അഫ്ഗാനിൽ പിടിമുറുക്കി താലിബാൻ; നയതന്ത്ര ഉദ്യോഗസ്ഥരെ ഒഴിപ്പിക്കാൻ കേന്ദ്രസർക്കാരിന് മേൽ സമ്മർദ്ദം ശക്തമാകുന്നു

കാബൂൾ: അഫ്ഗാന്റെ നിയന്ത്രണം താലിബാൻ കയ്യടക്കുന്ന സാഹചര്യത്തിൽ നയതന്ത്ര ഉദ്യോഗസ്ഥരെ ഒഴിപ്പിക്കാൻ കേന്ദ്രസർക്കാരിന് മേൽ സമ്മർദ്ദം ശക്തമാകുന്നു. താലിബാൻ കാബൂളിനടുത്ത് എത്തിയ സാഹചര്യത്തിൽ ഇന്ത്യയിലേക്ക് വരാൻ അനുവദിക്കണമെന്ന് ആവശ്യവുമായി ആയിരക്കണക്കിന് അഫ്ഗാൻ പൗരൻമാരാണ് രംഗത്തെത്തുന്നത്. അഫ്ഗാനിലെ സ്ഥിതിഗതികൾ നിരീക്ഷിക്കുകയാണെന്നും നയതന്ത്ര ഉദ്യോഗസ്ഥരെ തിരികെ എത്തുന്ന കാര്യത്തിൽ ഉടൻ തീരുമാനം ഉണ്ടാകുമെന്നുമാണ് സർക്കാർ വൃത്തങ്ങൾ നൽകുന്ന വിവരം.

കാബൂളിലെ എംബസി മാത്രമാണ് നിലവിൽ അഫ്ഗാനിസ്ഥാനിൽ പ്രവർത്തിക്കുന്നത്. എംബസിയിലെ ഉദ്യോഗസ്ഥരെ ഇപ്പോൾ ഒഴിപ്പിക്കേണ്ടതുണ്ടോ എന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. എംബസി ഇപ്പോൾ അടച്ചു പൂട്ടുന്നത് അഫ്ഗാൻ സർക്കാരിനെ കൈവിടുന്നതിന് തുല്യമാകും എന്നതാണ് സർക്കാരിന്റെ നിലപാടെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ അടിയന്തര ഘട്ടം വന്നാൽ വിമാനങ്ങൾ അയച്ച് ഉദ്യോസ്ഥരെ ഒഴിപ്പിക്കാനുള്ള പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്ന വിവരവും പുറത്തു വരുന്നുണ്ട്. ദേശീയ സൂരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ നേതൃത്വത്തിലാണ് അഫ്ഗാനിലെ സ്ഥിതിഗതികൾ വിലയിരുത്തുന്നത്.

അഫ്ഗാന്റെ പ്രവിശ്യകളോരോന്നും താലിബാൻ പിടിച്ചടക്കാൻ ആരംഭിച്ചതോടെ കാബൂളിലെ അമേരിക്കൻ എംബസിയിലേക്ക് സൈനിക ഹൈലികോപ്റ്ററുകൾ എത്തി ഉദ്യോഗസ്ഥരെ ഒഴിപ്പിക്കാൻ ആരംഭിച്ചു. ഈ സാഹചര്യത്തിലാണ് ഇന്ത്യയ്ക്ക് മേലും സമ്മർദ്ദം ശക്തമാകുന്നത്. ഡൽഹി ജെഎൻയുവിലെ അഫ്ഗാൻ വിദ്യാർത്ഥികളും മടങ്ങിവരാൻ അനുവദിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിട്ടുണ്ട്.