തിരുവനന്തപുരം: അപ്രായോഗികവും അശാസ്ത്രീയവുമായ വാഹന പൊളിക്കൽ നയമാണ് കേന്ദ്ര സർക്കാർ പുതുതായി പ്രഖ്യാപിച്ചിരിക്കുന്നതെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. വാണിജ്യ വാഹനങ്ങൾ 15 വർഷത്തിലധികം സർവീസ് നടത്താൻ പാടില്ല എന്ന നയം കേരളത്തിൽ അപ്രായോഗികമാണെന്ന് അദ്ദേഹം പറഞ്ഞു. മലിനീകരണമാണ് പ്രശ്‌നമെങ്കിൽ മലിനീകരണം കുറയുന്ന രീതിയിൽ വാഹനങ്ങളെ ഹരിത ഇന്ധനത്തിലേക്ക് പരിവർത്തനം ചെയ്യുവാനുള്ള നടപടികളാണ് സ്വീകരിക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
വൻകിട വാഹന നിർമ്മാതാക്കളുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്ന രീതിയിലാണ് പുതിയ കേന്ദ്ര നയം. കാലപ്പഴക്കം മാത്രമല്ല ഓടിയ കിലോമീറ്ററും കൂടെ പരിഗണിച്ചുവേണം പഴക്കം നിർണയിക്കേണ്ടത്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ബസ്സുകൾ പലതും കാലപ്പഴക്കം ഉള്ളവയാണ്, അവ കുറഞ്ഞ ദൂരം മാത്രമേ ഇത്രയും കാലം കൊണ്ട് സർവീസ് നടത്തിയിട്ടുള്ളൂ എന്നതും പരിഗണിക്കണം. സ്വകാര്യ വാഹനങ്ങൾക്ക് പരമാവധി 20 വർഷവും വാണിജ്യ വാഹനങ്ങൾക്ക് 15 വർഷവുമാണ് ഇപ്പോൾ നിശ്ചയിച്ചിരിക്കുന്നത്. പുതിയ വാഹനം വാങ്ങുവാൻ ഭീമമായ തുക ചെലവഴിക്കാൻ സാധാരണക്കാർക്ക് കഴിയില്ല എന്ന് ബന്ധപ്പെട്ടവർ മനസ്സിലാക്കണം. സ്വന്തമായി ഒരു വാഹനം എന്ന സ്വപ്നം സഫലീകരിക്കാനുള്ള സാധാരണക്കാരുടെ ആഗ്രഹത്തിനുമേലുള്ള കടന്നുകയറ്റമാണ് കേന്ദ്രനയമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
പുതിയ വാഹന പൊളിക്കൽ നയം എത്രയും പെട്ടെന്ന് പുനഃപരിശോധിക്കണം. വാഹന ഉടമകൾക്ക് പുതിയ വാഹനങ്ങൾ വാങ്ങുവാൻ സാവകാശം നൽകണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

