ഒളിമ്പിക്‌സിലെ സ്വർണ്ണത്തിളക്കം; നീരജ് ചോപ്രയ്ക്ക് അഭിനന്ദന പ്രവാഹവുമായി ഇന്ത്യ

ന്യൂഡൽഹി: ടോക്കിയോ ഒളിമ്പിക്‌സിൽ സ്വർണ്ണ മെഡൽ നേടിയ നീരജ് ചോപ്രയ്ക്ക് അഭിനന്ദന പ്രവാഹവുമായി ഇന്ത്യ. രാഷ്ട്രപതി രാം നാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉൾപ്പെടെയുള്ള നിരവധി പ്രമുഖർ അദ്ദേഹത്തിന് അഭിനന്ദനം അറിയിച്ചു. ചരിത്രം കുറിക്കാനുള്ള തടസം നീരജ് ചോപ്ര നീക്കിയെന്ന് രാഷ്ട്രപതി വ്യക്തമാക്കി. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

നീരജിന്റെ ജാവ്ലിനിലെ സ്വർണ്ണം ചരിത്രം കുറിച്ചു. തികച്ചും അപ്രതീക്ഷിതമായ വിജയമാണ് നീരജ് ചോപ്ര കൈവരിച്ചത്. നീരജിന്റെ നേട്ടം ചരിത്ര നിമിഷമാണ്. എല്ലാ യുവാക്കൾക്കും അദ്ദേഹത്തിന്റെ വിജയം പ്രചോദനമാണ്. ആദ്യ ഒളിമ്പിക്സിൽ തന്നെ സ്വർണ നേട്ടം കൈവരിച്ച നീരജിന് എല്ലാ ആശംസകളും നേരുന്നുന്നു. രാജ്യം വളരെ സന്തോഷത്തിലാണ്- രാഷ്ട്രപതി ട്വിറ്ററിൽ കുറിച്ചു.

നീരജിന് എല്ലാ ആശംസകളും നേരുന്നുവെന്നും തികച്ചും അസാധാരണ പ്രകടനമാണ് അദ്ദേഹം കാഴ്ച്ചവെച്ചത്. പ്രധാനമന്ത്രി പറഞ്ഞു. രാജ്യം എന്നും നീരജ് ചോപ്രയുടെ നേട്ടം ഓർക്കുമെന്നും അദ്ദേഹം പറഞ്ഞു. ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യക്കായി സ്വർണ്ണം നേടിയ നീരജിന്റെ നേട്ടം ഇന്ത്യൻ സൈന്യത്തിനുള്ള ബഹുമതിയെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് വ്യക്തമാക്കി. സ്വതന്ത്ര ഭാരത ചരിത്രത്തിൽ ആദ്യമായി ഒളിമ്പിക്സ് ട്രാക് ആൻഡ് ഫീൽഡ് വിഭാഗത്തിലെ സ്വർണ്ണം നേടിയ നീരജ് ചോപ്രയ്ക്ക് അഭിനന്ദനങ്ങൾ. ഒട്ടും പ്രതീക്ഷിക്കാത്ത വിഭാഗത്തിലാണ് നീരജ് കരുത്തുറ്റ പ്രകടനം നടത്തിയത്. ചരിത്രം കുറിച്ച നീരജിന്റെ പ്രകടനത്തിൽ ഏറെ അഭിമാനം കൊള്ളുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

നീരജിന്റെ നേട്ടം രാജ്യത്തിനും ഇന്ത്യൻ സൈന്യത്തിനും ഏറെ അഭിമാനം നൽകുന്നുവെന്നും പ്രതിരോധ മന്ത്രി പറഞ്ഞു. ഒളിമ്പിക്സിലെ യുദ്ധമുഖത്ത് ഒരു യാഥാർത്ഥ സൈനിക നായിട്ടാണ് നീരജ് പോരാടിയതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.