ദേശീയ പതാകയെ അവഹേളിച്ചു; എകെജി സെന്ററിൽ നടന്ന പതാക ഉയർത്തലിൽ സിപിഎമ്മിനെതിരെ പരാതിയുമായി വിദ്യാർത്ഥി

തിരുവനന്തപുരം: സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി സിപിഎം ആസ്ഥാനമായ എകെജി സെന്ററിൽ നടത്തിയ ദേശീയപതാക ഉയർത്തലിനെതിരെ പരാതി. പതാക ഉയർത്തിയത് ദേശീയ പതാകയെ അവഹേളിക്കുന്ന തരത്തിലാണെന്നും ഫ്ലാഗ് ഓഫ് കോഡിന്റെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടിയാണ് പരാതി. നിയമ വിദ്യാർത്ഥിയായ അജ്മൽ കരുനാഗപ്പള്ളിയാണ് സിപിഎമ്മിനെതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകിയത്.

ദേശീയപതാകയോടൊപ്പം അതേ ഉയരത്തിൽ തൊട്ടടുത്ത് മറ്റൊരു പതാകയും സ്ഥാപിക്കരുതെന്നാണ് നിയമം. എന്നാൽ എകെജി സെന്ററിൽ നടന്നത് നിയമലംഘനമാണെന്ന് പരാതിയിൽ പറയുന്നു. സിപിഎമ്മിനെതിരെ നടപടി സ്വീകരിക്കണമെന്നും വിദ്യാർത്ഥി പരാതിയിൽ ആവശ്യപ്പെട്ടു

കോൺഗ്രസ് നേതാവ് കെ എസ് ശബരീനാഥനും സിപിഎമ്മിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. മറ്റൊരു പതാകയും ദേശീയപതാകയേക്കാൾ ഉയരത്തിലോ ഒപ്പമോ ഉയർത്തരുതെന്ന ഇന്ത്യൻ ഫ്ലാഗ് കോഡിലെ വ്യവസ്ഥയാണ് സിപിഎം ലംഘിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സി.പി.എമ്മനെതിരെ ഇന്ത്യൻ ഫ്‌ളാഗ് കോഡ് ലംഘനത്തിന് കേസെടുക്കണമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.