താലിബാനു വിദേശ രാജ്യങ്ങളുടെ തീവ്രവാദ ശൃംഖലകളിൽ നിന്നുള്ള സഹായമുണ്ട്; പാകിസ്താനെതിരെ ആരോപണവുമായി അഫ്ഗാൻ

ന്യൂയോർക്ക്: താലിബാനു വിദേശ രാജ്യങ്ങളുടെ തീവ്രവാദ ശൃംഖലകളിൽ നിന്നുള്ള സഹായമുണ്ടെന്ന് അഫ്ഗാനിസ്ഥാൻ.ഐക്യരാഷ്ട്ര സംഘടനയിലെ അഫ്ഗാന്റെ സ്ഥിരം പ്രതിനിധി ഗുലാം എം.ഇസാക്‌സായാണ് ഇക്കാര്യം വ്യക്തമാക്കിയത്. പാകിസ്താനെ ലക്ഷ്യം വെച്ചായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. വിദേശ ഭീകരവാദ ശൃംഖലകളിൽനിന്ന് താലിബാന് സഹായം ലഭിക്കുന്നുണ്ടെന്ന് അദ്ദേഹം ആരോപിച്ചു.

മനഃപൂർവമായ ഈ പ്രാകൃത പ്രവൃത്തിയിൽ താലിബാൻ തനിച്ചല്ലെന്ന് അദ്ദേഹം പറഞ്ഞു. അഫ്ഗാനിലെ മാത്രമല്ല, മേഖലയിലെയും പുറത്തെയും സമാധാനവും സുരക്ഷയും സുസ്ഥിരതയും അവർ ഭീഷണിപ്പെടുത്തുന്നു. ഏപ്രിൽ പകുതി മുതൽ, താലിബാനും അവർക്കൊപ്പമുള്ള വിദേശ ഭീകര ഗ്രൂപ്പുകളും 31 പ്രവിശ്യകളിൽ 5,500ലേറെ ആക്രമണങ്ങൾ നടത്തിയെന്ന് അദ്ദേഹം വിശദമാക്കി.

അൽ ഖായിദ, ലഷ്‌കർ ഇ ത്വയ്ബ, തെഹ്രീകെ താലിബാൻ പാക്കിസ്താൻ, ഐഎസ് ഉൾപ്പെടെ 20 സംഘടനകളിലെ 10,000ലേറെ വിദേശ പോരാളികളുടെ നേരിട്ടുള്ള പിന്തുണയോടെയാണു താലിബാൻ ആക്രമണം നടത്തുന്നത്. പാക്കിസ്താൻ താലിബാന്റെ സുരക്ഷിത താവളമാണ്. യുദ്ധോപകരണങ്ങൾ വിതരണം ചെയ്യുന്നതടക്കമുള്ള കാര്യങ്ങൾക്ക് പാകിസ്താൻ താലിബാന് പിന്തുണ നൽകുന്നുണ്ട്. താലിബാന്റെ അക്രമങ്ങൾ പൊതുവെ വർധിച്ചതും, പ്രവിശ്യകളിലെ പ്രധാന നഗരങ്ങളിലും ജനവാസ കേന്ദ്രങ്ങളിലും ക്രൂരമായ അതിക്രമങ്ങൾ അരങ്ങേറുന്നതും കാരണം രാജ്യത്തെ സ്ഥിതി അതിവേഗം വഷളായെന്നും അതിനാലാണ് അടിയന്തര യോഗം വിളിക്കാൻ നിർബന്ധിതരായതെന്നും യുഎൻ സുരക്ഷാ സമിതിയിൽ യോഗത്തിൽ അദ്ദേഹം അഭിപ്രായപ്പെട്ടു.