രാജ്യത്ത് ഏകീകൃത യാത്രാ മാർഗ്ഗനിർദ്ദേശങ്ങൾ ഉടൻ ഉണ്ടാകും; പുതിയ നീക്കവുമായി കേന്ദ്ര സർക്കാർ

ന്യൂഡൽഹി: രാജ്യത്ത് ഏകീകൃത യാത്രാ മാർഗ്ഗനിർദ്ദേശങ്ങൾ ഉടൻ ഉണ്ടാകുമെന്ന് റിപ്പോർട്ട്. കോവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വ്യത്യസ്ത സംസ്ഥാനങ്ങളിൽ വിവിധ രീതിയിലുള്ള മാനദണ്ഡങ്ങളുള്ളത് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം.

കേന്ദ്ര ടൂറിസം അഡീഷണൽ ഡയറക്ടർ റുപീന്ദർ ബ്രാറാണ് ഇതുസംബന്ധിച്ച സൂചനകൾ നൽകിയതെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഫെഡറേഷൻ ഓഫ് ഇന്ത്യ ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്‌സ്ട്രി സംഘടിപ്പിച്ച ഇ-കോൺക്ലേവിൽ സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്ത് ഏകീകൃത യാത്രാ മാർഗ്ഗ നിർദ്ദേശങ്ങൾ ഉടൻ ഉണ്ടാകുമെന്നും ഇത് ആളുകൾക്ക് കൂടുതൽ വ്യക്തത നൽകുമെന്നും അദ്ദേഹം വിശദമാക്കി.

ആഭ്യന്തര യാത്രകൾ എല്ലാ സംസ്ഥാനങ്ങളിലും സന്തുലിതമാകണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. ഇതിനായുള്ള നടപടി ക്രമങ്ങൾ പുരോഗമിക്കുകയാണെന്നും ഇതുസംബന്ധിച്ച നിർദ്ദേശങ്ങൾ സംസ്ഥാനങ്ങൾക്ക് ഉടൻ കൈമാറുമെന്നും അദ്ദേഹം വ്യക്തമാക്കി. ആഭ്യന്തര യാത്രക്കാർക്കായി പരമ്പരാഗത ടൂറിസ്റ്റ് കേന്ദ്രങ്ങളോടൊപ്പം പുതിയ ലക്ഷ്യസ്ഥാനങ്ങളും തയാറാക്കുന്നുണ്ടെന്നും ന്യൂജെൻ സഞ്ചാരികളെ ഇത്തരം കേന്ദ്രങ്ങളിലേക്ക് ആകർഷിക്കാൻ വിമാനത്താവളങ്ങളിൽ കാമ്പയിനുകൾ നടത്തുമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പുതിയ കാല സഞ്ചാരികളുടെ ശ്രദ്ധ ആകർഷിക്കുന്നതിനായി ലക്ഷ്യസ്ഥാന വിപണന പ്രവർത്തനങ്ങൾക്കായി വിമാനത്താവളങ്ങൾ വലിയ രീതിയിൽ നോക്കിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.