തിരുവനന്തപുരം: പൊതുജനങ്ങൾക്കായി പെട്രോൾ പമ്പുകൾ തുറക്കാനൊരുങ്ങി കെഎസ്ആർടിസി. നഷ്ടത്തിലോടുന്ന കെഎസ്ആർടിസിയുടെ വരുമാനം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കെഎസ്ആർടിസി ഡിപ്പോകളിലെ ഇന്ധന പമ്പുകൾ പൊതുജനങ്ങൾക്കും ഉപയോഗിക്കാവുന്ന തരത്തിൽ തുറന്നുകൊടുക്കാൻ തീരുമാനിച്ചത്. കെഎസ്ആർടിസിയുടെ ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഇത്തരമൊരു തീരുമാനം. ഇതിന്റെ ഭാഗമായി ജീവനക്കാരുടെ പരിശീലനം ആരംഭിച്ചു. ആകെ 80 ജീവനക്കാർക്കാണ് കെഎസ്ആർടിസി നാലു ദിവസങ്ങളിലായി പരിശീലനം നൽകുന്നത്.
കോഴിക്കോട് ജില്ലയിൽ മാവൂർ റോഡിലെ ബസ് ടെർമിനലിലാണ് അടുത്ത മാസം കെഎസ്ആർടിസി പൊതുജനങ്ങൾക്കായി പമ്പ് തുറക്കുക. കോഴിക്കോടിനു പുറമേ തിരുവനന്തപുരത്ത് ലുലു മാളിനു സമീപത്തെ കോകോ പമ്പിലും തൃശൂരിൽ പൊങ്ങം ജൂബിലി റീട്ടെയിൽ യൂണിറ്റിലുമാണ് ജീവനക്കാർക്കുള്ള പരിശീലനം നടക്കുന്നത്. പത്ത് ഡിപ്പോകളിലെ ജീവനക്കാർക്കാണ് പരിശീലനം നൽകുന്നതെന്നാണ് അധികൃതർ നൽകുന്ന വിവരം.

