General (Page 1,453)

തിരുവനന്തപുരം: സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതി ഭക്ഷ്യഭദ്രതാ അലവൻസ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം വ്യാഴാഴ്ച്ച വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നിർവഹിക്കും. ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ള അർഹരായ എല്ലാ സ്‌കൂൾ കുട്ടികൾക്കും 2021-22 അധ്യയനവർഷം സ്‌കൂളുകൾ തുറന്ന് പ്രവർത്തിക്കുന്നത് വരെ ‘ഭക്ഷ്യ ഭദ്രതാ അലവൻസ്’ വിതരണം ചെയ്യുവാൻ ആണ് സർക്കാർ തീരുമാനം. ഇതിന്റെ ആദ്യഘട്ടമായി, പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ, ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെയുള്ള 5 മാസങ്ങളിലേക്കുള്ള ഭക്ഷ്യ ഭദ്രതാ അലവൻസ് വിതരണമാണ് ആരംഭിക്കുന്നത്.

ഭക്ഷ്യധാന്യവും ഏഴിന ഭക്ഷ്യസാധനങ്ങൾ ഉൾപ്പെടുത്തിയ ഭക്ഷ്യകിറ്റുകളുമാണ് കുട്ടികൾക്ക് വിതരണം ചെയ്യുക. ഉച്ചഭക്ഷണ പദ്ധതിയുടെ പരിധിയിൽ വരുന്ന പ്രീ-പ്രൈമറി മുതൽ എട്ടാം ക്ലാസ്സ് വരെയുള്ള 29,52,919 വിദ്യാർത്ഥികൾക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുന്നത്. ഇതോടൊപ്പം സംസ്ഥാനത്തെ 43 സ്‌പെഷ്യൽ വിദ്യാലയങ്ങളിലെ എട്ടാം ക്ലാസ് വരെയുള്ള കാഴ്ച ,കേൾവി പരിമിതികളുള്ള ഭിന്നശേഷികുട്ടികൾക്കും ഭക്ഷ്യ ഭദ്രതാ അലവൻസ് വിതരണം ചെയ്യുന്നതാണ്.

പ്രീപ്രൈമറി, പ്രൈമറി വിഭാഗം സ്‌കൂൾ കുട്ടികൾക്ക് യഥാക്രമം 2 കിലോഗ്രാം, 6 കിലോഗ്രാം എന്നിങ്ങനെയാണ് ഭക്ഷ്യധാന്യം വിതരണം ചെയ്യുക. അതോടൊപ്പം ഈ രണ്ട് വിഭാഗങ്ങൾക്കും 497 രൂപയ്ക്കുള്ള ഭക്ഷ്യസാധനങ്ങൾ അടങ്ങിയ ഭക്ഷ്യകിറ്റുകളും വിതരണം ചെയ്യും. അപ്പർ പ്രൈമറി വിഭാഗം കുട്ടികൾക്ക് 10 കിലോഗ്രാം അരിയും 782.25 രൂപയ്ക്കുള്ള ഭക്ഷ്യസാധനങ്ങൾ ഉൾപ്പെടുത്തിയ ഭക്ഷ്യകിറ്റുകളുമാണ് വിതരണം ചെയ്യുക. പ്രീ-പ്രൈമറി, പ്രൈമറി വിഭാഗങ്ങൾക്കുള്ള ഭക്ഷ്യകിറ്റുകളിൽ 500 ഗ്രാം ചെറുപയർ, 500 ഗ്രാം തുവരപ്പരിപ്പ്, 500 ഗ്രാം ഉഴുന്നുപരിപ്പ്, 1 കിലോഗ്രാം വറുത്ത റവ, 1 കിലോഗ്രാം റാഗിപ്പൊടി, 1 ലിറ്റർ വെളിച്ചെണ്ണ, 100 ഗ്രാം കടല/കപ്പലണ്ടി മിഠായി എന്നിവയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. അപ്പർ പ്രൈമറി വിഭാഗത്തിനുള്ള ഭക്ഷ്യകിറ്റുകളിൽ 1 കിലോഗ്രാം ചെറുപയർ, 500 ഗ്രാം തുവരപ്പരിപ്പ്, 1 കിലോഗ്രാം ഉഴുന്നുപരിപ്പ്, 1 കിലോഗ്രാം വറുത്ത റവ, 1 കിലോഗ്രാം റാഗിപ്പൊടി, 2 ലിറ്റർ വെളിച്ചെണ്ണ, 100 ഗ്രാം കടല/കപ്പലണ്ടി മിഠായി എന്നിവയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

പൊതുവിദ്യാഭ്യാസ വകുപ്പിന് വേണ്ടി സപ്ലൈകോയാണ് ഭക്ഷ്യധാന്യവും ഭക്ഷ്യകിറ്റുകളും സ്‌കൂളുകളിൽ എത്തിച്ച് നൽകുന്നത്. സ്‌കൂൾ പി.ടി.എ, ഉച്ചഭക്ഷണ കമ്മിറ്റി, മദർ പി.ടി.എ, ഉച്ചഭക്ഷണ പാചകത്തൊഴിലാളികൾ എന്നിവരുടെ സഹകരണത്തോടെ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു കൊണ്ട് കുട്ടികളുടെ രക്ഷിതാക്കൾക്ക് ഭക്ഷ്യധാന്യവും ഭക്ഷ്യകിറ്റുകളും വിതരണം ചെയ്യും.

covid

ബംഗളുരു: അഞ്ചു ദിവസത്തിനിടെ 242 കുട്ടികൾക്ക് ബംഗളുരുവിൽ കോവിഡ് സ്ഥിരീകരിച്ചതായി റിപ്പോർട്ട്. 9 വയസ്സിൽ താഴെയുള്ള 106 കുട്ടികൾക്കും 9 വയസിനും 19 വയസിനും മദ്ധ്യേ പ്രായമുള്ള 136 കുട്ടികൾക്കുമാണ് കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതെന്നാണ് വിവരം. ഇനിയുള്ള ദിവസങ്ങളിൽ കൂടുതൽ കുട്ടികൾക്ക് രോഗം ബാധിക്കാൻ സാധ്യതയുണ്ടെന്നാണ് ആരോഗ്യ പ്രവർത്തകർ മുന്നറിയിപ്പ് നൽകുന്നത്.

രോഗബാധ കണ്ടെത്തിയതെന്നാണ് വിവരം. വരും ദിവസങ്ങളിൽ കൂടുതൽ കുട്ടികൾക്ക് കോവിഡ് സ്ഥിരീകരിക്കാൻ സാധ്യതയുണ്ടെന്നാണ് ആരോഗ്യ പ്രവർത്തകർ നൽകുന്ന മുന്നറിയിപ്പ്. കോവിഡ് വൈറസ് വ്യാപനത്തിന്റെ മൂന്നാം തരംഗം ഏറ്റവും കൂടുതൽ ബാധിക്കുക കുട്ടികളിലായിരിക്കുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. അതിനാൽ തന്നെ കുട്ടികളിൽ രോഗബാധ കണ്ടെത്തുന്നതിനെ ഗൗരവത്തോടെയാണ് ആരോഗ്യ പ്രവർത്തകർ കാണുന്നത്.

മുതിർന്നവരുമായി താരതമ്യം ചെയ്യുമ്പോൾ കുട്ടികൾക്ക് രോഗപ്രതിരോധശേഷി കുറവാണെന്നും അവർക്ക് രോഗം വരാതിരിക്കാനുള്ള ഏക മാർഗം കുട്ടികളെ വീടുകൾക്കുള്ളിൽ തന്നെ നിർത്തുകയെന്നതാണെന്നും കർണാടക ആരോഗ്യ വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥൻ വ്യക്തമാക്കി. നിലവിൽ കർണാടകയിൽ വാരാന്ത്യ കർഫ്യൂ ഉൾപ്പെടെ കർശന കോവിഡ് നിയന്ത്രണങ്ങളാണുള്ളത്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കർണാടകയിൽ എത്തുന്നവർക്ക് 72 മണിക്കൂറിനുള്ളിലെടുത്ത ആർ ടി പി സി ആർ സർട്ടിഫിക്കറ്റ് നിർബന്ധമാണ്. കേരളത്തിൽ നിന്നും മഹാരാഷ്ട്രയിൽ നിന്നുമുള്ള യാത്രക്കാർക്ക് കർണാടകയിൽ കർശനമായ നിയന്ത്രണങ്ങളാണുള്ളത്.

ഷിംല: ഹിമാചൽ പ്രദേശിലെ മണ്ണിടിച്ചിലിൽ മരിച്ചവരുടെ എണ്ണം 13 ആയി. മുപ്പതോളം പേർ ഇനിയും മണ്ണിനടിയിൽ കുടുങ്ങി കിടക്കുകയാണെന്നാണ് റിപ്പോർട്ട്. പത്ത് പേരെ മണ്ണിനടിയിൽ നിന്നും രക്ഷപ്പെടുത്തി. ഹിമാചൽ പ്രദേശിലെ കിനൗറിൽ ഹൈവേയിലേക്ക് മണ്ണിടിഞ്ഞു വീണാണ് അപകടം ഉണ്ടായത്.

ഉച്ചയ്ക്ക് 12.45 ഓടെയാണ് റെക്കോങ് പിയോ-ഷിംല ഹൈവേയിൽ മണ്ണിടിച്ചിലുണ്ടായത്. സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് ബസ്, ഒരു ട്രക്ക് എന്നിവയുൾപ്പെടെ നിരവധി വാഹനങ്ങൾ മണ്ണിനടിയിൽ അകപ്പെട്ടതായാണ് റിപ്പോർട്ടുകൾ. ഐടിബിപിയും ദേശീയ ദുരന്ത നിവാരണ സേനയും പോലീസും സംയുക്തമായാണ് പ്രദേശത്ത് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. അപകടത്തിന്റെ ദൃശ്യങ്ങൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. മണ്ണിടിച്ചിൽ കാരണം ദേശീയ പാതയിലെ ഗതാഗതം തടസപ്പെട്ടു. മേഖല ഇപ്പോഴും അപകടാവസ്ഥയിലാണെന്നാണ് അധികൃതർ നൽകുന്ന മുന്നറിയിപ്പ്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും മേഖലയിലെ സ്ഥിതിഗതികൾ വിലയിരുത്തി. ഹിമാചൽപ്രദേശ് മുഖ്യമന്ത്രി ജയ്‌റാം താക്കൂറുമായി ഫോണിൽ ബന്ധപ്പെട്ടാണ് ഇരുവരും സ്ഥിതിഗതികൾ അവലോകനം ചെയ്തത്. രക്ഷാപ്രവർത്തനങ്ങൾക്ക് എല്ലാവിധ പിന്തുണയും പ്രധാനമന്ത്രി ഉറപ്പു നൽകിയിട്ടുണ്ട്.

പാലക്കാട്: പാൽവില കൂട്ടുന്ന കാര്യം ആലോചിച്ചിട്ടില്ലെന്ന് മിൽമ ചെയർമാൻ കെ.എസ്.മണി. കോവിഡ് വൈറസ് വ്യാപനത്തെ തുടർന്നുണ്ടായ പ്രതിസന്ധി മറികടന്ന് ക്ഷീരകർഷകരെ സഹായിക്കാനുള്ള പദ്ധതികൾക്കു രൂപം നൽകിയെന്ന് അദ്ദേഹം അറിയിച്ചു.

അതിർത്തി കടന്ന് ഗുണനിലവാരമില്ലാത്ത പാലെത്തുന്നത് തടയാൻ ചെക്‌പോസ്റ്റുകളിൽ ആരോഗ്യവകുപ്പും ക്ഷീരവികസന വകുപ്പും സംയുക്ത പരിശോധനയ്ക്ക് ആലോചിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. ചെക്‌പോസ്റ്റുകളിൽ പരിശോധനയ്ക്കു പിന്നാലെ കൃത്യമായ നടപടിയുണ്ടായാൽ ഗുണനിലവാരമില്ലാത്ത പാൽവരവ് കുറയും. മലപ്പുറം മൂർക്കനാട്ടെ പാൽപ്പൊടി നിർമാണ യൂണിറ്റ് പൂർത്തിയാകുന്നതോടെ ഇതര സംസ്ഥാനങ്ങളെ ആശ്രയിക്കുന്നതു പരമാവധി കുറയ്ക്കാൻ കഴിയുമെന്നും അദ്ദേഹം വിശദമാക്കി.

3 മിൽമ മേഖലാ യൂണിയനുകളുടെ കീഴിലും പരമാവധി പാൽ സംഭരിക്കാനുള്ള ഇടപെടലാണുള്ളതെന്ന് അദ്ദേഹം അറിയിച്ചു. പാൽ ഉത്പാദനത്തിലെ വർധന മികച്ച സൂചനയാണ്. കർഷകരെ സഹായിക്കുന്ന നടപടികൾക്കു മാത്രമാണു മുൻഗണന. മഹാമാരി കാലത്ത് പ്രവാസികളുൾപ്പെടെ പശുവളർത്തലിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചുവെന്നും കോവിഡ് കാലത്ത് സംഭരിച്ച അധിക പാൽ പാൽപ്പൊടിയാക്കി സൂക്ഷിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പാൽ ഇതര ഉൽപന്നങ്ങളും വിപണിയിലെത്തിച്ച് കർഷകർക്ക് കൈത്താങ്ങാകുന്ന പദ്ധതികൾക്ക് മിൽമ രൂപം നൽകിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനും മുൻ സ്പീക്കർ ശ്രീരാമകൃഷ്ണനും ഡോളർ കടത്തിയെന്ന് സ്വപ്നയും സരിത്തും മൊഴി നൽകിയെന്ന് കസ്റ്റംസ്. പ്രതികൾക്ക് നൽകിയ കാരണം കാണിക്കൽ നോട്ടീസിലാണ് കസ്റ്റംസ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കോൺസുലേറ്റ് ജീവനക്കാർ കൂടാതെ രാഷ്ട്രീയക്കാരും ഡോളർ കടത്തിയെന്ന് സ്വപ്ന മൊഴി നൽകിയെന്നാണ് പ്രതികൾക്ക് നൽകിയിരിക്കുന്ന കാരണം കാണിക്കൽ നോട്ടീസിൽ കസ്റ്റംസ് പറയുന്നത്.

2016 ലാണ് സരിത്ത് യുഎഇ കോൺസുലേറ്റിൽ ജോലിക്ക് കയറുന്നതെന്ന് കാരണം കാണിക്കൽ നോട്ടീസിൽ കസ്റ്റംസ് പറയുന്നു. അന്നു മുതൽ കോൺസുലേറ്റിലെ ഉദ്യോഗസ്ഥർ ഡോളർ കടത്തുന്നത് അറിയാമെന്നായിരുന്നു സരിത്ത് മൊഴി നൽകിയത്. കോൺസുലേറ്റിലെ കോൺസുൽ ജനറൽ അടക്കമുള്ള ആളുകളും മറ്റ് ഉദ്യോഗസ്ഥരും സംസ്ഥാന സർക്കാരിലെ മന്ത്രിമാരുമായി അടുത്ത ബന്ധം സ്ഥാപിക്കണമെന്ന് നിർദ്ദേശം നൽകിയിരുന്നെന്നും സരിത്ത് മൊഴി നൽകിയിട്ടുണ്ട്. കോൺസുലേറ്റിൽ നടക്കുന്ന പരിപാടികളിലേക്ക് മന്ത്രിമാരെ ക്ഷണിക്കണമെന്ന് കോൺസുൽ ജനറൽ നിർദ്ദേശം നൽകി. ഈ നിർദ്ദേശത്തെ തുടർന്നാണ് 2017 ൽ ശിവശങ്കർ അടക്കമുള്ളവരുടെ നമ്പർ സംഘടിപ്പിച്ചതെന്നും സരിത്ത് വെളിപ്പെടുത്തിയിട്ടുണ്ട്.

മുഖ്യമന്ത്രി പിണറായി വിജയൻ 2017 ൽ യുഎഇയിൽ സന്ദർശനം നടത്താനെത്തിയപ്പോൾ സെക്രട്ടറിയേറ്റിൽ ഒരു പാക്കറ്റ് മറന്ന് വെച്ചിട്ടുണ്ടെന്നും പാക്കറ്റ് യുഎഇയിലേക്ക് കൊടുത്തയക്കണമെന്ന് ശിവശങ്കർ നിർദ്ദേശിച്ചിരുന്നു. സെക്രട്ടറിയറ്റിലെ ഒരു ഉദ്യോഗസ്ഥന്റെ കയ്യിൽ നിന്ന് സരിത്ത് ഈ പാക്കറ്റ് വാങ്ങി. ഇതിൽ എന്താണെന്നറിയാൻ കോൺസുലേറ്റിലെ എക്സറേ സ്‌കാനറിൽ പരിശോധിച്ചെന്നും പാക്കറ്റിൽ നിറയെ ഡോളർ ആണെന്ന് മനസ്സിലാക്കിയതായും സരിത്ത് തന്നോട് പറഞ്ഞിരുന്നുവെന്ന് സ്വപ്‌നയും കസ്റ്റംസിന് മൊഴി നൽകി. മുൻ സ്പീക്കറായിരുന്ന ശ്രീരാമകൃഷ്ണന്റെ വസതിയിൽ സ്വപ്ന ഭർത്താവുമായി പോവുകയും അവിടെ നിന്ന് ഒരുപെട്ടി കൈപ്പറ്റുകയും ചെയ്തുവെന്നും ഈ പെട്ടിയിലും സമാനരീതിയിൽ പണം ആയിരുന്നെന്നും മൊഴിയിൽ പറയുന്നുണ്ട്. കോൺസുലേറ്റിലെ ഉദ്യോഗസ്ഥർ വിദേശത്തേക്ക് പോയതിനാൽ ഇവരെ ചോദ്യം ചെയ്യാൻ കഴിഞ്ഞിട്ടില്ലെന്നും അതിനാൽ ഈ മൊഴി തെളിയിക്കാൻ കഴിഞ്ഞിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ഷോക്കോസ് നോട്ടീസിൽ കസ്റ്റംസ് വ്യക്തമാക്കുന്നു.

veena

തിരുവനന്തപുരം: കോവിഡ് വാക്സിനേഷന് തദ്ദേശ സ്ഥാപന രജിസ്ട്രേഷൻ വേണമെന്ന പ്രചാരണം തെറ്റാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. സംസ്ഥാനത്ത് നടക്കുന്ന വാക്സിനേഷൻ യജ്ഞം സുഗമമാക്കുന്നതിന് വേണ്ടിയാണ് വാക്സിനേഷനായി സംസ്ഥാനതല മാർഗനിർദേശങ്ങൾ ഇറക്കിയതെന്ന് മന്ത്രി അറിയിച്ചു. വാക്സിനേഷന്റെ രജിസ്ട്രേഷൻ നടത്തുന്നത് കോവിൻ പോർട്ടലിലാണ്. ഇതിൽ തദ്ദേശ സ്ഥാപനങ്ങൾ രജിസ്റ്റർ ചെയ്യാനുള്ള ഓപ്ഷനില്ല. ഇക്കാരണത്താൽ എവിടെ നിന്നും വാക്സിൻ എടുക്കാൻ സാധിക്കുന്നതാണെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു.

അതത് പ്രദേശത്തെ ജനങ്ങൾക്ക് വാക്സിനെടുക്കാൻ കഴിയുന്നില്ല എന്ന പരാതിയുണ്ടായിരുന്നു. ആ പ്രദേശത്തെ ജനങ്ങൾക്ക് കൂടി വാക്സിനേഷൻ ഉറപ്പാക്കേണ്ടതാണെന്ന് മന്ത്രി ആവശ്യപ്പെട്ടു. മാത്രമല്ല വയോജനങ്ങൾ, ഗുരുതര രോഗമുള്ളവർ, അനുബന്ധ രോഗങ്ങളുള്ളവർ എന്നിവർക്കും വാക്സിനേഷൻ നൽകേണ്ടതാണ്. ഇതിനാണ് മാർഗനിർദേശം പുറത്തിറക്കിയതെന്ന് വീണാ ജോർജ് വ്യക്തമാക്കി.

വാക്സിൻ യജ്ഞത്തിന്റെ ഭാഗമായി 60 വയസിന് മുകളിൽ പ്രായമായ എല്ലാവർക്കും 18 വയസിന് മുകളിൽ പ്രായമുള്ള കിടപ്പ് രോഗികൾക്കും ഓഗസ്റ്റ് 15 ന് മുമ്പ് ആദ്യ ഡോസ് വാക്സിൻ നൽകുന്നതാണ്. ഇവരെ വാർഡ് തിരിച്ച് കണ്ടെത്തിയാണ് വാക്സിനേഷൻ ഉറപ്പാക്കുന്നത്. ഈ യജ്ഞത്തിൽ ഓൺലൈനായും നേരിട്ടുമുള്ള രജിസ്ട്രേഷനിലൂടെ 50 ശതമാനം സ്ലോട്ട് വീതമാണ് അനുവദിക്കുന്നത്. വാക്സിന്റെ ലഭ്യത കുറവ് കാരണം ഓൺലൈനിൽ രജിസ്റ്റർ ചെയ്തവർ സ്ലോട്ട് തെരഞ്ഞെടുക്കുമ്പോൾ അവരുടെ തദ്ദേശ സ്ഥാപനത്തിലുള്ള വാക്സിനേഷൻ കേന്ദ്രം തന്നെ തെരഞ്ഞെടുക്കേണ്ടതാണ്. അതിലൂടെ ആ പ്രദേശത്തുള്ള ഈ വിഭാഗത്തിലുള്ള മുഴുവൻ ആളുകൾക്കും വാക്സിൻ ഉറപ്പാക്കാനാകും. ഈ വിഭാഗങ്ങളുടെ വാക്സിനേഷന് ശേഷം വാക്സിന്റെ ലഭ്യതയനുസരിച്ച് മറ്റുള്ളവർക്കും നൽകുന്നതാണെന്ന് മന്ത്രി വിശദീകരിച്ചു.

ജില്ലാ കളക്ടർമാർ ആരോഗ്യ വകുപ്പുമായി ഏകോപിപ്പിച്ചാണ് ജില്ലയിലെ വാക്സിനേഷൻ പദ്ധതി തയ്യാറാക്കുന്നത്. കർശന വ്യവസ്ഥകളോടെയായിരിക്കും 50 ശതമാനമുള്ള സ്പോട്ട് രജിസ്ട്രേഷൻ സ്ലോട്ടുകളിൽ ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നത്. 60 വയസിന് മുകളിൽ പ്രായമുള്ള രണ്ടാം ഡോസ് എടുക്കേണ്ടവർ, 18 വയസിന് മുകളിൽ പ്രായമുള്ള എല്ലാ കിടപ്പ് രോഗികളുടെയും രണ്ടാം ഡോസ്, 18 നും 60 നും ഇടയിക്ക് പ്രായമായ അനുബന്ധ രോഗമുള്ളവർക്ക് ആദ്യ ഡോസും രണ്ടാം ഡോസും, 18 വയസിന് മുകളിൽ പ്രായമുള്ള സർക്കാർ നിശ്ചയിച്ച മുൻഗണനാ ഗ്രൂപ്പിലുള്ളവർ, 18നും 44നും ഇടയ്ക്ക് പ്രായമുള്ളവർ അവരോഹണ ക്രമത്തിൽ എന്നിങ്ങനെ വാർഡ് തലത്തിൽ പട്ടിക തയ്യാറാക്കിയായിരിക്കും വാക്സിൻ നൽകുക. കിടപ്പ് രോഗികൾക്ക് മൊബൈൽ യൂണിറ്റുകളിലൂടെയും രജിസ്ട്രേഷൻ ചെയ്യാനറിയാത്തവർക്ക് ആശാവർക്കർമാരുടെ സഹായത്തോടെ വേവ് വഴിയും വാക്സിനേഷൻ ഉറപ്പിക്കുന്നതാണെന്ന് വീണാ ജോർജ് കൂട്ടിച്ചേർത്തു.

കൊച്ചി: ജനക്കൂട്ടം നിയന്ത്രിക്കാൻ കഴിഞ്ഞില്ലെങ്കിൽ മദ്യശാലകൾ അടച്ചിടണമെന്ന് ഹൈക്കോടതി. ബിവറേജസ് കോർപറേഷനാണ് ഹൈക്കോടതി ഇതുസംബന്ധിച്ച നിർദേശം നൽകിയത്. മദ്യം വാങ്ങാനെത്തുന്നവരെ പകർച്ച വ്യാധിക്ക് മുന്നിലേക്കിടാനാകില്ലെന്ന് കോടതി വ്യക്തമാക്കി. മദ്യം വാങ്ങാൻ സൗകര്യമൊരുക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

മദ്യം വാങ്ങിക്കുന്നവരുടെ കുടുംബങ്ങളെക്കുറിച്ച് ആലോചിക്കണം. ജനക്കൂട്ടം നിയന്ത്രിക്കണം അതിന് സാധിച്ചില്ലെങ്കിൽ അടച്ചിടുക എന്നതാണ് മുന്നിലുള്ള മാർഗമെന്നും ഇക്കാര്യത്തിൽ മറ്റു പോംവഴികൾ ഇല്ലാത്ത അവസ്ഥയാണെന്നും കോടതി നിരീക്ഷിച്ചു.

അതേസമയം സൗകര്യങ്ങളില്ലാത്ത മദ്യശാലകൾ മാറ്റി സ്ഥാപിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് സർക്കാർ ഹൈക്കോടതിയിൽ വ്ക്തമാക്കിയിരിക്കുന്നത്. നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ രണ്ടു മാസം സമയം വേണമെന്നും ബെവ്കോ അറിയിച്ചു. അടുത്തമാസം രണ്ടിന് കേസ് വീണ്ടും പരിഗണിക്കും.

കാബൂൾ: അഫ്ഗാനിസ്താനിൽ താലിബാൻ സ്വാധീനം വർധിപ്പിക്കുന്നതിനിടെ ഇന്ത്യയുടെ പിന്തുണ തേടി അഷ്‌റഫ് ഗനി സർക്കാർ. ആറ് പ്രവിശ്യാ തലസ്ഥാനങ്ങളുടെ നിയന്ത്രണം താലിബാൻ പിടിച്ചെടുത്തതിന് പിന്നാലെയാണ് അഫ്ഗാൻ സർക്കാർ ഇന്ത്യയുടെ പിന്തുണ തേടിയതെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ഓഗസ്റ്റ് 31 ഓടെ അമേരിക്ക സൈന്യത്തെ പൂർണമായും പിൻവലിക്കുന്നതോടെ താലിബാൻ അക്രമത്തിന്റെ തോത് വർദ്ധിപ്പിക്കുമെന്നാണ് അഫ്ഗാനിസ്താൻ ആശങ്കപ്പെടുന്നത്. ഇത്തരമൊരു സാഹചര്യത്തിൽ ഇന്ത്യൻ വ്യോമസേന തങ്ങളുടെ വ്യോമസേനയ്ക്ക് പിന്തുണ നൽകണമെന്നാണ് അഫ്ഗാൻ സർക്കാർ ആഗ്രഹിക്കുന്നതെന്നാണ് വിവരം.

യുഎസ് സൈന്യം പിന്മാറാൻ ആരംഭിച്ചതിന് പിന്നാലെ അഫ്ഗാനിസ്താനിൽ താലിബാൻ സ്വാധീനം വർധിപ്പിച്ചിരിക്കുകയാണ്. പല പ്രദേശങ്ങളും ഇതിനോടകം തന്നെ താലിബാന്റെ നിയന്ത്രണത്തിലായി കഴിഞ്ഞു. പതിനായിരക്കണക്കിന് ആളുകളാണ് യുദ്ധഭീതിയാൽ സ്വന്തം വീടും സ്ഥലവും വിട്ട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് പാലായനം ചെയ്യുന്നത്.

pinarayi

തിരുവനന്തപുരം: കോവിഡ് വൈറസ് വ്യാപനം ഗണ്യമായി കൂടാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. ഓണം വീട്ടിലിരുന്ന് ആഘോഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഓണക്കാലത്ത് ആൾക്കൂട്ടം ഒഴിവാക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.

ഇനിയും രോഗം വരാത്ത 50 ശതമാനം പേർ കേരളത്തിലുണ്ട്. അതിനാൽ ഓണാഘോഷം കുടുംബങ്ങളിൽ നടക്കട്ടെയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അതേസമയം ഓണക്കാലവും തുടർന്നുള്ള ലോക്ക് ഡൗൺ നിയന്ത്രണങ്ങളിലെ ഇളവും കാരണം കേരളത്തിൽ വരും ദിവസങ്ങളിൽ കോവിഡ് കേസുകൾ വൻതോതിൽ കൂടുമെന്ന് കേന്ദ്രസംഘവും മുന്നറിയിപ്പ് നൽകിയിരുന്നു.

സംസ്ഥാനത്തെ എട്ട് ജില്ലകളിലെ സാഹചര്യങ്ങൾ പഠിച്ച ശേഷം കേന്ദ്ര സംഘം തയ്യാറാക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയിരിക്കുന്നത്. കേരളത്തിലെ രോഗ ബാധയ്ക്ക് പ്രധാനമായും പത്ത് കാരണങ്ങളാണ് കേന്ദ്ര സംഘം റിപ്പോർട്ടിയിൽ പറയുന്നത്. കേരളത്തിൽ രോഗവ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്താൻ വേണ്ടിയാണ് കേന്ദ്രം വിദഗ്ധ സംഘത്തെ അയച്ചത്.

തിരുവനന്തപുരം: കുട്ടനാട്ടിൽ നിന്നും ജനങ്ങൾ പലായനം ചെയ്യുകയാണെന്ന് പ്രതിപക്ഷം. കുട്ടനാട്ടിലെ ജനങ്ങളുടെ പ്രശ്‌നങ്ങൾ പ്രതിപക്ഷം നിയമസഭയിൽ ചർച്ചയാക്കി. കുട്ടനാട് ഭരണകൂടത്തെ നോക്കി നിലവിളിക്കുകയാണെന്ന് അടിയന്തര പ്രമേയ അവതാരകനായ പി സി വിഷ്ണുനാഥ് എം എൽ എ വ്യക്തമാക്കി. സർക്കാർ വാഗ്ദാനങ്ങൾ പാലിക്കുന്നില്ല. 2019-20 കാലത്ത് അഞ്ഞൂറുകോടിയുടെ കുട്ടനാട് പാക്കേജ് പ്രഖ്യാപിച്ചെങ്കിലും ഒന്നും ചെലവാക്കിയില്ലെന്നും അദ്ദേഹം പറഞ്ഞു.

സംഭവത്തെ ഗൗരവമായി കാണുന്നുവെന്നും അടിയന്തര നടപടി തുടങ്ങിയെന്നും മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. തോട്ടപ്പള്ളി സ്പിൽവേയിലെ ഒഴുക്ക് കുറഞ്ഞെന്നും മാലിന്യം അടിഞ്ഞതാണ് പ്രശ്‌ന കാരണമെന്നും ഇത് വെള്ളം കയറാൻ കാരണമാകുന്നുവെന്നും റോഷി അഗസ്റ്റിൻ വിശദമാക്കി. ചെളി നീക്കം ചെയ്യുന്നതടക്കമുള്ള നടപടി തുടങ്ങിയതായും ഒഴുക്ക് തടസപ്പെടുത്തുന്ന പാലം പുനർനിർമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ചെന്നെ ഐ ഐ ടിയുടെ പഠന റിപ്പോർട്ട് കിട്ടിയ ശേഷം തോട്ടപ്പള്ളി സ്പിൽവേ നവീകരണത്തിന്റെ തുടർ നടപടികൾ സ്വീകരിക്കും. ഒന്നാം പ്രളയ ശേഷം കുട്ടനാട്ടിൽ സർക്കാർ നടത്തിയത് മികച്ച പ്രവർത്തനമാണ്. കുട്ടനാട്ടിൽ നിന്നും ആരെങ്കിലും പോയിട്ടുണ്ടെങ്കിൽ അവരെ തിരികെ കൊണ്ട് വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കുട്ടനാട്ടിലെ പ്രശ്‌നങ്ങളെ കുറിച്ച് മാദ്ധ്യമങ്ങൾ നിരന്തരം റിപ്പോർട്ട് ചെയ്തിട്ടും സർക്കാർ നടപടികൽ സ്വീകരിക്കുന്നില്ലെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം. കുട്ടനാട് കണ്ടിട്ടില്ലാത്ത ആളുകൾ ആണ് പദ്ധതികൾ പ്രഖ്യാപിക്കുന്നത്. കുട്ടനാടിനെ തകർക്കുന്നതാണ് പുതിയ പദ്ധതികളെന്നും പ്രതിപക്ഷം വിമർശിച്ചു.

കുട്ടനാട്ടുകാർ വെള്ളത്തിൽ അല്ലെന്നായിരുന്നു കുട്ടനാട് എം എൽ എ തോമസ് കെ തോമസിന്റെ മറുപടി. പിജെ ജോസഫും കൊടിക്കുന്നിൽ സുരേഷും തമ്മിലെ അടി മൂലമാണ് ഒന്നാം കുട്ടനാട് പാക്കേജ് നടപ്പാക്കാതെ പോയത്. കുട്ടനാടിനെ ഇത്രയെറേ സഹായിച്ച സർക്കാർ പിണറായി സർക്കാർ അല്ലാതെ വേറെ ഇല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അതേസമയം വാഗ്ദാന പെരുമഴ കൊണ്ടുള്ള വെള്ളം കുട്ടനാട്ടിൽ കെട്ടിക്കിടക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പരിഹസിച്ചു. ജനങ്ങളുടെ സ്ഥിതി കണ്ടാൽ സഹിക്കില്ലെന്നും വെള്ളത്തിലാണ് ജനം ജീവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.. ജനങ്ങളുടെ അവസ്ഥ താൻ നേരിൽ കണ്ടതാണ്. കുട്ടനാടിനായി വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ടുള്ള സമഗ്രമായ പദ്ധതി വേണമെന്നും പ്രതിപക്ഷം അതുമായി സഹകരിക്കാമെന്നും അദ്ദേഹം വിശദീകരിച്ചു.