തിരുവനന്തപുരം: സംസ്ഥാനത്തെ ജയിലുകളിൽ കഴിയുന്ന തടവുപുള്ളികളുടെ യൂണിഫോം പരിഷ്‌കരിക്കാൻ ശുപാർശ. പുരുഷന്മാർക്ക് മുണ്ടിന് പകരം പാന്റ്‌സും ഷർട്ടും സ്ത്രീകൾക്ക് ചുരിദാറും കുർത്തയും നൽകണമെന്നാണ് ശുപാർശ. ജയിൽ വകുപ്പാണ് ഇതുസംബന്ധിച്ച ശുപാർശ നൽകിയത്. പത്തുവർഷത്തിനുള്ളിൽ ജയിലുകളിൽ നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതികൾ സംബന്ധിച്ച് ജയിൽ വകുപ്പ് സർക്കാരിന് സമർപ്പിച്ച മിഷൻ 2030 രൂപരേഖയിലാണ് ഇക്കാര്യങ്ങൾ ശുപാർശ ചെയ്തിരിക്കുന്നത്.
നിലവിൽ ജയിലിലെ പുരുഷ തടവുകാർക്ക് മുണ്ടും ഷർട്ടും വനിതകൾക്ക് മുണ്ടും ചട്ടയുമാണ് വേഷം. എല്ലാ തടവുകാർക്കും കട്ടിൽ, ബെഡ്ഷീറ്റ്, തലയണ, കൊതുകുവല, പുതപ്പ്, പേസ്റ്റ്, ബ്രഷ് തുടങ്ങിയവ നൽകണമെന്നും ശുപാർശയുണ്ട്. മുൻഗണന നൽകേണ്ട 10 പദ്ധതികളെക്കുറിച്ച് ജയിൽ ഉദ്യോഗസ്ഥരിൽ നിന്ന് അഭിപ്രായങ്ങൾ ക്ഷണിക്കുകയും ചെയ്തു. സർക്കാർ ശുപാർശ പരിശോധിച്ച ശേഷമായിരിക്കും ഇക്കാര്യത്തിൽഅന്തിമ തീരുമാനം ഉണ്ടാകുക.
ജയിലുകളിൽ മാനസികാരോഗ്യ കേന്ദ്രങ്ങൾ തുടങ്ങണം, കൂടുതൽ തുറന്ന ജയിലുകൾ ആരംഭിക്കണം, തടവുകാരുടെ പ്രതിഫലം വർദ്ധിപ്പിക്കണം, ജയിലുകളിലെ മനുഷ്യവിഭവശേഷി ഉപയോഗപ്പെടുത്തി കൂടുതൽ മൂല്യവർദ്ധിത ഉത്പന്നങ്ങൾ നിർമിക്കുക, ജയിൽ ആശുപത്രി സ്ഥാപിക്കുക, തിരുവനന്തപുരം സെൻട്രൽ ജയിലിനെ മാതൃകാ ജയിലാക്കുക, ജയിലുകളിലെ ഉത്പാദന യൂണിറ്റുകൾ ആധുനീകരിച്ച് മികച്ച ഗുണനിലവാരമുള്ള ഉത്പന്നങ്ങൾ ബ്രാൻഡ് ചെയ്ത് വിപണിയിലെത്തിക്കുക, നിലവിലെ സോപ്പ്, ഫിനോയിൽ യൂണിറ്റുകളിൽ ഹാൻഡ് വാഷ്, കാർവാഷ്, ഫ്‌ലോർ ക്ലീനറുകൾ തുടങ്ങിയവ നിർമിക്കുക, ചീമേനി തുറന്ന ജയിലിലെ കല്ലുവെട്ട് യൂണിറ്റിൽ ലാറ്ററൈറ്റ് ടൈൽ നിർമാണം ആരംഭിക്കുക, കശുവണ്ടി സംസ്‌കരണ യൂണിറ്റ് തുടങ്ങുക എന്നീ നിർദ്ദേശങ്ങളും ജയിൽ വകുപ്പ് നൽകിയ ശുപാർശയിലുണ്ട്.

