ന്യൂഡൽഹി: ഭീകരവാദത്തിനെതിരെയുള്ള ഇന്ത്യയുടെ നിലപാട് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. സമുദ്ര സുരക്ഷക്ക് തുരങ്കം വയ്ക്കുന്ന ഭീകരവാദ ശക്തികളെ നേരിടാൻ കൂട്ടായ സഹകരണം വേണമെന്ന് നരേന്ദ്രമോദി അറിയിച്ചു. യു.എൻ സുരക്ഷാ കൗൺസിൽ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സമുദ്ര വ്യാപാര മേഖലയിലെ തടസങ്ങൾ നീക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം വിശദമാക്കി.
കോവിഡ് വൈറസ് വ്യാപനത്തെ തുടർന്ന് ജീവൻ നഷ്ടപ്പെട്ടവരെ അനുസ്മരിച്ചാണ് യുഎൻ സുരക്ഷാ കൗൺസിൽ യോഗം ആരംഭിച്ചത്. കടൽകൊള്ളക്കാരുടെ ആധിപത്യത്തിലുള്ള സമുദ്രപാതകൾ തിരിച്ച് പിടിക്കണമെന്ന് നരേന്ദ്ര മോദി യോഗത്തിൽ ആവശ്യപ്പെട്ടു. രാജ്യങ്ങൾക്കിടയിലെ തർക്കങ്ങൾ രമ്യമായി പരിഹരിക്കപ്പെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതാദ്യമായാണ് ഇന്ത്യൻ പ്രധാനമന്ത്രി സുരക്ഷ കൗൺസിൽ യോഗത്തിന്റെ അദ്ധ്യക്ഷനാകുന്നത്. സമുദ്ര സുരക്ഷയായിരുന്നു യോഗത്തിലെ പ്രധാന ചർച്ചാ വിഷയം.