ന്യൂഡൽഹി: ആഗോളതാപനത്തിനെതിരെ മുന്നറിയിപ്പ് നൽകി ഗവേഷകർ. കാലാവസ്ഥാ വ്യതിയാനവും ആഗോള താപനവും നിയന്ത്രിച്ചില്ലെങ്കിൽ ഭൂമിക്കും മനുഷ്യനും വൻ വിപത്താകുമെന്നാണ് റിപ്പോർട്ട്. സമുദ്രനിരപ്പ് ഉയരുന്നത് ഇന്ത്യയുൾപ്പെടെ നിരവധി രാജ്യങ്ങളെ ബാധിക്കുമെന്നും ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു. സമുദ്രനിരപ്പ് 7,517 കിലോമീറ്റർ തീരപ്രദേശമുള്ള ഇന്ത്യയിലെ ചെന്നൈ, കൊച്ചി, കൊൽക്കത്ത, മുംബൈ, സൂറത്ത്, വിശാഖപട്ടണം എന്നീ ആറു തുറമുഖ നഗരങ്ങൾക്കു ദോഷകരമാണെന്നും ഗവേഷകർ വ്യക്തമാക്കുന്നു. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ഇന്റർ ഗവൺമെന്റൽ പാനലിന്റെ (ഐപിസിസി) റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
സമുദ്ര നിരപ്പ് 50 സെന്റി മീറ്റർ ഉയർന്നാൽ തീരദേശത്തു പ്രളയമുണ്ടാവുകയും ഇവിടങ്ങളിലെ 28.6 ദശലക്ഷം ആളുകൾ ദുരിതത്തിലാവുകയും ചെയ്യും. ഏകദേശം 4 ട്രില്യൻ ഡോളറിന്റെ നഷ്ടം ഉണ്ടാകും. ആഗോള താപനത്തിനു മനുഷ്യരാകെ ഉത്തരവാദികളാണെന്നും റിപ്പോർട്ടിൽ വിശദീകരിക്കുന്നു. അടുത്ത ദശകങ്ങളിൽ ആഗോളതാപനം നേരത്തേ കണക്കുകൂട്ടിയതിനേക്കാൾ 1.5 ഡിഗ്രി സെൽഷ്യസിൽ കൂടുതലാകാനാണു സാധ്യത. ഹരിതഗൃഹവാതകങ്ങളുടെ ബഹിർഗമനം കുറച്ചില്ലെങ്കിൽ ആഗോളതാപനം 1.5 – 2 ഡിഗ്രി സെൽഷ്യസിൽ പരിമിതപ്പെടുത്തണമെന്ന ലക്ഷ്യം നിറവേറ്റാൻ കഴിയില്ല. 2030 ഓടെ സർക്കാരുകൾ ഹരിതഗൃഹവാതക ബഹിർഗമനം പകുതിയായി കുറയ്‌ക്കേണ്ടതുണ്ടെന്നു റിപ്പോർട്ട് വ്യക്തമാക്കുന്നു.
ലോകത്തിന്റെ എല്ലാ മേഖലകളെയും കാലാവസ്ഥാ വ്യതിയാനം ബാധിക്കുന്നുണ്ട്. കൂടുതൽ തീവ്രമായ മഴ, വെള്ളപ്പൊക്കം, പല പ്രദേശങ്ങളിലും കൂടുതൽ വരൾച്ച എന്നിവ ഇതിന്റെ ഭാഗമാണ്. സമുദ്രനിരപ്പ് ഉയരുന്നതു താഴ്ന്ന പ്രദേശങ്ങളിൽ നിരന്തരവും രൂക്ഷമായതുമായ തീരപ്രളയത്തിനും മണ്ണൊലിപ്പിനും കാരണമാകുന്നു. ഹിമാനി ഉരുകൽ, ഹിമപാളികളുടെ നഷ്ടം, സമുദ്ര താപതരംഗങ്ങൾ, സമുദ്രത്തിലെ അമ്ലവൽക്കരണവും ഓക്‌സിജന്റെ അളവ് കുറയലും എന്നിവയെല്ലാം അനന്തര ഫലങ്ങളണെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. യൂറോപ്യൻ യൂണിയനെ ഒരു ബ്ലോക്കായി കണക്കാക്കിയാൽ, നിലവിൽ ലോകത്തിലെ ഹരിതഗൃഹവാതക ബഹിർഗമനത്തിൽ ഇന്ത്യ നാലാം സ്ഥാനത്താണ്.

