General (Page 1,448)

തിരുവനന്തപുരം: അപ്രായോഗികവും അശാസ്ത്രീയവുമായ വാഹന പൊളിക്കൽ നയമാണ് കേന്ദ്ര സർക്കാർ പുതുതായി പ്രഖ്യാപിച്ചിരിക്കുന്നതെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. വാണിജ്യ വാഹനങ്ങൾ 15 വർഷത്തിലധികം സർവീസ് നടത്താൻ പാടില്ല എന്ന നയം കേരളത്തിൽ അപ്രായോഗികമാണെന്ന് അദ്ദേഹം പറഞ്ഞു. മലിനീകരണമാണ് പ്രശ്‌നമെങ്കിൽ മലിനീകരണം കുറയുന്ന രീതിയിൽ വാഹനങ്ങളെ ഹരിത ഇന്ധനത്തിലേക്ക് പരിവർത്തനം ചെയ്യുവാനുള്ള നടപടികളാണ് സ്വീകരിക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

വൻകിട വാഹന നിർമ്മാതാക്കളുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്ന രീതിയിലാണ് പുതിയ കേന്ദ്ര നയം. കാലപ്പഴക്കം മാത്രമല്ല ഓടിയ കിലോമീറ്ററും കൂടെ പരിഗണിച്ചുവേണം പഴക്കം നിർണയിക്കേണ്ടത്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ബസ്സുകൾ പലതും കാലപ്പഴക്കം ഉള്ളവയാണ്, അവ കുറഞ്ഞ ദൂരം മാത്രമേ ഇത്രയും കാലം കൊണ്ട് സർവീസ് നടത്തിയിട്ടുള്ളൂ എന്നതും പരിഗണിക്കണം. സ്വകാര്യ വാഹനങ്ങൾക്ക് പരമാവധി 20 വർഷവും വാണിജ്യ വാഹനങ്ങൾക്ക് 15 വർഷവുമാണ് ഇപ്പോൾ നിശ്ചയിച്ചിരിക്കുന്നത്. പുതിയ വാഹനം വാങ്ങുവാൻ ഭീമമായ തുക ചെലവഴിക്കാൻ സാധാരണക്കാർക്ക് കഴിയില്ല എന്ന് ബന്ധപ്പെട്ടവർ മനസ്സിലാക്കണം. സ്വന്തമായി ഒരു വാഹനം എന്ന സ്വപ്നം സഫലീകരിക്കാനുള്ള സാധാരണക്കാരുടെ ആഗ്രഹത്തിനുമേലുള്ള കടന്നുകയറ്റമാണ് കേന്ദ്രനയമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

പുതിയ വാഹന പൊളിക്കൽ നയം എത്രയും പെട്ടെന്ന് പുനഃപരിശോധിക്കണം. വാഹന ഉടമകൾക്ക് പുതിയ വാഹനങ്ങൾ വാങ്ങുവാൻ സാവകാശം നൽകണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി സിപിഎം ആസ്ഥാനമായ എകെജി സെന്ററിൽ നടത്തിയ ദേശീയപതാക ഉയർത്തലിനെതിരെ പരാതി. പതാക ഉയർത്തിയത് ദേശീയ പതാകയെ അവഹേളിക്കുന്ന തരത്തിലാണെന്നും ഫ്ലാഗ് ഓഫ് കോഡിന്റെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടിയാണ് പരാതി. നിയമ വിദ്യാർത്ഥിയായ അജ്മൽ കരുനാഗപ്പള്ളിയാണ് സിപിഎമ്മിനെതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകിയത്.

ദേശീയപതാകയോടൊപ്പം അതേ ഉയരത്തിൽ തൊട്ടടുത്ത് മറ്റൊരു പതാകയും സ്ഥാപിക്കരുതെന്നാണ് നിയമം. എന്നാൽ എകെജി സെന്ററിൽ നടന്നത് നിയമലംഘനമാണെന്ന് പരാതിയിൽ പറയുന്നു. സിപിഎമ്മിനെതിരെ നടപടി സ്വീകരിക്കണമെന്നും വിദ്യാർത്ഥി പരാതിയിൽ ആവശ്യപ്പെട്ടു

കോൺഗ്രസ് നേതാവ് കെ എസ് ശബരീനാഥനും സിപിഎമ്മിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. മറ്റൊരു പതാകയും ദേശീയപതാകയേക്കാൾ ഉയരത്തിലോ ഒപ്പമോ ഉയർത്തരുതെന്ന ഇന്ത്യൻ ഫ്ലാഗ് കോഡിലെ വ്യവസ്ഥയാണ് സിപിഎം ലംഘിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സി.പി.എമ്മനെതിരെ ഇന്ത്യൻ ഫ്‌ളാഗ് കോഡ് ലംഘനത്തിന് കേസെടുക്കണമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കാബൂൾ: അഫ്ഗാന്റെ പേര് ‘ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാൻ’ എന്നാക്കി പ്രഖ്യാപിക്കുമെന്നു താലിബാൻ. ഉടൻ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് വിവരം. അഫ്ഗാൻ പ്രസിഡന്റിന്റെ കൊട്ടാരത്തിൽ നിന്നാകും പ്രഖ്യാപനം. നേരത്തേ, യുഎസ് താലിബാനെ പുറത്താക്കുന്നതിനു മുൻപ് അഫ്ഗാന്റെ പേര് ഇങ്ങനെയായിരുന്നു. കാബൂളിലെ 11 ജില്ലാ കേന്ദ്രങ്ങളുടെയും പ്രസിഡന്റിന്റെ കൊട്ടാരത്തിന്റെയും നിയന്ത്രണം താലിബാൻ ഇതിനോടകം പിടിച്ചടക്കിയിട്ടുണ്ട്.

കാബൂൾ താലിബാൻ പിടിച്ചെടുത്തതിന് പിന്നാലെ അഫ്ഗാൻ പ്രസിഡന്റ് അഷ്റഫ് ഗനി രാജ്യം വിട്ടതായാണ് റിപ്പോർട്ടുകൾ. അഷ്റഫ് ഗനി കാബൂൾ വിമാനത്താവളം വഴി താജിക്കിസ്ഥാനിലേക്ക് പോയതായാണ് വിവരം. അഫ്ഗാൻ മാദ്ധ്യമമായ ടോളോ ന്യൂസ് അടക്കമുള്ള മാദ്ധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. അഫ്ഗാൻ ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥനും ഇക്കാര്യം സ്ഥിരീകരിച്ചതായാണ് സൂചന. അഫ്ഗാനിൽ ഭരണനിയന്ത്രണത്തിനു മൂന്നംഗ താൽക്കാലിക സമിതിയെ നിയോഗിച്ചതായി റിപ്പോർട്ടുണ്ട്. താലിബാൻ പ്രതിനിധിയും സമിതിയിലുണ്ടെന്നാണു സൂചന. മുൻ പ്രസിഡന്റ് ഹമീദ് കർസായിയുടെ നേതൃത്വത്തിലാണു സമിതി. കാബൂൾ വിമാനത്താവളത്തിൽ നിന്നുള്ള യാത്രാവിമാനങ്ങളുടെ സർവീസും നിർത്തി.

കാബൂളിന്റെ നിയന്ത്രണം കൂടി പിടിച്ചെടുത്തതോടെയാണ് അഫ്ഗാന്റെ നിയന്ത്രണം താലിബാന് കൈമാറാൻ സർക്കാർ നിർബന്ധിതരായത്. അഫ്ഗാൻ വൈസ് പ്രസിഡന്റ് അമിറുള്ള സാലെയും രാജ്യത്ത് നിന്നും പലായനം ചെയ്തുവെന്നാണ് പുറത്തു വരുന്ന വിവരം.

ശ്രീനഗർ: 1997 ലെ ജമ്മു കശ്മീർ മൈഗ്രന്റ് ഇമ്മുവബിൾ പ്രോപ്പർട്ടി ആക്ട് ലംഘിക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ. കശ്മീരി പണ്ഡിറ്റുകളുടെ സ്വത്തുക്കൾ സംരക്ഷിക്കാനുളള നീക്കമെന്ന നിലയിലാണ് പുതിയ പ്രഖ്യാപനം. താഴ്വരയിൽ കാശ്മീരി പണ്ഡിറ്റുകളുടെ സ്ഥാവര ആസ്തികളിൽ ഉണ്ടായേക്കാവുന്ന കൈയ്യേറ്റം തടയുന്നതിനായാണ് ഇത്തരം നടപടികൾ സ്വീകരിച്ചിരിക്കുന്നത്.

മതപരമായ സ്വത്തുക്കളുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങളിൽ അടക്കം സമയബന്ധിതമായി നടപടി സ്വീകരിക്കുമെന്ന് ജമ്മു കശ്മീർ ഭരണകൂടം വ്യക്തമാക്കി. കൂടാതെ അത്തരം വസ്തുക്കളുടെ ഒഴിപ്പിക്കൽ, സംരക്ഷണം, തിരിച്ചുപിടിക്കൽ എന്നിവയും ഉറപ്പാക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. 1997 ലെ നിയമം പൂർണ്ണമായി നടപ്പാക്കുന്നത് ഉറപ്പാക്കാൻ, സർവേ നടത്താനും കുടിയേറ്റക്കാർ ഉപേക്ഷിച്ച സ്വത്തുക്കളുടെ കണക്കെടുക്കാനും ലഫ്റ്റനന്റ് ഗവർണർ ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു.

15 ദിവസത്തിനുള്ളിൽ രജിസ്റ്ററുകൾ അപ്‌ഡേറ്റ് ചെയ്യാനും ബന്ധപ്പെട്ട റിപ്പോർട്ടുകൾ ഡിവിഷണൽ കമ്മീഷണർക്ക് സമർപ്പിക്കാനും അദ്ദേഹം നിർദ്ദേശം നൽകി. ഇതോടൊപ്പം കുടിയേറ്റക്കാർക്ക് അവരുടെ സ്വത്ത് വിവരങ്ങളിൽ എന്തെങ്കിലും തിരുത്തലുകളോ മാറ്റങ്ങളോ വരുത്തുന്നതിനായി ഒരു ഓൺലൈൻ അപേക്ഷയ്ക്കും ആവിഷ്‌ക്കരിച്ചിട്ടുണ്ടെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കശ്മീർ മുഖ്യമന്ത്രിയായിരുന്ന ഫാറൂഖ് അബ്ദുള്ളയാണ് 1997 ൽ ജമ്മു കശ്മീർ മൈഗ്രന്റ് ഇമ്മുവബിൾ പ്രോപ്പർട്ടി ആക്ട് കൊണ്ടുവന്നത്. എന്നാൽ ഇതുവരെയും നിയമം കൃത്യമായി പാലിക്കപ്പെട്ടിട്ടില്ല.

കശ്മീരി പണ്ഡിറ്റുകളെ കേന്ദ്രഭരണ പ്രദേശത്തേക്ക് തിരികെ കൊണ്ടുവരുന്നതിനുള്ള ഒരു ഉന്നതതല യോഗം ജൂലായ് 16 ന് മനോജ് സിൻഹയുടെ നേതൃത്വത്തിൽ ചേർന്നിരുന്നു. 1990 ൽ പലായനം നേരിട്ടവർക്ക് തിരിച്ചുവരാൻ സൗകര്യപ്രദമായ നടപടികൾ കൈക്കൊള്ളാൻ ലഫ്റ്റനന്റ് ഗവർണർ ഈ യോഗത്തിൽ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരുന്നു.

കാബൂൾ: കാബൂൾ താലിബാൻ പിടിച്ചെടുത്തതിന് പിന്നാലെ അഫ്ഗാൻ പ്രസിഡന്റ് അഷ്‌റഫ് ഗനി രാജ്യം വിട്ടതായി റിപ്പോർട്ടുകൾ. അഷ്‌റഫ് ഗനി കാബൂൾ വിമാനത്താവളം വഴി താജിക്കിസ്ഥാനിലേക്ക് പോയതായാണ് വിവരം. അഫ്ഗാൻ മാദ്ധ്യമമായ ടോളോ ന്യൂസ് അടക്കമുള്ള മാദ്ധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. അഫ്ഗാൻ ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥനും ഇക്കാര്യം സ്ഥിരീകരിച്ചതായാണ് സൂചന.

കാബൂളിന്റെ നിയന്ത്രണം കൂടി പിടിച്ചെടുത്തതോടെയാണ് അഫ്ഗാന്റെ നിയന്ത്രണം താലിബാന് കൈമാറാൻ സർക്കാർ നിർബന്ധിതരായത്. അഫ്ഗാൻ വൈസ് പ്രസിഡന്റ് അമിറുള്ള സാലെയും രാജ്യത്ത് നിന്നും പലായനം ചെയ്തുവെന്നാണ് പുറത്തു വരുന്ന വിവരം.

താലിബാൻ കമാൻഡർ മുല്ല അബ്ദുൾ ഗനി ബറാദർ ആവും അഫ്ഗാന്റെ പുതിയ പ്രസിഡന്റെന്നാണ് റിപ്പോർട്ട്. ബലം പ്രയോഗിച്ച് അധികാരം ഏറ്റെടുക്കില്ലെന്ന് താലിബാൻ വക്താക്കൾ അറിയിച്ചിരുന്നു. സമാധാനപരമായ അധികാരകൈമാറ്റത്തിന് കാത്തിരിക്കുകയാണെന്നാണ് താലിബാൻ വക്താക്കൾ മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്.

അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങൾ കാബൂളിൽ നിന്നും നയതന്ത്ര പ്രതിനിധികളെ ഒഴിപ്പിക്കാൻ ആരംഭിച്ചിട്ടുണ്ട്. ഒഴിപ്പിക്കൽ നടപടികൾക്ക് സുരക്ഷ ഉറപ്പാക്കാൻ അമേരിക്കൻ സൈന്യത്തെ മേഖലയിൽ വിന്യസിച്ചിരിക്കുകയാണ്.

തിരുവനന്തപുരം: അരൂർ-ചേർത്തല ദേശീയപാത ടാറിങ് വിവാദത്തിൽ പ്രതികരണവുമായി മന്ത്രി സജി ചെറിയാൻ. റോഡ് നിർമ്മാണത്തിലെ പരാതിയിൽ വിജിലൻസ് അന്വേഷണം ആവശ്യമില്ലെന്ന് മന്ത്രി വ്യക്തമാക്കി. എ എം ആരിഫ് എംപിയുടെ പ്രസ്താവനകളും അദ്ദേഹം തള്ളി. ആരിഫ് ആവശ്യപ്പെട്ട വിഷയത്തിൽ വകുപ്പുതല അന്വേഷണം നടത്തിയതാണ്. വെള്ളക്കെട്ടാണ് പ്രശ്‌നമെന്ന് അന്വേഷണത്തിൽ വ്യക്തമായതാണെന്നും ആരിഫിന് ഈ വിഷയത്തിൽ പോരായ്മ ഉണ്ടായോ എന്ന് പരിശോധിക്കുമെന്നും സജി ചെറിയാൻ വിശദമാക്കി.

ജി സുധാകരൻ പൊതുമരാമത്ത് മന്ത്രിയായിരിക്കെ ആരിഫ് നൽകിയ പരാതിയിൽ അരൂർ- ചേർത്തല പാതയിലെ അശാസ്ത്രീയത സംബന്ധിച്ച് അന്വേഷണം നടത്തിയിരുന്നു. എന്നാൽ ഇപ്പോൾ പാർട്ടി ഘടകമായ ജില്ലാ കമ്മിറ്റിയിൽ പോലും ആലോചിക്കാതെയാണ് അന്വേഷണം ആവശ്യപ്പെട്ട് ആരിഫ് കത്ത് നൽകിയത്. നേരത്തെ അന്വേഷിച്ച് അവസാനിപ്പിച്ച ആരോപണം വീണ്ടും ഉയർത്തിയതിനാലും പാർട്ടിയോട് ആലോചിക്കാത്തതിനാലും ആരിഫിനോട് പാർട്ടി നേതൃത്വം കടുത്ത അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം.

ദേശീയപാത 66 ൽ അരൂർ മുതൽ ചേർത്തല വരെ (23.6 KM)യുള്ള പുനർനിർമ്മാണത്തിൽ ക്രമക്കേട് ഉണ്ടെന്നാണ് ആരിഫ് ആരോപിക്കുന്നത്. മൂന്ന് വർഷം ഗ്യാരണ്ടിയോടെ നിർമ്മിച്ച റോഡിന് നിലവാരമില്ലെന്നും റോഡിൽ ഉടനീളം കുഴികൾ രൂപപ്പെടുന്ന സ്ഥിതിയാണ് നിലവിലുള്ളതെന്നും അദ്ദേഹം പറയുന്നു. 2019 ൽ 36 കോടി ചിലവഴിച്ച് ജർമ്മൻ സാങ്കേതിക വിദ്യ ഉപയോഗിച്ചായിരുന്നു റോഡിന്റെ പുനർനിർമ്മാണം നടത്തിയത്. കേന്ദ്ര ഫണ്ടായിരുന്നെങ്കിലും സംസ്ഥാന പൊതുമരാമത്ത് ദേശീയപാത വിഭാഗമായിരുന്നു നിർമ്മാണ ചുമതല വഹിച്ചത്.

വാഷിംഗ്ടൺ: രോഗപ്രതിരോധ ശേഷി കുറഞ്ഞവർക്ക് ബൂസ്റ്റർ ഡോസ് നൽകാൻ അനുമതി നൽകി യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ. കോവിഡിന്റെ ഡെൽറ്റ വകഭേദം അതിവേഗം പടർന്ന് പിടിക്കുന്ന സാഹചര്യം കണക്കിലെടുത്താണ് രോഗപ്രതിരോധ ശേഷി കുറഞ്ഞവർക്ക് ബൂസ്റ്റർ ഡോസ് നൽകാൻ തീരുമാനിച്ചതെന്ന് യുഎസ് റെഗുലേറ്റർമാർ അറിയിച്ചു.

ഫൈസർ-ബയോഎൻടെക്, മോഡേണ വാക്‌സിനുകൾക്കാണ് അത്യാവശ്യ ഘട്ടങ്ങളിൽ മൂന്നാം ഡോസ് വാക്സിൻ നൽകാൻ എഫ്ഡിഎ അനുമതി നൽകിയത്. കോവിഡ് രോഗബാധ അടുത്ത ഘട്ടത്തിലേക്ക് കടന്ന സാഹര്യത്തിൽ രോഗപ്രതിരോധ ശേഷിയില്ലാത്ത ആളുകൾ ഗുരുതരമായ രോഗത്തിന് സാധ്യതയുണ്ടെന്നാണ് എഫ്ഡിഎ കമ്മീഷണർ ജാനറ്റ് വുഡ്കോക്ക് പറയുന്നത്.

രോഗപ്രതിരോധശേഷി കുറഞ്ഞ ആളുകൾക്കാണ് കൂടുതൽ ശ്രദ്ധ നൽകുന്നതെന്നും അദ്ദേഹം അറിയിച്ചു. രണ്ടാം ഡോസ് സ്വീകരിച്ച് 28 ദിവസത്തിന് ശേഷം മാത്രമേ ബൂസ്റ്റർ ഡോസ് എടുക്കാൻ പാടുള്ളൂവെന്നാണ് എഫ്ഡിഎ നിർദ്ദേശം നൽകിയിരിക്കുന്നത്.

കാബൂൾ: അഫ്ഗാന്റെ നിയന്ത്രണം താലിബാൻ കയ്യടക്കുന്ന സാഹചര്യത്തിൽ നയതന്ത്ര ഉദ്യോഗസ്ഥരെ ഒഴിപ്പിക്കാൻ കേന്ദ്രസർക്കാരിന് മേൽ സമ്മർദ്ദം ശക്തമാകുന്നു. താലിബാൻ കാബൂളിനടുത്ത് എത്തിയ സാഹചര്യത്തിൽ ഇന്ത്യയിലേക്ക് വരാൻ അനുവദിക്കണമെന്ന് ആവശ്യവുമായി ആയിരക്കണക്കിന് അഫ്ഗാൻ പൗരൻമാരാണ് രംഗത്തെത്തുന്നത്. അഫ്ഗാനിലെ സ്ഥിതിഗതികൾ നിരീക്ഷിക്കുകയാണെന്നും നയതന്ത്ര ഉദ്യോഗസ്ഥരെ തിരികെ എത്തുന്ന കാര്യത്തിൽ ഉടൻ തീരുമാനം ഉണ്ടാകുമെന്നുമാണ് സർക്കാർ വൃത്തങ്ങൾ നൽകുന്ന വിവരം.

കാബൂളിലെ എംബസി മാത്രമാണ് നിലവിൽ അഫ്ഗാനിസ്ഥാനിൽ പ്രവർത്തിക്കുന്നത്. എംബസിയിലെ ഉദ്യോഗസ്ഥരെ ഇപ്പോൾ ഒഴിപ്പിക്കേണ്ടതുണ്ടോ എന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. എംബസി ഇപ്പോൾ അടച്ചു പൂട്ടുന്നത് അഫ്ഗാൻ സർക്കാരിനെ കൈവിടുന്നതിന് തുല്യമാകും എന്നതാണ് സർക്കാരിന്റെ നിലപാടെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ അടിയന്തര ഘട്ടം വന്നാൽ വിമാനങ്ങൾ അയച്ച് ഉദ്യോസ്ഥരെ ഒഴിപ്പിക്കാനുള്ള പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്ന വിവരവും പുറത്തു വരുന്നുണ്ട്. ദേശീയ സൂരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ നേതൃത്വത്തിലാണ് അഫ്ഗാനിലെ സ്ഥിതിഗതികൾ വിലയിരുത്തുന്നത്.

അഫ്ഗാന്റെ പ്രവിശ്യകളോരോന്നും താലിബാൻ പിടിച്ചടക്കാൻ ആരംഭിച്ചതോടെ കാബൂളിലെ അമേരിക്കൻ എംബസിയിലേക്ക് സൈനിക ഹൈലികോപ്റ്ററുകൾ എത്തി ഉദ്യോഗസ്ഥരെ ഒഴിപ്പിക്കാൻ ആരംഭിച്ചു. ഈ സാഹചര്യത്തിലാണ് ഇന്ത്യയ്ക്ക് മേലും സമ്മർദ്ദം ശക്തമാകുന്നത്. ഡൽഹി ജെഎൻയുവിലെ അഫ്ഗാൻ വിദ്യാർത്ഥികളും മടങ്ങിവരാൻ അനുവദിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിട്ടുണ്ട്.

തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിക്കാലത്ത് സഹകരണ ബാങ്കുകളിൽ വായ്പ കുടിശിക ആയവർക്ക് ഇളവുകളോടെ ഒറ്റത്തവണ തീർപ്പാക്കലിന് പ്രത്യേക പദ്ധതി പ്രഖ്യാപിച്ച് സഹകരണ മന്ത്രി വി.എൻ. വാസവൻ. സഹകരണ സംഘം രജിസ്ട്രാർക്ക് കീഴിൽ രജിസ്റ്റർ ചെയ്ത പ്രാഥമിക സഹകരണ സംഘങ്ങളിലും ബാങ്കുകളിലും വായ്പ മുടങ്ങിയവർക്കാണ് നവ കേരളീയം കുടിശിക നിവാരണം ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രഖ്യാപിച്ചത്. പദ്ധതിയിലൂടെ സഹകരണ സംഘങ്ങളുടെ നിഷ്‌ക്രിയ ആസ്തിയും കുടിശികയും കുറച്ചു കൊണ്ടു വരുന്നതിനാണ് ലക്ഷ്യമിടുന്നത്. ഇടപാടുകാർക്ക് ഇളവു നൽകി കോവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിന് വിപുലമായ പദ്ധതിയാണ് മന്ത്രി പ്രഖ്യാപിച്ചത്.

ഗുരുതരമായ രോഗം ബാധിച്ചവരുടെ വായ്പകൾക്ക് പരമാവധി ഇളവുകൾ നൽകും. വായ്പയെടുത്തയാൾ മരണപ്പെട്ടിട്ടുണ്ടെങ്കിൽ അവകാശികൾ ഇളവ് നൽകി കുടിശിക ഒഴിവാക്കാനും അവസരം ഒരുക്കിയിട്ടുണ്ട്. ഓഗസ്റ്റ് 16 മുതൽ സെപ്റ്റംബർ 30 വരെയാണ് നവകേരളീയം കുടിശിക നിവാരണം. 2021 മാർച്ച് 31 വരെ പൂർണമായോ ഭാഗികമായോ കുടിശികയായ വായ്പകളാണ് പരിഗണിക്കുക. ഇതുസംബന്ധിച്ച് വിശദമായ മാർഗരേഖ സഹകരണ സംഘം രജിസ്ട്രാർ പുറപ്പെടുവിച്ചു.

കാൻസർ, പക്ഷാഘാതം, എയ്ഡ്‌സ്, ലിവർ സിറോസിസ്, ക്ഷയം, ചികിത്സിച്ചു മാറ്റാൻ കഴിയാത്ത മാനസിക രോഗം എന്നിവ ബാധിച്ചവർക്കും ഹൃദ്രോഗ ശസ്ത്രക്രിയക്ക് വിധേയരായവർ, ഡയാലിസിസ് ചികിത്സ നടത്തുന്നവർ, അപകടത്തെ തുടർന്ന് കിടപ്പിലായവർ എന്നിവർക്കും പരമാവധി ഇളവുകൾ നൽകും. ഇവരുടെ അവകാശികളുടെ സ്ഥിതി പരിശോധിച്ചായിരിക്കും ഇളവുകൾ നിശ്ചയിക്കുക. മാതാപിതാക്കളുടെ പേരിലുള്ള വായ്പകൾക്ക് അവർ മരണപ്പെട്ടിട്ടുണ്ടെങ്കിൽ സമാനമായ ഇളവുകൾ നൽകും. എല്ലാ വായ്പകൾക്കും ഒത്തുതീർപ്പിന് തയ്യാറായാൽ പിഴ പലിശ പൂർണമായും ഒഴിവാക്കും. കോടതി ചെലവുകൾ ഈടാക്കുന്നത് സംബന്ധിച്ച തീരുമാനം അതത് ഭരണസമിതികൾക്ക് സ്വീകരിക്കാം.

തുകയുടെ അടിസ്ഥാനത്തിൽ വായ്പകളെ തരംതിരിച്ചാണ് ഇളവുകൾ നൽകുന്നത്. പരമാവധി 30 ശതമാനം വരെ ഇളവുകൾ ലഭിക്കും. 2020 ഏപ്രിൽ ഒന്ന് മുതൽ കൃത്യമായി തിരിച്ചടച്ചവർക്ക് നടപ്പ് സാമ്പത്തിക വർഷം അടച്ച പലിശയിൽ ഇളവു നൽകും. പ്രളയ ബാധിത പ്രദേശങ്ങളായി പ്രഖ്യാപിക്കപ്പെട്ട സ്ഥലങ്ങളിലെ ബാങ്കുകളിൽ നിന്നും 2018-2019 കാലയളവിൽ എടുത്ത വായ്പകൾക്ക് പരമാവധി 50 ശതമാനം വരെ ഇളവ് ലഭിക്കും. ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുടെ നടത്തിപ്പിനായി സഹകരണ സംഘം തലം മുതൽ ജില്ലാ തലം വരെ ഉദ്യോഗസ്ഥരും ഭാരവാഹികളും ഉൾപ്പെട്ട സമിതികൾ രൂപീകരിക്കാനും നിർദ്ദേശം നൽകിയതായി മന്ത്രി വി.എൻ. വാസവൻ വിശദീകരിച്ചു. അദാലത്തുകൾ മുൻകൂട്ടി നിശ്ചയിച്ച് ഇടപാടുകാരെ അറിയിക്കുകയും അവരുടെ സാന്നിധ്യം ഉറപ്പാക്കുകയും ചെയ്യുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാനും മന്ത്രി നിർദ്ദേശിച്ചു.

കോട്ടയം: കോട്ടയം ജില്ലയിലെ സർക്കാർ സ്വാതന്ത്ര്യദിനാഘോഷ പരിപാടി വിവാദത്തിൽ. ജില്ലയിലെ സ്വാതന്ത്ര്യ ദിനാഘോഷത്തിന് മന്ത്രി വി.എൻ വാസവൻ ഒഴികെ ജനപ്രതിനിധികൾ ആരും പങ്കെടുത്തില്ല. കോട്ടയം എം.പി കേരള കോൺഗ്രസ് നേതാവ് തോമസ് ചാഴിക്കാടനോ, കോട്ടയം എംഎൽഎ തിരുവഞ്ചൂർ രാധാകൃഷ്ണനോ മറ്റ് എംഎൽഎമാരായ ഉമ്മൻചാണ്ടി, മോൻസ് ജോസഫ്, മാണി.സി കാപ്പൻ, സി.കെ ആശ എന്നിവരോ പരിപാടിയിൽ പങ്കെടുത്തില്ല.

എല്ലാവരെയും സ്വാതന്ത്ര്യദിനാഘോഷത്തിനായി ക്ഷണിച്ചിരുന്നുവെന്നും എല്ലാവർക്കും പരിപാടിയുടെ കത്ത് നേരിട്ട് നൽകിയതാണെന്നും ജില്ലാ കളക്ടർ അറിയിച്ചു. ആരും വരില്ലെന്ന് അറിയിച്ചിരുന്നില്ലെന്നും കളക്ടർ വ്യക്തമാക്കി.

പരിപാടിയിൽ പങ്കെടുക്കാൻ ജനപ്രതിനിധികൾ എത്താത്തതിൽ മന്ത്രി വി.എൻ വാസവൻ രൂക്ഷ വിമർശനം ഉന്നയിച്ചു. താൻ എംഎൽഎ ആയിരുന്നപ്പോൾ എല്ലാ സ്വാതന്ത്ര്യദിന പരിപാടിയിലും പങ്കെടുത്തുവെന്നും വ്യക്തിക്ക് ഉണ്ടായിരിക്കേണ്ട ഒന്നാണ് ദേശാഭിമാനമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സ്വാതന്ത്ര്യ ദിനാഘോഷം സർക്കാർ പരിപാടി മാത്രമല്ലെന്നും നാടിന്റെ ആഘോഷമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.