General (Page 1,455)

ന്യൂഡൽഹി: പുതിയ ഗ്യാസ് കണക്ഷൻ എടുക്കാൻ ഇനി ഒരു മിസ്ഡ് കോൾ മാത്രം മതി. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ആണ് പുതിയ പാചക വാതകം കണക്ഷൻ ആവശ്യമായവർക്ക് മിസ്ഡ് കോൾ സംവിധാനം അവതരിപ്പിച്ചിരിക്കുന്നത്. 8454955555 എന്ന നമ്പറിലേക്ക് മിസ്ഡ് കോൾ നൽകിയാൽ പുതിയ ഗ്യാസ് കണക്ഷൻ എടുക്കാം. നിലവിലുള്ള ഉപഭോക്താക്കൾക്ക് രജിസ്റ്റർ ചെയ്ത ഫോൺ നമ്പറിൽ നിന്ന് മിസ്ഡ് കോൾ നൽകി എൽപിജി സിലിണ്ടർ ബുക്ക് ചെയ്യാനുള്ള സംവിധാനവും ഉണ്ട്.

തിങ്കളാഴ്ച മുതലാണ് രാജ്യത്ത് എവിടെയും പുതിയ എൽപിജി കണക്ഷൻ ലഭ്യമാക്കുന്നതിനായി ഐഒസി മിസ്ഡ് കോൾ സംവിധാനത്തിന് തുടക്കം കുറിച്ചത്. ഉപഭോക്താവിന്റെ വീട്ടിൽ ഒരു മിനി സിലിണ്ടർ ഉൾപ്പെടെ രണ്ടു സിലിണ്ടറുകൾ എത്തിക്കും. നിലവിലുള്ള കണക്ഷൻ ഈ കണക്ഷനിലേക്ക് അപ്‌ഗ്രേഡു ചെയ്യാനും കഴിയും.

14.2 കിലോഗ്രാം സിലിണ്ടർ ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്ക് ഇതിനോടൊപ്പം അഞ്ച് കിലോഗ്രാം സിലിണ്ടർ ലഭിക്കും. ഗ്യാസ് പെട്ടെന്ന് തീർന്നാൽ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ ഇത് സഹായിക്കും. എല്ലാ ആഭ്യന്തര ഉപഭോക്താക്കൾക്കും പുതിയ എൽപിജി കണക്ഷൻ ലഭ്യമാണ്. ഇതിനും ഐഒസി മിസ്ഡ് കോൾ സൗകര്യം അവതരിപ്പിച്ചിട്ടുണ്ട്. പുതിയ കണക്ഷൻ ലഭിക്കുന്നതിന് രാജ്യമെമ്പാടുമുള്ള ഉപഭോക്താക്കൾ 8454955555 എന്ന നമ്പറിലേക്ക് മിസ്ഡ് കോൾ നൽകിയാൽ മതിയാകും നിലവിൽ, ഐഒസി മാത്രമാണ് ഈ സൗകര്യം വാഗ്ദാനം ചെയ്യുന്നതെന്നാണ് കമ്പനി അധികൃതർ അറിയിക്കുന്നത്.

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ലോക്ക്ഡൗൺ ലംഘിച്ചതിന് സർക്കാർ ജനങ്ങളിൽ നിന്നു പിഴയായി ഈടാക്കിയത് കോടികൾ. 125 കോടിയിലേറെ രൂപയാണ് ലോക്ക് ഡൗൺ ലംഘനങ്ങൾക്ക് പിഴ ചുമത്തിയതിന്റെ പേരിൽ സർക്കാർ ഖജനാവിലേക്കെത്തിയത്. മെയ് എട്ടു മുതൽ ഓഗസ്റ്റ് നാലിന് ഇളവുകൾ പ്രഖ്യാപിച്ചതു വരെയുള്ള കണക്കുകൾ പ്രകാരമുള്ള തുകയാണിത്. ഒരു പ്രമുഖ മാദ്ധ്യമമാണ് ഇതുസംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്.

17.75 ലക്ഷം കേസുകളിൽ നിന്നായാണ് ഇത്രയധികം തുക സർക്കാരിന് ലഭിച്ചത്. 10.7 ലക്ഷം കേസുകൾ മാസ്‌ക് ധരിക്കാത്തതിന് മാത്രം രജിസ്റ്റർ ചെയ്തിട്ടുണ്ട്. സാമൂഹിക അകലം പാലിക്കാത്തതിനും മറ്റുമായി 4.7 ലക്ഷം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 2.3 ലക്ഷം വാഹനങ്ങൾ ലോക്ക് ഡൗൺ ലംഘനത്തിന്റെ പേരിൽ പിടിച്ചെടുത്തു. 500 രൂപ മുതൽ അയ്യായിരം രൂപ വരെയാണ് വിവിധ ലംഘനങ്ങൾക്ക് ഈടാക്കുന്ന പിഴ.

pinarayi

തിരുവനന്തപുരം: ലോക്ക് ഡൗൺ സമയത്തുള്ള പോലീസിന്റെ പ്രവൃത്തികളെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പോലീസിനെ നാടിന്റെ ശത്രുവായി ചിത്രീകരിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് അദ്ദേഹം നിയമസഭയിൽ പറഞ്ഞു. പോലീസുകാർ ജനങ്ങൾക്ക് എതിരാണെന്ന ചിന്താഗതി ഉണ്ടാക്കുന്നത് ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. അട്ടപ്പാടി ഷോളയൂരിൽ ആദിവാസി മൂപ്പനെയും മകനെയും അറസ്‌റ് ചെയ്ത സംഭവത്തിൽ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് നിയമസഭയിൽ മറുപടി നൽകവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ക്രമസമാധാനം നിലനിർത്താനാണ് പോലീസ് ശ്രമിച്ചത്. ഊര് മൂപ്പൻ ചൊറിയ മൂപ്പനും ബന്ധു കുറുന്താ ചലവും തമ്മിൽ ഉണ്ടായിരുന്ന തർക്കത്തിൽ കുറുന്താചലത്തിന്റെ പരാതിയിലായിരുന്നു പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. ക്രമസമാധാനം നിലനിർത്താനുള്ള പോലീസിന്റെ സ്വാഭാവിക നടപടി മാത്രമായിരുന്നു അവിടെ കണ്ടതെന്നും മുഖ്യമന്ത്രി വിശദമാക്കി.

പോലീസ് പ്രവർത്തിക്കുന്നത് ജനകീയ സേന എന്ന നിലയിലാണെന്നും ദുരന്തങ്ങളിൽ ജനങ്ങളോട് ചേർന്നു നിന്ന് പ്രവർത്തിച്ചതാണ് പോലീസിന്റെ ചരിത്രമെന്നും മുഖ്യമന്ത്രി പറഞ്ഞു. പിഴ ചുമത്തുന്നത് മഹാ അപരാധം എന്ന മട്ടിൽ കാണരുതെന്നും സർക്കാർ ഏൽപിച്ച ചുമതല മാത്രമാണ് പൊലീസ് ചെയ്യുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ത്യാഗ പൂർണ്ണമായ പൊലീസിന്റെ പ്രവർത്തനത്തെ രാഷ്ട്രീയ നേട്ടത്തിനായി നിസ്സാരവത്ക്കരിക്കരുതെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

എൻ ഷംസുദീൻ എം എൽ എയാണ് നിയമസഭയിൽ അടിയന്തിര പ്രമേയം അവതരിപ്പിച്ചത്. ഭീകരവാദികളെ പിടിക്കുന്നതു പോലെയാണ് പോലീസ് ഊരു മൂപ്പനെയും മകനെയും പിടിച്ചുകൊണ്ടു പോയതെന്ന് ഷംസുദ്ദീൻ പറഞ്ഞു. സിപിഎമ്മിന്റെ നിർദ്ദേശപ്രകാരമാണ് പൊലീസ് മൂപ്പനെയും മകനെയും പിടികൂടിയതെന്നും മൂപ്പന്റെ മകൻ മുരുകനും പാർട്ടിയുമായി തർക്കമുണ്ടായതാണ് ഇരുവരെയും അറസ്റ്റ് ചെയ്യാനുള്ള പ്രധാന കാരണമെന്നും അദ്ദേഹം ആരോപിക്കുന്നു.

തിരുവനന്തപുരം: പൊതുജനങ്ങൾക്കായി പെട്രോൾ പമ്പുകൾ തുറക്കാനൊരുങ്ങി കെഎസ്ആർടിസി. നഷ്ടത്തിലോടുന്ന കെഎസ്ആർടിസിയുടെ വരുമാനം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കെഎസ്ആർടിസി ഡിപ്പോകളിലെ ഇന്ധന പമ്പുകൾ പൊതുജനങ്ങൾക്കും ഉപയോഗിക്കാവുന്ന തരത്തിൽ തുറന്നുകൊടുക്കാൻ തീരുമാനിച്ചത്. കെഎസ്ആർടിസിയുടെ ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഇത്തരമൊരു തീരുമാനം. ഇതിന്റെ ഭാഗമായി ജീവനക്കാരുടെ പരിശീലനം ആരംഭിച്ചു. ആകെ 80 ജീവനക്കാർക്കാണ് കെഎസ്ആർടിസി നാലു ദിവസങ്ങളിലായി പരിശീലനം നൽകുന്നത്.

കോഴിക്കോട് ജില്ലയിൽ മാവൂർ റോഡിലെ ബസ് ടെർമിനലിലാണ് അടുത്ത മാസം കെഎസ്ആർടിസി പൊതുജനങ്ങൾക്കായി പമ്പ് തുറക്കുക. കോഴിക്കോടിനു പുറമേ തിരുവനന്തപുരത്ത് ലുലു മാളിനു സമീപത്തെ കോകോ പമ്പിലും തൃശൂരിൽ പൊങ്ങം ജൂബിലി റീട്ടെയിൽ യൂണിറ്റിലുമാണ് ജീവനക്കാർക്കുള്ള പരിശീലനം നടക്കുന്നത്. പത്ത് ഡിപ്പോകളിലെ ജീവനക്കാർക്കാണ് പരിശീലനം നൽകുന്നതെന്നാണ് അധികൃതർ നൽകുന്ന വിവരം.

ന്യൂഡൽഹി: 75 -ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പ്ലാസ്റ്റിക് നിർമ്മിത ദേശീയ പതാകകൾ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് അഭ്യർത്ഥിച്ച് കേന്ദ്ര സർക്കാർ. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ഇതു സംബന്ധിച്ച് നിർദ്ദേശങ്ങൾ നൽകിയത്. രാജ്യത്തെ ജനങ്ങളുടെ പ്രതീക്ഷയെയും ആശയേയും പ്രതിനിധാനം ചെയ്യുന്നതാണ് ദേശീയ പതാകയെന്നും അതിനാൽ തന്നെ ദേശീയ പതാക ബഹുമാനിക്കപ്പെടേണ്ടതാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദ്ദേശിക്കുന്നു.

ഉപയോഗ ശേഷം ദേശീയ പതാകകൾ വലിച്ചെറിയരുതെന്നും സ്വകാര്യമായി പതാകയോടുള്ള ആദരവ് നിലനിർത്തി വേണം ഇവയെ ഉപേക്ഷിക്കേണ്ടതെന്നും നിർദേശത്തിൽ വ്യക്തമാക്കുന്നു. ദേശീയ പതാകയോട് അനാദരവ് കാട്ടുന്നത് തടയാനുള്ള 1971-ലെ നിയമത്തിന്റെ രണ്ടാം വകുപ്പ്, 2002 ഫ്‌ളാഗ് കോഡ് ഓഫ് ഇന്ത്യ എന്നിവ പ്രകാരം ദേശീയ പതാകയെ അപമാനിക്കുകയോ കത്തിക്കുകയോ മോശമാക്കുകയോ ചെയ്യുന്നത് മൂന്നു വർഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റകമാണെന്നും ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശത്തിൽ വിശദമാക്കിയിട്ടുണ്ട്.

ന്യൂഡൽഹി: രാജ്യത്ത് ഏകീകൃത യാത്രാ മാർഗ്ഗനിർദ്ദേശങ്ങൾ ഉടൻ ഉണ്ടാകുമെന്ന് റിപ്പോർട്ട്. കോവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വ്യത്യസ്ത സംസ്ഥാനങ്ങളിൽ വിവിധ രീതിയിലുള്ള മാനദണ്ഡങ്ങളുള്ളത് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം.

കേന്ദ്ര ടൂറിസം അഡീഷണൽ ഡയറക്ടർ റുപീന്ദർ ബ്രാറാണ് ഇതുസംബന്ധിച്ച സൂചനകൾ നൽകിയതെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഫെഡറേഷൻ ഓഫ് ഇന്ത്യ ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്‌സ്ട്രി സംഘടിപ്പിച്ച ഇ-കോൺക്ലേവിൽ സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്ത് ഏകീകൃത യാത്രാ മാർഗ്ഗ നിർദ്ദേശങ്ങൾ ഉടൻ ഉണ്ടാകുമെന്നും ഇത് ആളുകൾക്ക് കൂടുതൽ വ്യക്തത നൽകുമെന്നും അദ്ദേഹം വിശദമാക്കി.

ആഭ്യന്തര യാത്രകൾ എല്ലാ സംസ്ഥാനങ്ങളിലും സന്തുലിതമാകണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. ഇതിനായുള്ള നടപടി ക്രമങ്ങൾ പുരോഗമിക്കുകയാണെന്നും ഇതുസംബന്ധിച്ച നിർദ്ദേശങ്ങൾ സംസ്ഥാനങ്ങൾക്ക് ഉടൻ കൈമാറുമെന്നും അദ്ദേഹം വ്യക്തമാക്കി. ആഭ്യന്തര യാത്രക്കാർക്കായി പരമ്പരാഗത ടൂറിസ്റ്റ് കേന്ദ്രങ്ങളോടൊപ്പം പുതിയ ലക്ഷ്യസ്ഥാനങ്ങളും തയാറാക്കുന്നുണ്ടെന്നും ന്യൂജെൻ സഞ്ചാരികളെ ഇത്തരം കേന്ദ്രങ്ങളിലേക്ക് ആകർഷിക്കാൻ വിമാനത്താവളങ്ങളിൽ കാമ്പയിനുകൾ നടത്തുമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പുതിയ കാല സഞ്ചാരികളുടെ ശ്രദ്ധ ആകർഷിക്കുന്നതിനായി ലക്ഷ്യസ്ഥാന വിപണന പ്രവർത്തനങ്ങൾക്കായി വിമാനത്താവളങ്ങൾ വലിയ രീതിയിൽ നോക്കിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: ആഗോളതാപനത്തിനെതിരെ മുന്നറിയിപ്പ് നൽകി ഗവേഷകർ. കാലാവസ്ഥാ വ്യതിയാനവും ആഗോള താപനവും നിയന്ത്രിച്ചില്ലെങ്കിൽ ഭൂമിക്കും മനുഷ്യനും വൻ വിപത്താകുമെന്നാണ് റിപ്പോർട്ട്. സമുദ്രനിരപ്പ് ഉയരുന്നത് ഇന്ത്യയുൾപ്പെടെ നിരവധി രാജ്യങ്ങളെ ബാധിക്കുമെന്നും ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു. സമുദ്രനിരപ്പ് 7,517 കിലോമീറ്റർ തീരപ്രദേശമുള്ള ഇന്ത്യയിലെ ചെന്നൈ, കൊച്ചി, കൊൽക്കത്ത, മുംബൈ, സൂറത്ത്, വിശാഖപട്ടണം എന്നീ ആറു തുറമുഖ നഗരങ്ങൾക്കു ദോഷകരമാണെന്നും ഗവേഷകർ വ്യക്തമാക്കുന്നു. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ഇന്റർ ഗവൺമെന്റൽ പാനലിന്റെ (ഐപിസിസി) റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

സമുദ്ര നിരപ്പ് 50 സെന്റി മീറ്റർ ഉയർന്നാൽ തീരദേശത്തു പ്രളയമുണ്ടാവുകയും ഇവിടങ്ങളിലെ 28.6 ദശലക്ഷം ആളുകൾ ദുരിതത്തിലാവുകയും ചെയ്യും. ഏകദേശം 4 ട്രില്യൻ ഡോളറിന്റെ നഷ്ടം ഉണ്ടാകും. ആഗോള താപനത്തിനു മനുഷ്യരാകെ ഉത്തരവാദികളാണെന്നും റിപ്പോർട്ടിൽ വിശദീകരിക്കുന്നു. അടുത്ത ദശകങ്ങളിൽ ആഗോളതാപനം നേരത്തേ കണക്കുകൂട്ടിയതിനേക്കാൾ 1.5 ഡിഗ്രി സെൽഷ്യസിൽ കൂടുതലാകാനാണു സാധ്യത. ഹരിതഗൃഹവാതകങ്ങളുടെ ബഹിർഗമനം കുറച്ചില്ലെങ്കിൽ ആഗോളതാപനം 1.5 – 2 ഡിഗ്രി സെൽഷ്യസിൽ പരിമിതപ്പെടുത്തണമെന്ന ലക്ഷ്യം നിറവേറ്റാൻ കഴിയില്ല. 2030 ഓടെ സർക്കാരുകൾ ഹരിതഗൃഹവാതക ബഹിർഗമനം പകുതിയായി കുറയ്‌ക്കേണ്ടതുണ്ടെന്നു റിപ്പോർട്ട് വ്യക്തമാക്കുന്നു.

ലോകത്തിന്റെ എല്ലാ മേഖലകളെയും കാലാവസ്ഥാ വ്യതിയാനം ബാധിക്കുന്നുണ്ട്. കൂടുതൽ തീവ്രമായ മഴ, വെള്ളപ്പൊക്കം, പല പ്രദേശങ്ങളിലും കൂടുതൽ വരൾച്ച എന്നിവ ഇതിന്റെ ഭാഗമാണ്. സമുദ്രനിരപ്പ് ഉയരുന്നതു താഴ്ന്ന പ്രദേശങ്ങളിൽ നിരന്തരവും രൂക്ഷമായതുമായ തീരപ്രളയത്തിനും മണ്ണൊലിപ്പിനും കാരണമാകുന്നു. ഹിമാനി ഉരുകൽ, ഹിമപാളികളുടെ നഷ്ടം, സമുദ്ര താപതരംഗങ്ങൾ, സമുദ്രത്തിലെ അമ്ലവൽക്കരണവും ഓക്‌സിജന്റെ അളവ് കുറയലും എന്നിവയെല്ലാം അനന്തര ഫലങ്ങളണെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. യൂറോപ്യൻ യൂണിയനെ ഒരു ബ്ലോക്കായി കണക്കാക്കിയാൽ, നിലവിൽ ലോകത്തിലെ ഹരിതഗൃഹവാതക ബഹിർഗമനത്തിൽ ഇന്ത്യ നാലാം സ്ഥാനത്താണ്.

ന്യൂയോർക്ക്: ലോക ധനിക പട്ടികയിൽ ഒന്നാം സ്ഥാനം നേടി ബർണാഡ് അർണോൾട്ട്. ജെഫ് ബെസോസിനെ പിന്തള്ളിയാണ് 72 കാരനായ ബർണാഡ് അർണോൾട്ട് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തിയത്. ഫ്രാൻസിലെ ബിസിനസുകാരനാണ് ബർണാഡ്. ഫോർബ്സിന്റെ റിയൽ ടൈം പട്ടികയിലാണ് എൽ വി എം എച്ച് മൊയറ്റ് ഹെന്നസി ലൂയിസ് വിറ്റ്‌സൺ കമ്പനിയുടെ ചെയർമാനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ ബർണാഡ് അർണോൾട്ട് ഒന്നാമതെത്തിയത്.

ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 198.2 ബില്യൺ ഡോളറിന്റെ ആസ്തിയാണ് അദ്ദേഹത്തിനുള്ളത്. ലൂയിസ് വിറ്റനും സെഫോറയുമടക്കം 70 ബ്രാൻഡുകളുടെ ഒരു ബിസിനസ് സാമ്രാജ്യമാണ് അദ്ദേഹം കെട്ടിപ്പടുത്തത്.

പട്ടികയിൽ രണ്ടാം സ്ഥാനം നേടിയിരിക്കുന്നത് ജെഫ് ബെസോസാണ്. 194.9 ബില്യൺ ഡോളറാണ് ബെസോസിന്റെ ആസ്തി. ടെസ്ലയുടെ ഇലോൺ മസ്‌കാണ് മൂന്നാം സ്ഥാനത്തുള്ളത്. 185.5 ബില്യൺ ഡോളറാണ് ഇദ്ദേഹത്തിന്റെ ആസ്തി. നേരത്തെ ഇലോൺ മസ്‌ക് ഒന്നാം സ്ഥാനത്ത് എത്തിയിരുന്നെങ്കിലും പിന്നീട് ജെഫ് ബെസോസ് സ്ഥാനം തിരിച്ചു പിടിക്കുകയായിരുന്നു.

ന്യൂഡൽഹി: ഭീകരവാദത്തിനെതിരെയുള്ള ഇന്ത്യയുടെ നിലപാട് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. സമുദ്ര സുരക്ഷക്ക് തുരങ്കം വയ്ക്കുന്ന ഭീകരവാദ ശക്തികളെ നേരിടാൻ കൂട്ടായ സഹകരണം വേണമെന്ന് നരേന്ദ്രമോദി അറിയിച്ചു. യു.എൻ സുരക്ഷാ കൗൺസിൽ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സമുദ്ര വ്യാപാര മേഖലയിലെ തടസങ്ങൾ നീക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം വിശദമാക്കി.

കോവിഡ് വൈറസ് വ്യാപനത്തെ തുടർന്ന് ജീവൻ നഷ്ടപ്പെട്ടവരെ അനുസ്മരിച്ചാണ് യുഎൻ സുരക്ഷാ കൗൺസിൽ യോഗം ആരംഭിച്ചത്. കടൽകൊള്ളക്കാരുടെ ആധിപത്യത്തിലുള്ള സമുദ്രപാതകൾ തിരിച്ച് പിടിക്കണമെന്ന് നരേന്ദ്ര മോദി യോഗത്തിൽ ആവശ്യപ്പെട്ടു. രാജ്യങ്ങൾക്കിടയിലെ തർക്കങ്ങൾ രമ്യമായി പരിഹരിക്കപ്പെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതാദ്യമായാണ് ഇന്ത്യൻ പ്രധാനമന്ത്രി സുരക്ഷ കൗൺസിൽ യോഗത്തിന്റെ അദ്ധ്യക്ഷനാകുന്നത്. സമുദ്ര സുരക്ഷയായിരുന്നു യോഗത്തിലെ പ്രധാന ചർച്ചാ വിഷയം.

ന്യുഡൽഹി: ഇനി മുതൽ രാജ്യത്ത് വിദേശ പൗരന്മാർക്കും കോവിഡ് വാക്സിൻ ലഭ്യമാക്കും. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. കോവിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്നതിന് വിദേശ പൗരന്മാർക്ക് അവരുടെ പാസ്‌പോർട്ട് തിരിച്ചറിയൽ രേഖയായി ഉപയോഗിക്കാമെന്നും പോർട്ടലിൽ രജിസ്റ്റർ ചെയ്തു കഴിഞ്ഞാൽ അവർക്ക് പ്രതിരോധ കുത്തിവയ്പ്പിനുള്ള സ്ലോട്ട് ലഭിക്കുമെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

രാജ്യത്തെ വിദേശ പൗരന്മാർക്ക് പ്രത്യേകിച്ചും മെട്രോപൊളിറ്റൻ മേഖലകളിൽ താമസിക്കുന്നവർക്ക് പ്രതിരോധ കുത്തിവയ്പ്പ് നൽകേണ്ടത് പ്രധാനമാണെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഈ പ്രദേശങ്ങളിൽ, ഉയർന്ന ജനസാന്ദ്രത കാരണം കോവിഡ് വ്യാപിക്കാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ടുതന്നെ യോഗ്യരായ എല്ലാ വ്യക്തികളും പ്രതിരോധ കുത്തിവയ്പ്പ് എടുക്കേണ്ടത് പ്രധാനമാണെന്നാണ് ആരോഗ്യ മന്ത്രാലയം വിശദമാക്കുന്നത്. വാക്‌സിനേഷൻ കുത്തിവെയ്പ്പ് നൽകുന്നതിലൂടെ ഇന്ത്യയിൽ താമസിക്കുന്ന വിദേശ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.കുത്തിവയ്പ് എടുക്കാത്ത വ്യക്തികളിൽ നിന്ന് അണുബാധ പകരുന്നതിനുള്ള സാധ്യതകളും ഇതിലൂടെ കുറയുമെന്നും മന്ത്രാലയം വിലയിരുത്തുന്നു.