പങ്കെടുത്തത് മന്ത്രി വി എൻ വാസവൻ മാത്രം, എംപിമാരോ എംഎൽഎമാരോ എത്തിയില്ല; കോട്ടയത്തെ സ്വാതന്ത്ര്യദിനാഘോഷ പരിപാടി വിവാദത്തിൽ

കോട്ടയം: കോട്ടയം ജില്ലയിലെ സർക്കാർ സ്വാതന്ത്ര്യദിനാഘോഷ പരിപാടി വിവാദത്തിൽ. ജില്ലയിലെ സ്വാതന്ത്ര്യ ദിനാഘോഷത്തിന് മന്ത്രി വി.എൻ വാസവൻ ഒഴികെ ജനപ്രതിനിധികൾ ആരും പങ്കെടുത്തില്ല. കോട്ടയം എം.പി കേരള കോൺഗ്രസ് നേതാവ് തോമസ് ചാഴിക്കാടനോ, കോട്ടയം എംഎൽഎ തിരുവഞ്ചൂർ രാധാകൃഷ്ണനോ മറ്റ് എംഎൽഎമാരായ ഉമ്മൻചാണ്ടി, മോൻസ് ജോസഫ്, മാണി.സി കാപ്പൻ, സി.കെ ആശ എന്നിവരോ പരിപാടിയിൽ പങ്കെടുത്തില്ല.

എല്ലാവരെയും സ്വാതന്ത്ര്യദിനാഘോഷത്തിനായി ക്ഷണിച്ചിരുന്നുവെന്നും എല്ലാവർക്കും പരിപാടിയുടെ കത്ത് നേരിട്ട് നൽകിയതാണെന്നും ജില്ലാ കളക്ടർ അറിയിച്ചു. ആരും വരില്ലെന്ന് അറിയിച്ചിരുന്നില്ലെന്നും കളക്ടർ വ്യക്തമാക്കി.

പരിപാടിയിൽ പങ്കെടുക്കാൻ ജനപ്രതിനിധികൾ എത്താത്തതിൽ മന്ത്രി വി.എൻ വാസവൻ രൂക്ഷ വിമർശനം ഉന്നയിച്ചു. താൻ എംഎൽഎ ആയിരുന്നപ്പോൾ എല്ലാ സ്വാതന്ത്ര്യദിന പരിപാടിയിലും പങ്കെടുത്തുവെന്നും വ്യക്തിക്ക് ഉണ്ടായിരിക്കേണ്ട ഒന്നാണ് ദേശാഭിമാനമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സ്വാതന്ത്ര്യ ദിനാഘോഷം സർക്കാർ പരിപാടി മാത്രമല്ലെന്നും നാടിന്റെ ആഘോഷമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.