ്ടെത്തിയിട്ടുണ്ട്. അറസ്റ്റിലായ നാലുപേരും കേരളത്തിൽ പലതവണ എത്തിയിരുന്നുവെന്നും എൻഐഎയുടെ അന്വേഷണത്തിൽ തെളിഞ്ഞു. കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ ഇവരെ ഡൽഹിയിലെ എൻ.ഐ.എ ആസ്ഥാനത്ത് എത്തിച്ചിരിക്കുകയാണ്. കേരളത്തിലും കർണാടകത്തിലും ഐസിസ് റിക്രൂട്ടിംഗ് സജീവമാണെന്ന് കഴിഞ്ഞ വർഷം ഐക്യരാഷ്ട്ര സംഘടനയും മുന്നറിയിപ്പ് നൽകിയിരുന്നു. ഇസ്ലാമിക് സ്‌റ്റേറ്റ്‌സിന്റെ റിക്രൂട്ടിംഗ് ഗ്രൗണ്ടായി കേരളം മാറിയെന്ന് മുൻ ഡി.ജി.പി ലോക് നാഥ് ബെഹറയും വെളിപ്പെടുത്തിയിരുന്നു.

ഡോക്ടർമാരും എൻജിനിയർമാരും ഉൾപ്പെടെ ഉന്നതവിദ്യാഭ്യാസമുള്ള യുവാക്കളെ വശത്താക്കാനാണ് ഇസ്ലാമിക് സ്റ്റേറ്റ്‌സ് ശ്രമിക്കുന്നതെന്നും കേന്ദ്ര ഇന്റലിജൻസുമായി ചേർന്ന് ഭീകരവിരുദ്ധ സ്‌ക്വാഡ് സ്ലീപ്പർ സെല്ലുകൾ കണ്ടെത്തുമെന്നും ബെഹറ പറഞ്ഞിരുന്നു. എന്നാൽ സംസ്ഥാനത്ത് സൈബർ പട്രോളിംഗ് പോലും കാര്യക്ഷമമല്ലാത്ത അവസ്ഥയാണിപ്പോൾ. സംസ്ഥാനത്ത് രഹസ്യാന്വേഷണ, ആഭ്യന്തര സുരക്ഷാ വിഭാഗങ്ങൾ നിർജ്ജീവമാണ്. മാവോയിസ്റ്റുകൾ, ബോഡോ തീവ്രവാദികൾ, അൽ ക്വ ഇദ, ഇന്ത്യൻ മുജാഹിദ്ദീൻ എന്നിവയ്ക്കെല്ലാം കേരള ബന്ധമുണ്ടെന്നാണ് റിപ്പോർട്ട്.