തിരുവനന്തപുരം: അരൂർ-ചേർത്തല ദേശീയപാത ടാറിങ് വിവാദത്തിൽ പ്രതികരണവുമായി മന്ത്രി സജി ചെറിയാൻ. റോഡ് നിർമ്മാണത്തിലെ പരാതിയിൽ വിജിലൻസ് അന്വേഷണം ആവശ്യമില്ലെന്ന് മന്ത്രി വ്യക്തമാക്കി. എ എം ആരിഫ് എംപിയുടെ പ്രസ്താവനകളും അദ്ദേഹം തള്ളി. ആരിഫ് ആവശ്യപ്പെട്ട വിഷയത്തിൽ വകുപ്പുതല അന്വേഷണം നടത്തിയതാണ്. വെള്ളക്കെട്ടാണ് പ്രശ്നമെന്ന് അന്വേഷണത്തിൽ വ്യക്തമായതാണെന്നും ആരിഫിന് ഈ വിഷയത്തിൽ പോരായ്മ ഉണ്ടായോ എന്ന് പരിശോധിക്കുമെന്നും സജി ചെറിയാൻ വിശദമാക്കി.
ജി സുധാകരൻ പൊതുമരാമത്ത് മന്ത്രിയായിരിക്കെ ആരിഫ് നൽകിയ പരാതിയിൽ അരൂർ- ചേർത്തല പാതയിലെ അശാസ്ത്രീയത സംബന്ധിച്ച് അന്വേഷണം നടത്തിയിരുന്നു. എന്നാൽ ഇപ്പോൾ പാർട്ടി ഘടകമായ ജില്ലാ കമ്മിറ്റിയിൽ പോലും ആലോചിക്കാതെയാണ് അന്വേഷണം ആവശ്യപ്പെട്ട് ആരിഫ് കത്ത് നൽകിയത്. നേരത്തെ അന്വേഷിച്ച് അവസാനിപ്പിച്ച ആരോപണം വീണ്ടും ഉയർത്തിയതിനാലും പാർട്ടിയോട് ആലോചിക്കാത്തതിനാലും ആരിഫിനോട് പാർട്ടി നേതൃത്വം കടുത്ത അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം.
ദേശീയപാത 66 ൽ അരൂർ മുതൽ ചേർത്തല വരെ (23.6 KM)യുള്ള പുനർനിർമ്മാണത്തിൽ ക്രമക്കേട് ഉണ്ടെന്നാണ് ആരിഫ് ആരോപിക്കുന്നത്. മൂന്ന് വർഷം ഗ്യാരണ്ടിയോടെ നിർമ്മിച്ച റോഡിന് നിലവാരമില്ലെന്നും റോഡിൽ ഉടനീളം കുഴികൾ രൂപപ്പെടുന്ന സ്ഥിതിയാണ് നിലവിലുള്ളതെന്നും അദ്ദേഹം പറയുന്നു. 2019 ൽ 36 കോടി ചിലവഴിച്ച് ജർമ്മൻ സാങ്കേതിക വിദ്യ ഉപയോഗിച്ചായിരുന്നു റോഡിന്റെ പുനർനിർമ്മാണം നടത്തിയത്. കേന്ദ്ര ഫണ്ടായിരുന്നെങ്കിലും സംസ്ഥാന പൊതുമരാമത്ത് ദേശീയപാത വിഭാഗമായിരുന്നു നിർമ്മാണ ചുമതല വഹിച്ചത്.

