ന്യൂഡൽഹി: പുതിയ ഗ്യാസ് കണക്ഷൻ എടുക്കാൻ ഇനി ഒരു മിസ്ഡ് കോൾ മാത്രം മതി. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ആണ് പുതിയ പാചക വാതകം കണക്ഷൻ ആവശ്യമായവർക്ക് മിസ്ഡ് കോൾ സംവിധാനം അവതരിപ്പിച്ചിരിക്കുന്നത്. 8454955555 എന്ന നമ്പറിലേക്ക് മിസ്ഡ് കോൾ നൽകിയാൽ പുതിയ ഗ്യാസ് കണക്ഷൻ എടുക്കാം. നിലവിലുള്ള ഉപഭോക്താക്കൾക്ക് രജിസ്റ്റർ ചെയ്ത ഫോൺ നമ്പറിൽ നിന്ന് മിസ്ഡ് കോൾ നൽകി എൽപിജി സിലിണ്ടർ ബുക്ക് ചെയ്യാനുള്ള സംവിധാനവും ഉണ്ട്.
തിങ്കളാഴ്ച മുതലാണ് രാജ്യത്ത് എവിടെയും പുതിയ എൽപിജി കണക്ഷൻ ലഭ്യമാക്കുന്നതിനായി ഐഒസി മിസ്ഡ് കോൾ സംവിധാനത്തിന് തുടക്കം കുറിച്ചത്. ഉപഭോക്താവിന്റെ വീട്ടിൽ ഒരു മിനി സിലിണ്ടർ ഉൾപ്പെടെ രണ്ടു സിലിണ്ടറുകൾ എത്തിക്കും. നിലവിലുള്ള കണക്ഷൻ ഈ കണക്ഷനിലേക്ക് അപ്‌ഗ്രേഡു ചെയ്യാനും കഴിയും.
14.2 കിലോഗ്രാം സിലിണ്ടർ ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്ക് ഇതിനോടൊപ്പം അഞ്ച് കിലോഗ്രാം സിലിണ്ടർ ലഭിക്കും. ഗ്യാസ് പെട്ടെന്ന് തീർന്നാൽ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ ഇത് സഹായിക്കും. എല്ലാ ആഭ്യന്തര ഉപഭോക്താക്കൾക്കും പുതിയ എൽപിജി കണക്ഷൻ ലഭ്യമാണ്. ഇതിനും ഐഒസി മിസ്ഡ് കോൾ സൗകര്യം അവതരിപ്പിച്ചിട്ടുണ്ട്. പുതിയ കണക്ഷൻ ലഭിക്കുന്നതിന് രാജ്യമെമ്പാടുമുള്ള ഉപഭോക്താക്കൾ 8454955555 എന്ന നമ്പറിലേക്ക് മിസ്ഡ് കോൾ നൽകിയാൽ മതിയാകും നിലവിൽ, ഐഒസി മാത്രമാണ് ഈ സൗകര്യം വാഗ്ദാനം ചെയ്യുന്നതെന്നാണ് കമ്പനി അധികൃതർ അറിയിക്കുന്നത്.

