തിരുവനന്തപുരം: കൺസ്യൂമർഫെഡ് ഓൺലൈൻ വ്യാപാരം തിരുവനന്തപുരത്ത് ആരംഭിച്ചു. കോവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കൺ്‌സ്യൂമർഫെഡിന്റെ ഡിജിറ്റൽ വിപ്ലവത്തിന്റെ ഭാഗമായാണ് ഓൺലൈൻ പോർട്ടലിന് തുടക്കം കുറിച്ചിരിക്കുന്നത്. www.consumerfed.in എന്ന വെബ് പോർട്ടൽ വഴി അവശ്യ സാധനങ്ങൾ ഉപഭോക്താക്കൾക്ക് ഓർഡർ ചെയ്യാം. ഓൺലൈൻ സ്റ്റോറിലൂടെ ബുക്ക് ചെയ്താൽ 24 മണിക്കൂറിനുള്ളിൽ സാധനങ്ങൾ വീട്ടിലെത്തിച്ച് നൽകുന്നതായിരിക്കുമെന്ന് അധികൃതർ അറിയിച്ചു.
ഓൺലൈൻ പോർട്ടലിൽ ഓൺലൈൻ പേയ്മെന്റും ക്യാഷ് ഓൺ ഡെലിവറി സൗകര്യവും ലഭ്യമാണ്. ത്രിവേണി സൂപ്പർ മാർക്കറ്റുകളിൽ ലഭിക്കുന്ന അതേ നിരക്കിലാണ് ഓൺലൈനിലും സാധനങ്ങൾ ലഭ്യമാകുന്നത്. കൂടാതെ ആകർഷകമായ അനവധി ഓഫറുകളും വെബ്‌സൈറ്റിൽ ലഭ്യമാണ്. ദൂരത്തിന്റെ അടിസ്ഥാനത്തിൽ മിതമായ ഡെലിവറി ചാർജ് ഈടാക്കും. 30 രൂപയാണ് ഏറ്റവും കുറഞ്ഞ ഡെലിവറി ചാർജ്. തുടർന്നുള്ള 5 കിലോമീറ്റർ 3 രൂപ എന്ന നിരക്കിൽ കൂടുതൽ നൽകേണ്ടി വരും. സേവനങ്ങൾ പരമാവധി ജനങ്ങളിലേക്ക് എത്തിക്കുകന്നതിന് പുറമെ അനവധി തൊഴിൽ സാധ്യതകളും സംരംഭം ലക്ഷ്യമിടുന്നു.
കോഴിക്കോട്- വയനാട് ജില്ലകളിലെ ത്രിവേണി സൂപ്പർ മാർക്കറ്റുകളിൽ ആദ്യം പരീക്ഷണാടിസ്ഥാനത്തിലാണ് ഈ സേവനം ആരംഭിച്ചത്. ഇത് വിജയിച്ചതോടെയാണ് ഓൺലൈൻ വ്യാപാരം എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കാൻ തീരുമാനിച്ചത്. എറണാകുളം ആസ്ഥാനമായി പ്രവർത്തിക്കുന്ന DuGo എന്ന ഡെലിവറി കമ്പനിയുമായി ചേർന്നാണ് കൺസ്യൂമർഫെഡ് ഉപഭോക്താക്കൾക്ക് സാധനങ്ങൾ എത്തിച്ച് നൽകുന്നത്.
തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിക്ക് പുറമെ ആറ്റിങ്ങലിലും നെടുമങ്ങാടും വെഞ്ഞാറമൂടും ആദ്യ ഘട്ടത്തിൽ സേവനം ലഭ്യമാണ്. ഓണത്തോട് അനുബന്ധിച്ച് ജില്ലയിൽ എല്ലായിടത്തും സേവനം ലഭ്യമാക്കുമെന്നാണ് സഹകരണ വകുപ്പ് അധികൃതർ അറിയിച്ചിരിക്കുന്നത്.

