General (Page 1,454)

തിരുവനന്തപുരം: ഒളിമ്പിക്സിൽ വെങ്കല മെഡൽ നേടിയ ഹോക്കീ ടീമിലെ മലയാളിയായ ശ്രീജേഷിന് സംസ്ഥാന സർക്കാർ അർഹമായ പാരിതോഷികം പ്രഖ്യാപിക്കാത്തതിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നു. ഒളിംപിക്‌സ് താരങ്ങൾക്കായി മറ്റ് സംസ്ഥാനങ്ങൾ പാരിതോഷികങ്ങൾ പ്രഖ്യാപിക്കുമ്പോഴാണ് കേരളത്തിന്റെ ഭാഗത്ത് നിന്നും ഇത്തരമൊരു ഉപേക്ഷ ഉണ്ടാകുന്നത്. സർക്കാർ ടോക്കിയോയിൽ നിന്നും നാട്ടിലെത്തിയ ശ്രീജേഷിനെ സ്വീകരിക്കാൻ വിമാനത്താവളത്തിലെത്തിയ കായിക മന്ത്രി സർക്കാർ പാരിതോഷികം പ്രഖ്യാപിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും ഇതുവരെ സർക്കാരിന്റെ ഭാഗത്ത് നിന്നും നടപടികളൊന്നും ഉണ്ടായിട്ടില്ല.

ഏറ്റവും കൂടുതൽ ഒളിംപിക്സ് മെഡലിസ്റ്റുകൾ ഉള്ള ഹരിയാന പാരിതോഷിക ഇനത്തിൽ മാത്രം പ്രഖ്യാപിച്ചത് 17.5 കോടി രൂപയാണ്. ഒളിംപിക്‌സിൽ സ്വർണ്ണ മെഡൽ നേടി രാജ്യത്തിന് അഭിമാനമായ മാറിയ നീരജ് ചോപ്രയ്ക്ക് ഹരിയാന സർക്കാർ ആറു കോടി രൂപയാണ് പാരിതോഷികം പ്രഖ്യാപിച്ചത്. പഞ്ചാബ് സർക്കാർ നീരജിന് രണ്ടു കോടി രൂപയും മണിപ്പൂർ സർക്കാർ ഒരു കോടി രൂപയും ബൈജൂസ് ആപ്പ് 2 കോടി രൂപയും എലാൻ ഗ്രൂപ്പ് 25 ലക്ഷം രൂപയും ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ 75 ലക്ഷം രൂപയും ബിസിസിഐ ഒരു കോടി രൂപയും സൂപ്പർ കിംഗ്‌സ് ഒരു കോടി രൂപയും പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.

ഭാരോദ്വാഹനത്തിൽ വെള്ളി മെഡൽ നേടി മീരാബായി ചാനുവിന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് 2 കോടി രൂപയും മണിപ്പൂർ സർക്കാർ ഒരു കോടി രൂപയും ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ 40 ലക്ഷം രൂപയും ബിസിസിഐ 50 ലക്ഷം രൂപയും ബൈജൂസ് ആപ്പ് 1 കോടി രൂപയുമാണ് പാരിതോഷികമായി പ്രഖ്യാപിച്ചിരിക്കുന്നത്.

ഗുസ്തിയിൽ വെള്ളി മെഡൽ നേടിയ രവി ദാഹിയയ്ക്ക് ഹരിയാന സർക്കാർ 4 കോടി രൂപയും ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ 40 ലക്ഷം രൂപയും ബിസിസിഐ 50 ലക്ഷം രൂപയും ബൈജൂസ് ആപ്പ് ഒരു കോടി രൂപയും സമ്മാനം പ്രഖ്യാപിച്ചു.

ബാഡ്മിന്റണിൽ വെങ്കലം നേടിയ പി വി സിന്ധുവിന് ആന്ധ്രാപ്രദേശ് 30 ലക്ഷം രൂപയും ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ 25 ലക്ഷം രൂപയും ബിസിസിഐ 25 ലക്ഷം രൂപയും ബൈജൂസ് ആപ്പ് 1 കോടി രൂപയും പാരിതോഷികം പ്രഖ്യാപിച്ചു.

ബോക്സിംഗിൽ വെങ്കലം നേടിയ ലവ്‌ലിന ബൊർഗോഹയിന് ആസ്സാം സ്പോർട്സ് പോളിസി പ്രകാരം 50 ലക്ഷം രൂപയും ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷൻ 25 ലക്ഷം രൂപയും ബിസിസിഐ 25 ലക്ഷം രൂപയും ബൈജൂസ് ആപ്പ് – 1 കോടി രൂപയും ആസാം കോൺഗ്രസ്സ് 3 ലക്ഷം രൂപയുമാണ് പാരിതോഷികമായി പ്രഖ്യാപിച്ചത്.

ഗുസ്തിയിൽ വെങ്കലം നേടിയ ബജ്റംഗ് പുനിയയ്ക്ക് ഹരിയാന സർക്കാർ 2.5 കോടി രൂപയും ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷൻ 25 ലക്ഷം രൂപയും ബിസിസി 25 ലക്ഷം രൂപയും ബൈജൂസ് ആപ്പ് 1 കോടി രൂപയും പാരിതോഷികമായി പ്രഖ്യാപിച്ചു.

ഒളിംപിക്‌സിൽ വെങ്കലം നേടിയ ഇന്ത്യൻ പുരുഷ ഹോക്കി ടീമിൽ ഹരിയാനയിൽ നിന്നുള്ള ടീമംഗങ്ങളായ സുരേന്ദർ കുമാറിനും സുമിത്തിനും 2.5 കോടി രൂപ വീതം ഹരിയാന സർക്കാർ സമ്മാനത്തുക പ്രഖ്യാപിച്ചു.

പഞ്ചാബിൽ നിന്നുള്ള 8 ടീമംഗങ്ങൾക്ക് ഓരോ കോടി രൂപ വീതം പഞ്ചാബ് സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷൻ ഹോക്കി ടീം അംഗങ്ങൾക്ക് 25 ലക്ഷം രൂപയും ബിസിസിഐ ടീമിന് 1.25 കോടി രൂപയും ബൈജൂസ് ആപ്പ് – 1 കോടി രൂപയും പ്രഖ്യാപിച്ചു. വി.പി.എസ്. ഹെൽത്ത് കെയർ – ശ്രീജേഷിന് 1 കോടി രൂപ സമ്മാനമായി നൽകും.

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ സ്ഥിരീകരിച്ച കോവിഡ് കേസുകളിൽ 55 ശതമാനത്തിൽ അധികവും റിപ്പോർട്ട് ചെയ്തത് കേരളത്തിൽ നിന്നും. കഴിഞ്ഞ 24 മണിക്കൂറിനിടെ 38,353 പുതിയ കേസുകളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. ഇതിൽ 21,119 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത് കേരളത്തിൽ നിന്നാണ്. 3,86,351 പേരാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ചികിത്സയിൽ കഴിയുന്നത്. 140 ദിവസങ്ങളിലെ ഏറ്റവും കുറഞ്ഞ കണക്കാണിത്. കഴിഞ്ഞ 24 മണിക്കൂറിൽ 497 പേർക്ക് കോവിഡ് ബാധയെ തുടർന്ന് ജീവൻ നഷ്ടപ്പെട്ടതായും ആരോഗ്യ മന്ത്രാലത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

രാജ്യത്തെ പുതിയ കോവിഡ് ബാധിതരിൽ 55.06 ശതമാനവും സ്ഥിരീകരിച്ചത് കേരളത്തിൽ നിന്നാണ്. മഹാരാഷ്ട്രയാണ് പ്രതിദിന രോഗബാധിതരുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്തുള്ളത്. 5609 കേസുകളാണ് മഹാരാഷ്ട്രയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തമിഴ്‌നാട്ടിൽ 1893 കേസുകളും ആന്ധ്രാ പ്രദേശിൽ 1461 കേസുകളും കർണാടക 1338 കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രാജ്യത്തെ പുതിയ രോഗികളുടെ 81.92 ശതമാനവും ഈ അഞ്ചു സംസ്ഥാനങ്ങളിൽ നിന്നാണ്.

കോവിഡ് ബാധിച്ച് കഴിഞ്ഞ ദിവസം മരണമടഞ്ഞവരുടെ കണക്കുകളിലും മുന്നിലുള്ള സംസ്ഥാനം കേരളമാണ്. 152 പേരാണ് ഇന്നലെ കേരളത്തിൽ മരിച്ചത്. 137 മരണങ്ങളുമായി മഹാരാഷ്ട്രയാണ് തൊട്ടു പിന്നിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിൽ 41,38.646 ഡോസ് വാക്‌സിനുകൾ വിതരണം ചെയ്തുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

കാബൂൾ: അഫ്ഗാനിസ്താനിൽ താലിബാൻ സ്വാധീനം വർധിക്കുന്നതിനിടെ തന്ത്രപരമായ നീക്കവുമായി റഷ്യ. കഴിഞ്ഞ ദിവസം അഫ്ഗാൻ അതിർത്തിയിൽ താജിക്കിസ്താനും ഉസ്ബക്കിസ്താനുമൊപ്പം റഷ്യ ആരംഭിച്ച സൈനിക അഭ്യാസത്തിനു പിന്നിൽ അഫ്ഗാൻ വിഷയത്തിൽ ഇടപെടുക എന്ന ലക്ഷ്യമുണ്ടെന്നാണ് നിരീക്ഷകരുടെ നിഗമനം.

നയതന്ത്ര മാർഗങ്ങളിലൂടെ അഫ്ഗാനിസ്താനിൽ ആഴത്തിൽ ഇടപെടാനാണ് റഷ്യയുടെ ശ്രമമെന്നാണ് റിപ്പോർട്ടുകൾ. മധ്യേഷ്യയിലെ തങ്ങളുടെ സാന്നിധ്യം വർദ്ധിപ്പിക്കുക, വൻശക്തി ഇമേജ് തിരിച്ചു പിടിക്കുക തുടങ്ങിയവയാണ് റഷ്യയുടെ പിന്നിലുള്ള ലക്ഷ്യങ്ങൾ.

ഉപരിതല വ്യോമ മിസൈൽ ലോഞ്ചറുകളും പുതിയ റഷ്യൻ വെടിക്കോപ്പുകളും ഉൾപ്പെടെയുള്ള ആയുധങ്ങളുമായാണ് അഫ്ഗാനിസ്താൻ-താജിക്കിസ്താൻ അതിർത്തിയിൽ സൈനിക അഭ്യാസം ആരംഭിച്ചത്. താലിബാന്റെ മുന്നേറ്റം താജിക്കിസ്താൻ അതിർത്തി പ്രദേശത്തേക്ക് നീങ്ങുന്ന സാഹചര്യത്തിലാണ് പുതിയ നടപടി. രണ്ടായിരത്തഞ്ഞൂറ് സൈനികർ, നൂറു കണക്കിന് കവചിത വാഹനങ്ങൾ,, ഇരുപത്തഞ്ച് വിമാനങ്ങൾ എന്നിവയടങ്ങിയ സൈനിക അഭ്യാസമാണ് മേഖലയിൽ നടക്കുന്നത്.

താജിക്കിസ്താന്റെ സുരക്ഷ, അഫ്ഗാനിസ്താനിലെ അരക്ഷിതാവസ്ഥ വെച്ചുനീട്ടുന്ന അവസരങ്ങൾ, നയതന്ത്രശ്രമങ്ങളിലൂടെ വൻശക്തി ഇമേജ് തിരിച്ചുപിടിക്കാനുള്ള ആഗ്രഹം തുടങ്ങി മൂന്ന് ഘടകങ്ങളാണ് റഷ്യയുടെ പുതിയ പദ്ധതിക്കു പിന്നിലെന്നാണ് ഓക്സ്ഫഡ് സർവകലാശാലയിലെ രാജ്യാന്തര പഠനവിദഗ്ധനായ സാമുവൽ റാമനി വിശദമാക്കുന്നത്. ടർക്കി പ്രസിദ്ധീകരണമായ ടി ആർ ടി വേൾഡിൽ എഴുതിയ ലേഖനത്തിലാണ് അദ്ദേഹം ഇക്കാര്യം വിശദമാക്കിയത്.

തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യശാലകളിൽ നിന്നും മദ്യം വാങ്ങാൻ പുതിയ മാർഗനിർദ്ദേശം. ഒരു ഡോസ് വാക്‌സിനോ ആർടിപിസിആർ നെഗറ്റിവ് സർട്ടിഫിക്കറ്റോ ഉള്ളവർക്ക് മാത്രമേ ബുധനാഴ്ച്ച മുതൽ മദ്യം വാങ്ങാൻ കഴിയൂ. ബെവ്‌കോ ഔട്ട്‌ലെറ്റുകൾക്ക് മുന്നിൽ ഇത് സംബന്ധിച്ച നോട്ടിസ് പതിക്കാൻ കോർപ്പറേഷൻ നിർദ്ദേശം നൽകി.

72 മണിക്കൂർ മുൻപെടുത്ത ആർടിപിസിആർ സർട്ടിഫിക്കറ്റാണ് വേണ്ടത്. കോവിഡ് വാക്‌സിന്റെ ഒരു ഡോസ് സ്വീകരിച്ചവർക്കും ഒരു മാസത്തിന് മുൻപ് കോവിഡ് പോസിറ്റീവായവർക്കും ഇളവ് അനുവദിച്ചിട്ടുണ്ട്.

കടകൾക്കുള്ള മാർഗനിർദ്ദേശം മദ്യവിൽപ്പനക്കും ബാധകമാക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. തുടർന്നാണ് സർക്കാർ മദ്യവിൽപ്പന ശാലകൾക്കായി പുതിയ മാർഗനിർദ്ദേശം പുറപ്പെടുവിച്ചത്. മദ്യശാല വിഷയത്തിൽ സർക്കാരിനെതിരെ കോടതി രൂക്ഷമായ വിമർശനങ്ങളാണ് ഉന്നയിച്ചിരുന്നത്. സംസ്ഥാന സർക്കാരിന്റെ പുതുക്കിയ കൊവിഡ് മാർഗ്ഗനിർദ്ദേശങ്ങൾ എന്തുകൊണ്ടാണ് മദ്യവിൽപ്പനശാലകൾക്ക് ബാധകമാക്കാത്തതെന്നായിരുന്നു കോടതിയുടെ ചോദ്യം. കോവിഡ് കാലത്ത് മദ്യവിൽപ്പന ശാലകളിലെ തിരക്കിൽ കോടതി ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

തിരുവനന്തപുരം: പ്രതിവാര ഇൻഫക്ഷൻ പോപ്പുലേഷൻ റേഷ്യോ (WIPR) എട്ടിനു മുകളിലുള്ള പ്രദേശങ്ങളിൽ ലോക്ഡൗൺ ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് അവലോകന യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ഡബ്ല്യു.ഐ.പി.ആർ നിരക്ക് 14 ൽ കൂടുതലുള്ള ജില്ലകളിൽ മൈക്രോ കണ്ടയ്ൻമെന്റ് സോണുകൾ 50 ശതമാനത്തിലധികം വർദ്ധിപ്പിക്കും. ശബരിമലയിൽ മാസപൂജക്ക് പ്രതിദിനം 15,000 പേർക്ക് പ്രവേശനം അനുവദിക്കും. ആഗസ്റ്റ് 15 ന് നട തുറക്കുമ്പോൾ രണ്ടു ഡോസ് വാക്സിനോ 72 മണിക്കൂറിനകമുള്ള കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റോ ഉള്ളവർക്ക് വെർച്വൽ ക്യൂ വഴി ദർശനം അനുവദിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ഓണത്തിന് ആൾക്കൂട്ടമുണ്ടാവുന്ന പരിപാടികൾ അനുവദിക്കില്ല. ബീച്ചുകളിൽ നിയന്ത്രണമുണ്ടാകും. ലൈസൻസ് ഉള്ളവർക്കു മാത്രമാകും വഴിയോരക്കച്ചവടം അനുവദിക്കുക. തദ്ദേശ സ്വയംഭരണ സ്ഥാപനാടിസ്ഥാനത്തിൽ വ്യാപാരികളുടെ യോഗം വിളിക്കും. ഒരു പോലീസ് സ്റ്റേഷൻ പരിധിയിൽ വ്യത്യസ്ത തദ്ദേശ സ്ഥാപനങ്ങളുണ്ടെങ്കിൽ ഓരോ സ്ഥാപനത്തിന്റെയും യോഗം വെവ്വേറെ വിളിക്കും. തദ്ദേശ സ്ഥാപന അധ്യക്ഷന്മാർ കൂടി പങ്കെടുത്തുകൊണ്ടാകും യോഗം.

ഇതുവരെ വാക്സിൻ ലഭ്യമാകാത്തവർക്കും ചില അസുഖങ്ങൾ കാരണം വാക്സിൻ സ്വീകരിക്കാൻ കഴിയാത്തവർക്കും അവശ്യസാധനങ്ങൾ വാങ്ങുന്നതിനു കടകളിൽ പോകാൻ അനുവദിക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. കടകളിലും മറ്റും പോകാൻ അർഹതാ മാനദണ്ഡമുള്ള ആരും തന്നെ വീട്ടിലില്ലെങ്കിൽ അവശ്യസാധനങ്ങൾ വാങ്ങാൻ കടകളിൽ പോകാവുന്നതാണ്. ഇത്തരത്തിലുള്ള വീടുകളിൽ ഹോം ഡെലിവറി ചെയ്യാൻ വ്യാപാരികൾ ശ്രദ്ധിക്കണം. അവർക്ക് കടകളിൽ പ്രത്യേക പരിഗണന നൽകണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു.

പീഡിയാട്രിക് സൗകര്യങ്ങൾ വർദ്ധിപ്പിക്കും. വിദേശത്തു പോകാനായി വിമാനത്താവളങ്ങളിൽ എത്തുന്നവർക്ക് ആർ ടി പി സി ആർ ടെസ്റ്റ് നടത്തുന്നതിനു ഏകീകൃത നിരക്ക് നിശ്ചയിക്കും. സ്വകാര്യ ആശുപത്രികൾക്കു നൽകാനായി 20 ലക്ഷം ഡോസ് വാക്സിൻ വാങ്ങാനുള്ള നടപടികൾ പൂർത്തിയായി. ഏതൊക്കെ ആശുപത്രികൾക്ക് എത്ര വാക്സിൻ എന്നത് നേരത്തെ ധാരണയുണ്ടാക്കണമെന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വാക്സിൻ നൽകാനുള്ള സൗകര്യങ്ങൾ മുൻകൂട്ടി ഒരുക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: ആധുനിക ശാസ്ത്ര – സമൂഹ ബോധത്തിന്റെ അടിസ്ഥാനത്തിൽ പാഠ്യപദ്ധതി പരിഷ്‌കരിക്കാനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്. മന്ത്രി വി ശിവൻകുട്ടിയാണ് ഇക്കാര്യം അറിയിച്ചത്. 2022 ജനുവരി മാസത്തിന് മുമ്പ് തന്നെ പാഠ്യപദ്ധതി ചട്ടക്കൂടിന്റെ കരട് തയ്യാറാക്കുമെന്നും അദ്ദേഹം നിയമസഭയിൽ പറഞ്ഞു.

സാങ്കേതിക വിദ്യ, പ്രകൃതിദുരന്തങ്ങളെ അഭിമുഖീകരിക്കാൻ തയ്യാറെടുക്കൽ, മാലിന്യനിർമാർജനം, കുടിവെള്ള സംരക്ഷണം, ഊർജ്ജ സംരക്ഷണം തുടങ്ങിയ കാര്യങ്ങളൊക്കെ പാഠ്യപദ്ധതിയുടെ ഭാഗമാകും. ലിംഗ സമത്വം, ലിംഗ തുല്യത, ലിംഗാവബോധം എന്നിവയെല്ലാം ഉളവാകാൻ ആവശ്യമായ അംശങ്ങൾ പാഠ്യപദ്ധതിയുടെ ഭാഗമാക്കാൻ നടപടി ഉണ്ടാകും. 2013 ലാണ് അവസാനമായി പാഠ്യപദ്ധതി പരിഷ്‌കരണം നടന്നതെന്ന്’ അദ്ദേഹം വ്യക്തമാക്കി.

പ്രീ സ്‌കൂൾ മുതൽ ഹയർസെക്കൻഡറി തലം വരെ സ്‌കൂൾ സംവിധാനങ്ങൾ ഏകീകരിക്കാനുള്ള പ്രവർത്തനം ഖാദർ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടരും. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പരിധിയിൽ വരുന്ന സ്ഥാപനങ്ങൾ നടത്തുന്ന വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ മികവാർന്ന നിലയിൽ നടപ്പാക്കാൻ ക്രമീകരണം ഏർപ്പെടുത്തും. അധ്യാപകർക്ക് കൂടുതൽ പരിശീലനം നൽകി പ്രൊഫഷനലിസം വർദ്ധിപ്പിക്കും.

പ്രീ പ്രൈമറി രംഗത്ത് ക്‌ളസ്റ്റർ അധിഷ്ഠിത ഇടപെടൽ നടത്തും . ഓൺലൈൻ ക്ലാസുകൾ ഫലപ്രദമായി ആവിഷ്‌കരിച്ച് നടപ്പാക്കും. ഗണിതപഠനം ‘മഞ്ചാടി’ ശാസ്ത്രപഠനം ‘മഴവില്ല്’ പദ്ധതികൾ വിജയിപ്പിക്കാൻ വേണ്ട പ്രവർത്തനങ്ങൾ നടത്തും. കുട്ടികളുടെ സമഗ്ര വികസനം സാധ്യമാക്കുന്നതിന് പ്രയോഗ കേന്ദ്രങ്ങളായി ഒരു ജില്ലയിലെ ഒരു സ്‌കൂളിനെ മാറ്റിയെടുക്കാൻ കഴിയുമോ എന്ന കാര്യം പരിശോധിക്കും. പൊതുവിദ്യാലയങ്ങളിൽ എത്തുന്ന മുഴുവൻ കുട്ടികൾക്കും സാമൂഹ്യനീതിയിലധിഷ്ഠിതമായ ഗുണമേന്മാ വിദ്യാഭ്യാസം പ്രധാനം ചെയ്യാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ന്യൂഡൽഹി: സംസ്ഥാനങ്ങൾക്ക് റവന്യു കമ്മി ഗ്രാന്റിന്റെ അഞ്ചാമത്തെ ഗഡു അനുവദിച്ച് കേന്ദ്ര സർക്കാർ. സംസ്ഥാനങ്ങൾക്ക് 9,871 കോടി രൂപയാണ് റവന്യൂ കമ്മി ഗ്രാന്റിന്റെ അഞ്ചാമത്തെ പ്രതിമാസ ഗഡുവായി ധനകാര്യ മന്ത്രാലയം വിതരണം ചെയ്തത്. ഈ സാമ്പത്തിക വർഷത്തിൽ യോഗ്യതയുള്ള സംസ്ഥാനങ്ങൾക്ക് 49,355 കോടി രൂപയാണ് കേന്ദ്ര സർക്കാർ ഇതുവരെ അനുവദിച്ചത്.

റവന്യു കമ്മി ഗ്രാന്റ് വഴി ഏറ്റവും അധികം തുക ലഭിച്ചത് കേരളത്തിനാണ്. കേരളത്തിന് അഞ്ചാം ഗഡുവായി 1657.58 കോടി രൂപയാണ് ലഭിച്ചത്. ആകെ 8287. 92 കോടി രൂപ കേരളത്തിന് ലഭ്യമായി. പതിനഞ്ചാം ധനകാര്യകമ്മീഷൻ മൊത്തം റവന്യൂകമ്മി ഗ്രാന്റ് ഇനത്തിൽ 2021-22 സാമ്പത്തിക വർഷത്തിൽ 17 സംസ്ഥാനങ്ങൾക്ക് 1,18,452 കോടി രൂപ ശുപാർശ ചെയ്തിട്ടുണ്ടെന്നും ഇതിൽ നിന്നും 49,355 കോടി രൂപ(41.67%) ആണ് ഇതുവരെ വിതരണം ചെയ്തതെന്നും കണക്കുകൾ വ്യക്തമാക്കുന്നു. കേരളത്തിന് ശേഷം റവന്യു കമ്മി ഗ്രാന്റ് വഴി ഏറ്റവും അധികം തുക ലഭിച്ച മറ്റൊരു സംസ്ഥാനമാണ് ആന്ധ്രാപ്രദേശ്. 7190 കോടി രൂപയാണ് ആന്ധ്രാപ്രദേശിന് ലഭിച്ചത്.

കച്ച്: ലോകത്തിലെ ഏറ്റവും സമ്പന്നമായ ഗ്രാമം ഇന്ത്യയിൽ. കേൾക്കുമ്പോൾ അതിശയം തോന്നുമെങ്കിലും ഇത് സത്യം തന്നെയാണ്. ഗുജറാത്തിലുള്ള കച്ച് ജില്ലയിലെ മദാപ്പർ ഗ്രാമമാണ് ഏറ്റവും സമ്പന്നമായ ഗ്രാമം. ഈ ഗ്രാമത്തിൽ മാത്രം 17 ബാങ്കുകളാണ് പ്രവർത്തിക്കുന്നത്. ഇവിടെ ജീവിക്കുന്നവരുടെ നിക്ഷേപം 5,000 കോടി വരുമെന്നാണ് കണക്കാക്കപ്പെടുന്നത്. 7,600 വീടുകളാണ് ഇവിടെയുള്ളത്. ഈ ഗ്രാമത്തിലെ ഒരാളുടെ ശരാശരി ബാങ്ക് നിക്ഷേപം 15 ലക്ഷം രൂപയാണ്.

ബാങ്കുകൾക്ക് പുറമേ സ്‌കൂളുകളും, കോളേജുകളും, ഡാമുകളും, ആശുപത്രികളും എല്ലാം നിറഞ്ഞതാണ് ഈ ഗ്രാമം. ഗ്രാമത്തിലെ എല്ലാ വീട്ടിൽ നിന്നും ആരെങ്കിലും വിദേശത്ത് ജോലി ചെയ്യുന്നു എന്നതാണ് ഈ ഗ്രാമീണർക്ക് ഇത്രയും പണം ലഭിക്കാൻ കാരണം. യുകെ, യുഎസ്എ, ആഫ്രിക്ക, ഗൾഫ് തുടങ്ങിയ ഇടങ്ങളിലാണ് ഈ ഗ്രാമത്തിലുള്ളവർ ജോലി ചെയ്യുന്നത്. ഈ ഗ്രാമത്തിലെ 65 ശതമാനം പേർ എൻആർഐകളാണെന്ന് തന്നെ പറയാം. വിദേശത്ത് ജോലി ചെയ്യുന്നവർ അവരുടെ കുടുംബാംഗങ്ങൾക്കും ബന്ധുക്കൾക്കും പണം അയക്കും. ഇതിനോടൊപ്പം വിദേശത്തെ ജോലി മതിയാക്കി ഇവിടെ വന്ന് സംരംഭം തുടങ്ങിയവരുമുണ്ട്.

മദാപ്പർ വില്ലേജ് അസോസിയേഷൻ ലണ്ടനിൽ ആരംഭിച്ചുവെന്ന് പറയുമ്പോൾ വിദേശത്തെ ഈ ഗ്രാമത്തിന്റെ പിടിപാട് എത്രത്തോളം ഉണ്ടെന്ന് മനസിലാകും. ഇതേ അസോസിയേഷന്റെ ഒരു ഘടകം ഗ്രാമത്തിലും പ്രവർത്തിക്കുന്നുണ്ട്. പൂർണ്ണമായും വിദേശത്ത് കുടിയേറിയവർ പോലും ഈ ഗ്രാമത്തിലെ ബാങ്കുകളിൽ തങ്ങളുടെ ബന്ധുക്കൾ വഴി നിക്ഷേപം നടത്തുന്നുണ്ട്.

തിരുവനന്തപുരം: മെഡിക്കൽ പി.ജി. ഡോക്ടർമാരുടെ സംഘടനാ പ്രതിനിധികളുമായി ചർച്ച നടത്തി ആരോഗ്യ മന്ത്രി വീണാ ജോർജ്. പി.ജി. ഡോക്ടർമാർ ഉന്നയിച്ച പ്രശ്‌നങ്ങളിൽ അനുകൂല നിലപാട് സ്വീകരിക്കുമെന്ന് മന്ത്രി സംഘടനാ പ്രതിനിധികളെ അറിയിച്ചു. ജോലിഭാരം കൂടുന്നുവെന്ന പരാതി പരിഹരിക്കുന്നതിന് പി.ജി. വിദ്യാർത്ഥികളുടെ വിദ്യാഭ്യാസത്തെ ബാധിക്കാത്ത രീതിയിലുള്ള പദ്ധതി തയ്യാറാക്കുന്നതാണെന്നും മന്ത്രി ഉറപ്പു നൽകി.

മെഡിക്കൽ വിദ്യാഭ്യാസത്തിനും സർക്കാർ വളരെ പ്രാധാന്യം നൽകുന്നു. മെഡിക്കൽ കോളേജുകളിൽ നോൺ കോവിഡ് ചികിത്സ ശക്തിപ്പെടുത്തി വരുന്നതായും മന്ത്രി പറഞ്ഞു.

മെഡിക്കൽ കോളേജുകളുടെ അധികഭാരം കുറയ്ക്കുന്നതിനായി ജില്ലാ, ജനറൽ ആശുപത്രികളെ ശക്തിപ്പെടുത്താൻ തീരുമാനിച്ചിരുന്നു. മെഡിക്കൽ കോളേജുകളുടെ ഭാരം കുറയ്ക്കാനായി ദ്വിതീയ തലത്തിലെ പെരിഫെറൽ ആശുപത്രികളിലുള്ള ഐ.സി.യു. ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതാണ്. ഈ ഐ.സി.യു.കളെ മെഡിക്കൽ കോളേജുകളുമായി ഓൺലൈനായി ബന്ധിപ്പിക്കുന്നതാണ്. ഇതിലൂടെ ജില്ലാ, ജനറൽ ആശുപത്രികളിലെ ഐ.സി.യു. രോഗികളുടെ ചികിത്സയിൽ മെഡിക്കൽ കോളേജിലെ ഡോക്ടർമാർക്ക് കൂടി ഇടപെട്ട് തീരുമാനമെടുക്കാൻ സാധിക്കുമെന്ന് വീണാ ജോർജ് വ്യക്തമാക്കി.

പി.ജി. വിദ്യാർത്ഥികളുടെ സ്റ്റൈപെൻഡ് വർധിപ്പിക്കുന്ന കാര്യം സർക്കാരിന്റെ സജീവ പരിഗണനയിലാണ്. ധനകാര്യ വകുപ്പ് മന്ത്രിയുമായി ആലോചിച്ച് ഇതിൽ തീരുമാനമെടുക്കുന്നതാണ്. ഹൗസ് സർജൻമാരുടെ റിസൾട്ട് എത്രയും വേഗം പുറത്ത് വരാനും ശ്രമിക്കുന്നതാണെന്നും മന്ത്രി വിശദമാക്കി. ആരോഗ്യ വകുപ്പ് സെക്രട്ടറി ഡോ. രാജൻ എൻ. ഖോബ്രഗഡെ, മെഡിക്കൽ വിദ്യാഭ്യാസ ജോ. ഡയറക്ടർ ഡോ. തോമസ് മാത്യു, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. സാറ വർഗീസ്, പി.ജി. ഡോക്ടർമാരുടെ സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.

തിരുവനന്തപുരം: സംസ്ഥാനത്തെ ജയിലുകളിൽ കഴിയുന്ന തടവുപുള്ളികളുടെ യൂണിഫോം പരിഷ്‌കരിക്കാൻ ശുപാർശ. പുരുഷന്മാർക്ക് മുണ്ടിന് പകരം പാന്റ്‌സും ഷർട്ടും സ്ത്രീകൾക്ക് ചുരിദാറും കുർത്തയും നൽകണമെന്നാണ് ശുപാർശ. ജയിൽ വകുപ്പാണ് ഇതുസംബന്ധിച്ച ശുപാർശ നൽകിയത്. പത്തുവർഷത്തിനുള്ളിൽ ജയിലുകളിൽ നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതികൾ സംബന്ധിച്ച് ജയിൽ വകുപ്പ് സർക്കാരിന് സമർപ്പിച്ച മിഷൻ 2030 രൂപരേഖയിലാണ് ഇക്കാര്യങ്ങൾ ശുപാർശ ചെയ്തിരിക്കുന്നത്.

നിലവിൽ ജയിലിലെ പുരുഷ തടവുകാർക്ക് മുണ്ടും ഷർട്ടും വനിതകൾക്ക് മുണ്ടും ചട്ടയുമാണ് വേഷം. എല്ലാ തടവുകാർക്കും കട്ടിൽ, ബെഡ്ഷീറ്റ്, തലയണ, കൊതുകുവല, പുതപ്പ്, പേസ്റ്റ്, ബ്രഷ് തുടങ്ങിയവ നൽകണമെന്നും ശുപാർശയുണ്ട്. മുൻഗണന നൽകേണ്ട 10 പദ്ധതികളെക്കുറിച്ച് ജയിൽ ഉദ്യോഗസ്ഥരിൽ നിന്ന് അഭിപ്രായങ്ങൾ ക്ഷണിക്കുകയും ചെയ്തു. സർക്കാർ ശുപാർശ പരിശോധിച്ച ശേഷമായിരിക്കും ഇക്കാര്യത്തിൽഅന്തിമ തീരുമാനം ഉണ്ടാകുക.

ജയിലുകളിൽ മാനസികാരോഗ്യ കേന്ദ്രങ്ങൾ തുടങ്ങണം, കൂടുതൽ തുറന്ന ജയിലുകൾ ആരംഭിക്കണം, തടവുകാരുടെ പ്രതിഫലം വർദ്ധിപ്പിക്കണം, ജയിലുകളിലെ മനുഷ്യവിഭവശേഷി ഉപയോഗപ്പെടുത്തി കൂടുതൽ മൂല്യവർദ്ധിത ഉത്പന്നങ്ങൾ നിർമിക്കുക, ജയിൽ ആശുപത്രി സ്ഥാപിക്കുക, തിരുവനന്തപുരം സെൻട്രൽ ജയിലിനെ മാതൃകാ ജയിലാക്കുക, ജയിലുകളിലെ ഉത്പാദന യൂണിറ്റുകൾ ആധുനീകരിച്ച് മികച്ച ഗുണനിലവാരമുള്ള ഉത്പന്നങ്ങൾ ബ്രാൻഡ് ചെയ്ത് വിപണിയിലെത്തിക്കുക, നിലവിലെ സോപ്പ്, ഫിനോയിൽ യൂണിറ്റുകളിൽ ഹാൻഡ് വാഷ്, കാർവാഷ്, ഫ്‌ലോർ ക്ലീനറുകൾ തുടങ്ങിയവ നിർമിക്കുക, ചീമേനി തുറന്ന ജയിലിലെ കല്ലുവെട്ട് യൂണിറ്റിൽ ലാറ്ററൈറ്റ് ടൈൽ നിർമാണം ആരംഭിക്കുക, കശുവണ്ടി സംസ്‌കരണ യൂണിറ്റ് തുടങ്ങുക എന്നീ നിർദ്ദേശങ്ങളും ജയിൽ വകുപ്പ് നൽകിയ ശുപാർശയിലുണ്ട്.