തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ലോക്ക്ഡൗൺ ലംഘിച്ചതിന് സർക്കാർ ജനങ്ങളിൽ നിന്നു പിഴയായി ഈടാക്കിയത് കോടികൾ. 125 കോടിയിലേറെ രൂപയാണ് ലോക്ക് ഡൗൺ ലംഘനങ്ങൾക്ക് പിഴ ചുമത്തിയതിന്റെ പേരിൽ സർക്കാർ ഖജനാവിലേക്കെത്തിയത്. മെയ് എട്ടു മുതൽ ഓഗസ്റ്റ് നാലിന് ഇളവുകൾ പ്രഖ്യാപിച്ചതു വരെയുള്ള കണക്കുകൾ പ്രകാരമുള്ള തുകയാണിത്. ഒരു പ്രമുഖ മാദ്ധ്യമമാണ് ഇതുസംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്.
17.75 ലക്ഷം കേസുകളിൽ നിന്നായാണ് ഇത്രയധികം തുക സർക്കാരിന് ലഭിച്ചത്. 10.7 ലക്ഷം കേസുകൾ മാസ്‌ക് ധരിക്കാത്തതിന് മാത്രം രജിസ്റ്റർ ചെയ്തിട്ടുണ്ട്. സാമൂഹിക അകലം പാലിക്കാത്തതിനും മറ്റുമായി 4.7 ലക്ഷം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 2.3 ലക്ഷം വാഹനങ്ങൾ ലോക്ക് ഡൗൺ ലംഘനത്തിന്റെ പേരിൽ പിടിച്ചെടുത്തു. 500 രൂപ മുതൽ അയ്യായിരം രൂപ വരെയാണ് വിവിധ ലംഘനങ്ങൾക്ക് ഈടാക്കുന്ന പിഴ.

