ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ സ്ഥിരീകരിച്ച കോവിഡ് കേസുകളിൽ 55 ശതമാനത്തിൽ അധികവും റിപ്പോർട്ട് ചെയ്തത് കേരളത്തിൽ നിന്നും. കഴിഞ്ഞ 24 മണിക്കൂറിനിടെ 38,353 പുതിയ കേസുകളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. ഇതിൽ 21,119 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത് കേരളത്തിൽ നിന്നാണ്. 3,86,351 പേരാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ചികിത്സയിൽ കഴിയുന്നത്. 140 ദിവസങ്ങളിലെ ഏറ്റവും കുറഞ്ഞ കണക്കാണിത്. കഴിഞ്ഞ 24 മണിക്കൂറിൽ 497 പേർക്ക് കോവിഡ് ബാധയെ തുടർന്ന് ജീവൻ നഷ്ടപ്പെട്ടതായും ആരോഗ്യ മന്ത്രാലത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
രാജ്യത്തെ പുതിയ കോവിഡ് ബാധിതരിൽ 55.06 ശതമാനവും സ്ഥിരീകരിച്ചത് കേരളത്തിൽ നിന്നാണ്. മഹാരാഷ്ട്രയാണ് പ്രതിദിന രോഗബാധിതരുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്തുള്ളത്. 5609 കേസുകളാണ് മഹാരാഷ്ട്രയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തമിഴ്‌നാട്ടിൽ 1893 കേസുകളും ആന്ധ്രാ പ്രദേശിൽ 1461 കേസുകളും കർണാടക 1338 കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രാജ്യത്തെ പുതിയ രോഗികളുടെ 81.92 ശതമാനവും ഈ അഞ്ചു സംസ്ഥാനങ്ങളിൽ നിന്നാണ്.
കോവിഡ് ബാധിച്ച് കഴിഞ്ഞ ദിവസം മരണമടഞ്ഞവരുടെ കണക്കുകളിലും മുന്നിലുള്ള സംസ്ഥാനം കേരളമാണ്. 152 പേരാണ് ഇന്നലെ കേരളത്തിൽ മരിച്ചത്. 137 മരണങ്ങളുമായി മഹാരാഷ്ട്രയാണ് തൊട്ടു പിന്നിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിൽ 41,38.646 ഡോസ് വാക്‌സിനുകൾ വിതരണം ചെയ്തുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

