General (Page 1,456)

തിരുവനന്തപുരം: സംസ്ഥാനത്തെ വാക്സിൻ സ്ഥിതി വിലയിരുത്താൻ മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പിന്റെ അടിയന്തര യോഗം ചേർന്നു. സംസ്ഥാനത്ത് വാക്സിൻ ക്ഷാമം രൂക്ഷമാണെന്ന് യോഗം വിലയിരുത്തി. വളരെ കുറച്ച് വാക്സിൻ മാത്രമാണിനി സ്റ്റോക്കുള്ളത്. പതിനൊന്നാം തീയതിയാണ് വാക്സിൻ വരുമെന്ന് കേന്ദ്രം അറിയിച്ചിട്ടുള്ളത്. വാക്സിൻ ക്ഷാമം കാരണം പല വാക്സിനേഷൻ കേന്ദ്രങ്ങളും ചൊവ്വാഴ്ച പ്രവർത്തിക്കാൻ പറ്റാത്ത അവസ്ഥയാണുള്ളത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, വയനാട് ജില്ലകളിൽ വാക്സിൻ പൂർണമായും തീർന്ന അവസ്ഥയാണുള്ളത്. വാക്സിൻ സ്റ്റോക്കുള്ള കേന്ദ്രങ്ങളിൽ പൂർണമായും നൽകി തീർക്കുന്നതാണ്. ഇക്കാര്യം കേന്ദ്ര ആരോഗ്യ മന്ത്രാലയത്തെ അറിയിച്ചിട്ടുണ്ട്. എത്രയും വേഗം സംസ്ഥാനത്തിന് കേന്ദ്രം കൂടുതൽ വാക്സിൻ ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് ആരംഭിച്ച വാക്സിനേഷൻ യജ്ഞം വാക്സിൻ ലഭ്യമാകുന്ന മുറയ്ക്ക് ശക്തമാക്കാൻ നിർദേശം നൽകി. വാക്സിനേഷൻ വർധിപ്പിച്ച് പരമാവധി പേർക്ക് വാക്സിൻ നൽകാനാണ് ഈ യജ്ഞത്തിലൂടെ ശ്രമിക്കുന്നത്. ഘട്ടം ഘട്ടമായിട്ടായിരിക്കും വാക്സിനേഷൻ യജ്ഞം നടപ്പിലാക്കുക. ആദ്യ ഘട്ടത്തിൽ 60 വയസിന് മുകളിൽ പ്രായമുള്ള എല്ലാവർക്കും ആദ്യ ഡോസ് വാക്സിനെങ്കിലും നൽകുക എന്നതാണ് ലക്ഷ്യം. ഈ വിഭാഗത്തിലുള്ള 9 ലക്ഷത്തോളം ആൾക്കാരാണ് ഇനി ആദ്യ ഡോസ് വാക്സിനെടുക്കാനുള്ളത്. അവർക്ക് ആഗസ്റ്റ് 15നുള്ളിൽ തന്നെ ആദ്യ ഡോസ് വാക്സിൻ നൽകി തീർക്കാനും നിർദേശം നൽകി. പ്രതിദിനം 5 ലക്ഷത്തോളം പേർക്ക് വാക്സിൻ നൽകാൻ കഴിയുമെന്ന് സംസ്ഥാനം തെളിച്ചതാണ്. വാക്സിൻ ലഭ്യമാകുന്ന മുറയ്ക്ക് രണ്ട് മൂന്ന് ദിവസത്തിനുള്ളിൽ ഈ വിഭാഗത്തിന് പൂർണമായും ആദ്യ ഡോസ് വാക്സിൻ നൽകാൻ സാധിക്കുന്നതാണ്. ഇതിനായി പ്രത്യേക പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി.

ഇന്ന് 2,49,943 പേർക്കാണ് വാക്സിൻ നൽകിയത്. സംസ്ഥാനത്ത് ഇതുവരെ ഒന്നും രണ്ടും ഡോസ് ചേർത്ത് ആകെ 2,20,88,293 പേർക്കാണ് വാക്സിൻ നൽകിയത്. അതിൽ 1,56,63,417 പേർക്ക് ഒന്നാം ഡോസ് വാക്സിനും 64,24,876 പേർക്ക് രണ്ടാം ഡോസ് വാക്സിനുമാണ് നൽകിയത്. 2021-ലെ എസ്റ്റിമേറ്റ് ജനസംഖ്യ അനുസരിച്ച് 44.63 ശതമാനം പേർക്ക് ഒന്നാം ഡോസും 18.3 ശതമാനം പേർക്ക് രണ്ടാം ഡോസ് വാക്സിൻ നൽകിയെന്ന് ആരോഗ്യ മന്ത്രി അറിയിച്ചു.

തിരുവനന്തപുരം: ഹൈവേ തുരങ്കങ്ങളിൽ ലോകവിസ്മയമായ അടൽ ടണലിന്റെ നിർമ്മാണത്തിന് പിന്നിൽ പ്രവർത്തിച്ച മലയാളി കെ.പി. പുരുഷോത്തമന്റെ സേവനം ഇനി കേരളത്തിൽ. കെ പി പുരുഷോത്തമൻ കിഫ്ബിയുടെ പദ്ധതി അവലോകനത്തിന്റെ ചുമതലയുള്ള എക്സിക്യുട്ടീവ് ഡയറക്ടറായി ചുമതലയേറ്റു. ബോർഡർ റോഡ്സ് ഓർഗനൈസേഷന്റെ (ബി.ആർ.ഒ.) മുൻ അഡീഷണൽ ഡയറക്ടർ ജനറലായിരുന്നു അദ്ദേഹം.

4,000 കോടിയുടെ 918 പദ്ധതികൾക്കാണ് കിഫ്ബി ധനാനുമതി നൽകിയിട്ടുള്ളത്. പദ്ധതികൾ അവലോകനം ചെയ്ത് അംഗീകരിക്കേണ്ട വിഭാഗത്തിന്റെ നേതൃത്വം ഇനി പുരുഷോത്തമനായിരിക്കും. അദ്ദേഹത്തിന്റെ ജീവിതത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ കാര്യങ്ങളിലൊന്നായിരുന്നു അടൽ ടണലിന്റെ നിർമ്മാണം. ലോകത്തിലെ ഏറ്റവും നീളം കൂടിയ ടണലാണിത്. 750 സാങ്കേതിക വിദഗ്ധരും മൂവായിരത്തോളം തൊഴിലാളികളും ചേർന്ന് പത്ത് വർഷം കൊണ്ടാണ് തുരങ്ക നിർമ്മാണം പൂർത്തിയാക്കിയത്.

1987 ലാണ് പുരുഷോത്തമൻ ബോർഡർ റോഡ് ഓർഗനൈസേഷനിൽ എൻജിനീയറായി ജോലിയിൽ പ്രവേശിക്കുന്നത്. പ്രതികൂല കാലാവസ്ഥയോടും മറ്റും പൊരുതിയും അഹോരാത്രം പ്രയത്‌നിച്ചും നിരവധി പദ്ധതികൾ അദ്ദേഹം വിജയകരമായി പ്രോത്സാഹിപ്പിച്ചു. അരുണാചലിലെ ചേലാ ടണൽ, സിക്കിമിലെ ടണൽ എന്നിവയുടെ നിർമ്മാണത്തിലും അദ്ദേഹം പങ്കുവഹിച്ചു. കണ്ണൂർ പോളിടെക്‌നിലെ പഠനത്തിനു ശേഷം ഡൽഹിയിൽ നിന്നും കൺസ്ട്രക്ഷൻ മാനേജ്‌മെന്റിൽ ഡിപ്ലോമ നേടിയ അദ്ദേഹം മികച്ച പ്രവർത്തനത്തിന് വിശിഷ്ട സേവാ മെഡൽ കരസ്ഥമാക്കിയിട്ടുണ്ട്. ഏതാനും വർഷം മുമ്പ് കേരളത്തിലെ റോഡുകളുടെ ഗുണനിലവാരം പരിശോധിക്കാനുള്ള കമ്മിറ്റിയുടെ മേൽനോട്ടവും പുരുഷോത്തമനായിരുന്നു. പദ്ധതികളുടെ മൂല്യനിർണയത്തിലും നിർവഹണത്തിലും മാനേജ്മെന്റിനെ സഹായിക്കാനാണ് അദ്ദേഹത്തെ കിഫ്ബിയിൽ നിയമിച്ചിരിക്കുന്നത്.

തിരുവനന്തപുരം: മുസ്ലീം ലീഗിലെ വിവാദത്തിന് പിന്നിൽ സിപിഎം ആണെന്ന ആരോപണത്തിനെതിരെ മറുപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. ലീഗ് ചെന്നെത്തിയ ദുരവസ്ഥ എല്ലാവർക്കുമറിയാമെന്നും വിവാദങ്ങൾക്ക് പിന്നിൽ സിപിഎം ആണെന്ന പ്രസ്താവന പരിഹാസ്യമാണെന്നും അദ്ദേഹം പറഞ്ഞു. സിപിഎം ചന്ദ്രിക പത്രത്തിന് ഇ.ഡി നോട്ടീസ് അയച്ചതടക്കമുള്ള കാര്യങ്ങൾ വസ്തുതകളാണ്. സിപിഎമ്മിനെതിരെ ആരോപണം ഉന്നയിച്ച് ലീഗിന് തടിതപ്പാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ലീഗ് ഓഫീസിൽ നടന്ന സംഭവങ്ങൾ ലീഗിലെ പ്രശ്നം എന്നല്ലാതെ സിപിഎമ്മുമായി ബന്ധപ്പെട്ട പ്രശ്നമല്ല. ലീഗിനകത്ത് അഗാധമായ പ്രതിസന്ധിയുണ്ട്. ലീഗിനുള്ളിൽ വലിയ അഭിപ്രായ വ്യത്യാസമുണ്ടെന്ന് വ്യക്തമാണ്. രാഷ്ട്രീയ പാർട്ടിയെന്ന നിലയിൽ ലീഗിന്റെ നേതൃത്വമില്ലായ്മയാണ് ഇതിൽ നിന്നെല്ലാം വ്യക്തമാവുന്നതെന്നും അദ്ദേഹം പരിഹസിച്ചു. അഴിമതി പണവുമായി ബന്ധപ്പെട്ട വിഷയത്തിലെ തർക്കങ്ങളാണ് ലീഗിലുണ്ടായ പ്രതിസന്ധി. സിപിഎമ്മിന് നേരെ ആക്ഷേപമുന്നയിച്ച് തടിതപ്പാൻ ശ്രമിച്ചാലൊന്നും ലീഗ് നേതൃത്വം രക്ഷപ്പെടില്ല. എൽഡിഎഫ് സർക്കാർ സ്വീകരിക്കുന്ന ന്യൂനപക്ഷ വിരുദ്ധ നിലപാടിന്റെ ഉദാഹരണങ്ങൾ എന്ന നിലയിലാണ് അവർ സിപിഎമ്മിനെ ആക്ഷേപിക്കുന്നത്. ലീഗ് ഇപ്പോൾ പറയുന്ന ന്യായം പറയുന്നവർക്ക് തന്നെ വിശ്വസിക്കാൻ കഴിയാത്ത ന്യായമാണ്. കാണുന്നവരെ അപഹസിക്കുന്ന തരത്തിലുള്ള പ്രഖ്യാപനങ്ങളാണെന്നും അദ്ദേഹം ആരോപിച്ചു.

മുസ്ലിം ലീഗിന് എൽഡിഎഫ് സർക്കാരിനോടുള്ള വിരോധത്തിന് കാരണം അധികാരം കിട്ടാത്തതിന്റെ നിരാശയാണ്. എല്ലാ വിഭാഗങ്ങളുടേയും പിന്തുണയുള്ള സർക്കാരാണ് കേരളത്തിലുള്ളത്. അധികാരമില്ലാത്ത ലീഗിൽ തർക്കം എന്നത് സ്വാഭാവികമാണ്. കോൺഗ്രസ് ഇപ്പോൾ നിശബ്ദമായിരിക്കുകയാണ്. ഭാവിയിൽ കോൺഗ്രസിലും തർക്കമുണ്ടാകുമെന്നും രൂക്ഷമായ പ്രതിസന്ധിയിലേക്ക് പോകുമെന്നും അദ്ദേഹം അറിയയിച്ചു. യുഡിഎഫിൽ രൂപം കൊള്ളാൻ പോവുന്ന പ്രതിസന്ധിയുടെ തുടക്കമാണ് ലീഗിൽ ഇപ്പോൾ കാണുന്ന തർക്കങ്ങൾ. നിലവിലുള്ള പ്രതിസന്ധിയിൽ നിന്ന് കരകയറാനാവാതെ ലീഗ് ഉന്നയിച്ചുകൊണ്ടിരിക്കുന്ന വാദങ്ങളെ ജനങ്ങൾ പുച്ഛിച്ചുതള്ളുമെന്നും അദ്ദേഹം വിശദമാക്കി.

ന്യൂഡൽഹി: സിപിഎം കേന്ദ്രകമ്മിറ്റി അംഗങ്ങളുടെ പ്രായപരിധി കുറക്കുമെന്ന് ദേശീയ സെക്രട്ടി സീതാറാം യെച്ചൂരി. 80 വയസ്സായിരുന്നു കേന്ദ്ര കമ്മിറ്റി അംഗങ്ങൾക്കായുള്ള ഇതുവരെയുള്ള പരമാവധി പ്രായപരിധി. ഇത് 75 ആക്കിയാണ് കുറക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പിണറായി വിജയന് ഇളവ് നൽകണോ എന്ന കാര്യം ആലോചിക്കുമെന്നും സീതാറാം യെച്ചൂരി പറഞ്ഞു. പാർട്ടി കോൺഗ്രസാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക. കേന്ദ്ര കമ്മിറ്റി യോഗത്തിന് ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കവെയാണ് അദ്ദേഹം ഇക്കാര്യങ്ങൾ വിശദമാക്കിയത്.

കേരളത്തിൽ തുടർഭരണം നേടിയതിനെ കേന്ദ്രകമ്മിറ്റി അഭിനന്ദിച്ചു. കേരളത്തിലെ ജനങ്ങൾ സംസ്ഥാനസർക്കാരിന്റെ പ്രവർത്തന മികവ് അംഗീകരിച്ചു. കേരളത്തിൽ ഇടതു സർക്കാരിന് ലഭിച്ച ജനസമ്മതി പ്രളയവും മഹാമാരിയും കൈകാര്യം ചെയ്ത രീതിക്കുള്ള അംഗീകാരമാണെന്നും കേന്ദ്രക്കമ്മിറ്റി വിലയിരുത്തി. കേരളത്തിന്റെ മതേതര ജനാധിപത്യ മൂല്യം സംരക്ഷിച്ചതിനുള്ള അംഗീകാരമാണിതെന്നും കമ്മിറ്റിയിൽ വിലയിരുത്തലുണ്ടായി.

കെ കെ ശൈലജയെ മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റി നിർത്തിയതിനെ സീതാറാം യെച്ചൂരി ന്യായീകരിച്ചു. നയം ജനം അംഗീകരിച്ചു എന്നായിരുന്നു അദ്ദേഹം വ്യക്തമാക്കിയത്. കെ കെ ശൈലജയെ ഒഴിവാക്കിയതിൽ കേന്ദ്രക്കമ്മിറ്റിയിൽ വിമർശനം ഉയർന്നിരുന്നു. കേരളത്തിനു പുറത്തുള്ളവരാണ് വിമർശനം ഉന്നയിച്ചതെന്നും അദ്ദേഹം പറഞ്ഞു. ടോക്കിയോ ഒളിംപിക്‌സിൽ മികച്ച പ്രകടനം നടത്തിയവരെ സിപിഎം അഭിനന്ദിച്ചു. കേന്ദ്ര സംസ്ഥാന സർക്കാരുകൾ കായിക വികസനത്തിന് സമഗ്രനയം രൂപീകരിക്കണം എന്നും കേന്ദ്രക്കമ്മിറ്റി വിലയിരുത്തിയതായും അദ്ദേഹം വ്യക്തമാക്കി.

കേരളത്തിൽ ജനങ്ങൾ ഏല്പിച്ച ഉത്തരവാദിത്തം നിറവേറ്റുന്നതിന് രൂപരേഖ ഉണ്ടാക്കും. സ്‌കൂളുകൾ എത്രയും വേഗം തുറക്കാൻ നടപടി വേണമെന്നും ഇതിനായി കുട്ടികളുടെയും സ്‌കൂൾ ജീവനക്കാരുടെയും വാക്‌സിനേഷന് മുൻഗണന നൽകണമെന്നും യോഗത്തിൽ ആവശ്യമുയർന്നു. വരുമാനനികുതി നൽകാത്ത എല്ലാവർക്കും 7500 പ്രതിമാസ ധനസഹായം നൽകണമെന്നും കേന്ദ്രക്കമ്മിറ്റി ആവശ്യപ്പെട്ടു.

pinarayi

തിരുവനന്തപുരം: ഡോക്ടർമാർക്കെതിരെയുള്ള അക്രമങ്ങളിൽ ശക്തമായ നടപടികൾ ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. ഡോക്ടർമാർക്ക് ജോലി നിർവ്വഹിക്കാൻ എല്ലാ സൗകര്യവും ഒരുക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഡോക്ടർമാർക്കെതിരെ നടന്ന അക്രമങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ ചേർന്ന ഉന്നതതല യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

കാഷ്വാലിറ്റികളിലും ഒ.പികളിലും സിസിടിവി സ്ഥാപിക്കണമെന്ന് അദ്ദേഹം യോഗത്തിൽ നിർദ്ദേശിച്ചു. സ്വകാര്യ ആശുപത്രികളും അതിന് സംവിധാനമൊരുക്കണം. പോലീസ് എയ്ഡ് പോസ്റ്റ് ഉള്ള ആശുപത്രികളിലെ സിസിടിവി സംവിധാനം എയിഡ് പോസ്റ്റുമായി ബന്ധപ്പെടുത്തണം. അക്രമം നടന്നാൽ എത്രയും പെട്ടെന്ന് പ്രതികളെ അറസ്റ്റു ചെയ്യണം. ഒ.പി.കളിലും കാഷ്വാലിറ്റികളിലും സെക്യൂരിറ്റി ഉദ്യോഗസ്ഥരെ നിയമിക്കുമ്പോൾ ഇനി മുതൽ വിമുക്തഭടന്മാരെ തെരഞ്ഞെടുക്കണം. നിലവിലുള്ളവരെ ഒഴിവാക്കേണ്ടതില്ല. ആശുപത്രി വികസനസമിതികൾ ഇക്കാര്യം ശ്രദ്ധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

സ്വകാര്യ ആശുപത്രികളിലും ആവശ്യത്തിന് സെക്യൂരിറ്റി ജീവനക്കാരെ നിയമിക്കണം. മെഡിക്കൽ കോളേജ് പോലുള്ള വലിയ ആശുപത്രികളിൽ സ്റ്റേറ്റ് ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സിലെ ഉദ്യോഗസ്ഥരെ ചീഫ് സെക്യൂരിറ്റി ഓഫീസറായി നിയമിക്കണം. നിലവിലുള്ള ഏജൻസികളുടെ കാലാവധി തീരുന്ന മുറക്ക് ഇത് നടപ്പാക്കണം. സെക്യൂരിറ്റി ഉദ്യോഗസ്ഥർക്ക് ആവശ്യമായ പരിശീലനം നൽകണമെന്ന് മുഖ്യമന്ത്രി നിർദ്ദേശം നൽകി. ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്ജ്, ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ്, ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി ടി.കെ. ജോസ്, സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത്, ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി രാജൻ ഖോബ്രഗഡെ, ഇന്റലിജൻസ് എ.ഡി.ജി.പി. ടി.കെ. വിനോദ് കുമാർ, ക്രമസമാധാന വിഭാഗം എ.ഡി.ജി.പി വിജയ് സാക്കറെ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

തൃശൂർ: തൃശൂരിൽ വൻ മയക്കു മരുന്ന് വേട്ട. പെൺകുട്ടികളെ ദുരുപയോഗം ചെയ്യാനായി വ്യാപകമായി ഉപയോഗിക്കുന്ന നിരോധിത മയക്കുമരുന്നുമായി ഒരാളെ പോലീസ് പിടികൂടി. ലക്ഷങ്ങൾ വിലമതിക്കുന്ന മയക്കു മരുന്നാണ് ഇയാളിൽ നിന്നും പിടിച്ചെടുത്തത്. ടാറ്റൂ സ്ഥാപനങ്ങളിൽ വലിയ തോതിൽ ലഹരി വിൽപന നടക്കുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തൃശ്ശൂർ സിറ്റി ഷാഡോ പോലീസ് പരിശോധന നടത്തിയത്.

മാടക്കത്തറ വെള്ളാനിക്കര സ്വദേശി മൂലേക്കാട്ടിൽ വൈഷ്ണവാണ് അറസ്റ്റിലായത്. 50 ഗുളികയും ക്രിസ്റ്റൽ പാക്കറ്റുമാണ് വൈഷ്ണവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഹാപ്പിനെസ് പിൽസ് എന്ന പേരിൽ അറിയപ്പെടുന്ന സിന്തറ്റിക് മയക്കുമരുന്നാണ് ഇയാളുടെ പക്കൽ നിന്നും പിടിച്ചെടുത്തത്. പാർട്ടികളിൽ പങ്കെടുക്കുന്ന പെൺകുട്ടികൾക്ക് അവരറിയാതെ ജ്യൂസിലും മദ്യത്തിലും കലർത്തി നൽകുന്ന സിന്തറ്റിക്ക് മയക്കുമരുന്നാണ് കണ്ടെത്തിയത്. പെൺകുട്ടികളെ വ്യാപകമായി ദുരുപയോഗം ചെയ്യാൻ ഈ നിരോധിത മയക്കുമരുന്നുകൾ ഉപയോഗിക്കാറുണ്ട്. ക്രിസ്റ്റൽ രൂപത്തിലുള്ള സിന്തറ്റിക് മയക്കുമരുന്നായ മെത്തലിൻ ഡയോക്സിൻ മെത്താഫെറ്റാമിൻ പാർട്ടി ഡ്രഗ് എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്.

മെത്ത്, കല്ല് പൊടി, കൽക്കണ്ടം എന്നീ പേരുകളിലും ഇവ അറിയപ്പെടാറുണ്ട്. വായിലൂടെയും മൂക്കിലൂടെയും ഇൻജക്ഷൻ രൂപത്തിലും ഇവ ഉപയേഗിക്കും. ഉപയോഗിച്ച് അരമണിക്കൂറിനുള്ളിൽ നാഡിവ്യൂഹത്തെ ബാധിക്കാൻ കഴിയുന്ന വിധം മാരകമാണ് ഇവ. പാർട്ടികൾക്കെത്തുന്ന പെൺകുട്ടികളെ മയക്കാനും ഇതിന് പിന്നാലെ ലൈംഗികമായി ദുരുപയോഗിക്കാനും ഇത് വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. തൃശൂരിലെ ചില മാളുകളിലും ടാറ്റൂ സ്ഥാപനങ്ങളിലും മയക്കു മരുന്ന് വ്യാപാരം നടക്കുന്നതായാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള മലയാളികൾ വഴിയാണ് വൈഷ്ണവിന് മയക്കു മരുന്ന് ലഭിച്ചതെന്നാണ് പോലീസിന്റെ കണ്ടെത്തൽ. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.

തിരുവനന്തപുരം: സ്വകാര്യ ആശുപത്രികൾ വഴിയുള്ള വാക്‌സീൻ വിതരണത്തിന് സബ്‌സിഡി നൽകണമെന്ന ആവശ്യവുമായി പ്രതിപക്ഷനേതാവ് വി ഡി സതീശൻ. വാക്‌സിൻ ചലഞ്ച് വഴി ഇതിനായി ഉപയോഗിക്കണമെന്നാണ് പ്രതിപക്ഷ നേതാവ് ആവശ്യപ്പെടുന്നത്. സംസ്ഥാനത്തെ വാക്‌സിൻ വിതരണത്തിൽ ക്രമക്കേടുണ്ടെന്നും അദ്ദേഹം ആരോപിച്ചു. സംസ്ഥാനത്ത് പലയിടത്തും രാഷ്ട്രീയ വത്കരണം നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേ സമയം സംസ്ഥാനത്ത് ഊർജിത വാക്‌സിനേഷൻ യജ്ഞത്തിന് തുടക്കം കുറിച്ചു. സമ്പൂർണ്ണ ആദ്യഡോസ് വാക്‌സിനേഷൻ ലക്ഷ്യമിട്ടാണ് പ്രതിദിനം 5 ലക്ഷം പേർക്കെങ്കിലും വാക്‌സീൻ നൽകാനാണ് ലക്ഷ്യം. ഓഗസ്റ്റ് 31 വരെയാണ് വാക്‌സിനേഷൻ യജ്ഞം. അവസാന വർഷ ഡിഗ്രി, പി. ജി വിദ്യാർത്ഥികൾക്കും എൽ.പി, യു. പി സ്‌കൂൾ അധ്യാപകർക്കും വാക്സിനേഷൻ പൂർത്തീകരിക്കുക ഈ യജ്ഞത്തിന്റെ ലക്ഷ്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചിരുന്നു. എത്രയും വേഗം പരമാവധി ആളുകളെ വാക്സിനേറ്റ് ചെയ്യാനാണ് വാക്‌സിനേഷൻ യജ്ഞത്തിലൂടെ പദ്ധതിയിടുന്നത്.

തിരുവനന്തപുരം: സിറ്റി സർക്കിൾ സർവീസുകൾ ആരംഭിക്കാനൊരുങ്ങി കെഎസ്ആർടിസി. തിരുവനന്തപുരം നഗരത്തിലെ യാത്രാക്ലേശം പരിഹരിക്കുക എന്ന ലക്ഷ്യത്തെ മുൻനിർത്തിയാണ് തീരുമാനം. അടുത്ത മാസം ആദ്യവാരം മുതൽ കെഎസ്ആർടിസി സിറ്റി സർവ്വീസുകൾ ആരംഭിക്കും. ഏഴു റൂട്ടുകളാണ് ആദ്യഘട്ടത്തിൽ സർവ്വീസിനായി തെരഞ്ഞെടുത്തിരിക്കുന്നത്. ഒരു സ്ഥലത്ത് നിന്നും ആരംഭിച്ച് അതേ സ്ഥലത്ത് തന്നെ ക്ലോക്ക് വൈസായും, ആന്റി ക്ലോക്ക് വൈസായി അഞ്ചിലധികം ബസുകൾ ഒരേ ദിശയിലേക്ക് തന്നെ സർവീസ് നടത്തുന്നതാണ് സർക്കിൾ സർവീസ്.

നഗരത്തിലെ പ്രധാനപ്പെട്ട ഏതാണ്ട് എല്ലാ സർക്കാർ ഓഫീസുകൾ, ആശുപത്രികൾ, വ്യാപാര കേന്ദ്രങ്ങൾ എന്നിവ ബന്ധിപ്പിച്ച് കൊണ്ടാണ് സർവ്വീസുകൾ നടത്തുക. ഈ സർവീസുകൾ ഓരോ പ്രത്യേക നിറത്തിൽ ഉള്ളവയായിരിക്കും. ഓരോ റൂട്ടും ഓരോ കളറിലായിരിക്കും അറിയപ്പെടുന്നത്. വൈലറ്റ്, മഞ്ഞ, ബ്രൗൺ,നീല, ചുവപ്പ്, മജന്ത, ഓറഞ്ച് എന്നീ നിറങ്ങളാകും ഓരോ റൂട്ടുകൾക്ക് നൽകുക. കൃത്യമായ ഇടവേളകളിൽ ജനങ്ങൾക്ക് ലക്ഷ്യ സ്ഥാനത്ത് എത്തിക്കുന്ന രീതിയിലാണ് ഇവ ക്രമീകരിച്ചിരിക്കുക. ബസിന്റെ ബോർഡ് നോക്കാതെ സർക്കിളിന്റെ അടിസ്ഥാനത്തിൽ ബസ്സ് ഏത് റൂട്ടിലേക്ക് ആണ് സഞ്ചരിക്കുന്നതെന്ന് യാത്രക്കാർക്ക് മനസ്സിലാക്കാനാകുമെന്നതാണ് മറ്റൊരു സവിശേഷത.

ബസ് സർവീസ് നടത്തുന്ന ഓരോ പോയിന്റിലും 10 മിനിറ്റിനുള്ളിൽ ഇരുവശത്തേക്കും ബസുകൾ വരുന്ന രീതിയിലായിരിക്കും സർവ്വീസുകൾ നടത്തുക. സിറ്റി സർക്കിൾ സർവീസിന്റെ മെയിൻ ഹബ് കിഴക്കേകോട്ടയാണ്. നാല് സാറ്റലൈറ്റ് ഹബ്ബുകളും സിറ്റി സർക്കിൾ സർവീസിന്റെ ഭാഗമാണ്. പാപ്പനംകോട്, ആനയറ, കിഴക്കേകോട്ട, പേരൂർക്കട എന്നിവിടങ്ങളിലാണ് സാറ്റലൈറ്റ് ഹബുകൾ. 50 രൂപയുടെ ഗുഡ് ഡേ കാർഡ് എടുത്താൽ 24 മണിക്കൂർ ബസ്സുകളിൽ സഞ്ചരിക്കാം.

ലോ ഫ്ളോർ ബസുകളാണ് സിറ്റി സർക്കിൾ സർവ്വീസിനായി ഉപയോഗിക്കുക. 200 ബസുകളാണ് ഇതിനായി വേണ്ടി വരുന്നത്. 10 രൂപയാണ് മിനിമം ടിക്കറ്റ് നിരക്ക്, 10, 15, 20,25 അങ്ങനെ പരമാവധി 30 രൂപയാണ് ഈ സർവീസുകളിലെ ടിക്കറ്റ് നിരക്ക്. ഇത് കൂടാതെയാണ് ഒരു ദിവസത്തേക്കുള്ള വൺ ഡേ ടിക്കറ്റും ലഭ്യമാകും. തിരുവനന്തപുരത്തെ സിറ്റി സർവീസ്് കൂടുതൽ ജനങ്ങളിൽ എത്തിക്കുന്നതിനും കൂടുതൽ റൂട്ടുകളിലൂടെ സർവീസ് നടത്തി ജനോപാകാര പ്രദമാക്കുന്നതിന് വേണ്ടിയാണ് അടിമുടി മാറ്റം വരുത്തുന്ന ഈ സംരംഭമെന്ന് ട്രയൽ റൺ വിലയിരുത്തിയ ശേഷം ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു വ്യക്തമാക്കി. തിരുവനന്തപുരം നഗരത്തിലെ സർവീസുകൾ വിജയിച്ചാൽ കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കാനാണ് ഗതാഗത വകുപ്പിന്റെ പദ്ധതി.

തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകൾ തുറക്കാൻ തയ്യാറാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. നിയമസഭയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. കേന്ദ്ര സർക്കാരിന്റെയും വിദഗ്ധ സമിതിയുടെയും അംഗീകാരം ലഭിച്ചാൽ സ്‌കൂളുകൾ തുറക്കാൻ തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു.

ഘട്ടം ഘട്ടമായിട്ടായിരിക്കും സംസ്ഥാനത്ത് സ്‌കൂളുകൾ തുറക്കുന്നത്. ഇതിനായുള്ള സൗകര്യങ്ങളെല്ലാം അടുത്ത മാസത്തോടെ സ്‌കൂളുകളിൽ ഒരുക്കും. വിദ്യാർഥികൾക്ക് വാക്സിനേഷൻ പൂർത്തിയാക്കുന്നതിനനുസരിച്ചാകും സ്‌കൂൾ തുറക്കൽ നടപടികൾ പുരോഗമിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.

ഡിജിറ്റൽ ഉപകരണങ്ങൾ ഉപയോഗിച്ചുള്ള പഠനം കുട്ടികളിൽ കടുത്ത ആരോഗ്യ പ്രശ്നമുണ്ടാക്കുന്നുണ്ടെന്ന് എസ്.സി.ഇ.ആർ.ടി നടത്തിയ പഠനത്തിൽ വ്യക്തമാക്കുന്നു. 36 ശതമാനം കുട്ടികൾക്ക് തലവേദന, കഴുത്തുവേദന, 28 ശതമാനം പേരിൽ കണ്ണിന് ആരോഗ്യ പ്രശ്നങ്ങൾ, മാനസിക പിരിമുറുക്കം എന്നിവ ശ്രദ്ധയിൽപ്പെട്ടതായി പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു. ഡിജിറ്റൽ പഠനത്തിനിടെ കുട്ടികൾക്ക് ആവശ്യമായ വ്യായാമം, പരിചരണം എന്നിവ രക്ഷിതാക്കൾ ഉറപ്പാക്കണമെന്ന് മന്ത്രി നിർദ്ദേശിച്ചു. ഡിജിറ്റൽ ഉപകരണങ്ങളുടെ ഉപയോഗം സംബന്ധിച്ച് അടുത്തമാസം രക്ഷിതാക്കൾക്ക് പരിശീലനം നൽകുമെന്നും വിദ്യാർഥികളിൽ മാനസിക പിരിമുറുക്കം കുറക്കാൻ ആവശ്യമായ കൗൺസിലർമാരെ നിയോഗിക്കുമെന്നും അദ്ദേഹം നിയമസഭയിൽ വിശദമാക്കി.

ന്യൂഡൽഹി: ഡൽഹിയിൽ തിങ്കളാഴ്ച്ച മുതൽ സ്‌കൂളുകൾ ഭാഗികമായി തുറക്കും. കോവിഡ് വൈറസ് വ്യാപനത്തെ തുടർന്ന് അടച്ചിട്ട സ്‌കൂളുകളാണ് ഭാഗികമായി തുറക്കുന്നത്. നിലവിൽ പത്ത്, 12 ക്ലാസ് വിദ്യാർഥികൾക്കായാണ് ക്ലാസുകൾ ആരംഭിക്കുന്നത്. ഡൽഹി ദുരന്തനിവാരണ അതോറിറ്റിയാണ് (ഡി.ഡി.എം.എ) ഇക്കാര്യം അറിയിച്ചത്.

വിദ്യാർഥികൾക്ക് അഡ്മിഷൻ ആവശ്യങ്ങൾക്കായും പരീക്ഷയുമായി ബന്ധപ്പെട്ട പ്രായോഗിക പ്രവർത്തനങ്ങൾക്കുമായി നാളെ മുതൽ സ്‌കൂളുകൾ സന്ദർശിക്കാമെന്നാണ് ഡി.ഡി.എം.എയുടെ ഉത്തരവിൽ വ്യക്തമാക്കിയിരിക്കുന്നത്. കോവിഡ് വ്യാപനം നിയന്ത്രണവിധേയമായ സാഹചര്യത്തിൽ സ്‌കൂളുകൾ തുറക്കുന്നതു സംബന്ധിച്ച് ഡൽഹി സർക്കാർ പൊതുജനാഭിപ്രായം തേടിയിരുന്നു. സ്‌കൂൾ തുറക്കുന്നതിനുള്ള കർമപദ്ധതി ആവിഷ്‌കരിക്കാൻ സർക്കാറിനോട് ലെഫ്റ്റനന്റ് ഗവർണർ നിർദ്ദേശം നൽകുകയും ചെയ്തിരുന്നു.

ഡൽഹിയ്ക്ക് പുറമെ ഹിമാചൽപ്രദേശ്, ഒഡിഷ, ഹരിയാന, ഉത്തർപ്രദേശ്, തമിഴ്‌നാട്, ഗുജറാത്ത്, മധ്യപ്രദേശ്, മഹാരാഷ്ട്ര, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളും ഉടൻ സ്‌കൂളുകൾ തുറക്കും.