കാബൂൾ: കാബൂൾ താലിബാൻ പിടിച്ചെടുത്തതിന് പിന്നാലെ അഫ്ഗാൻ പ്രസിഡന്റ് അഷ്റഫ് ഗനി രാജ്യം വിട്ടതായി റിപ്പോർട്ടുകൾ. അഷ്റഫ് ഗനി കാബൂൾ വിമാനത്താവളം വഴി താജിക്കിസ്ഥാനിലേക്ക് പോയതായാണ് വിവരം. അഫ്ഗാൻ മാദ്ധ്യമമായ ടോളോ ന്യൂസ് അടക്കമുള്ള മാദ്ധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. അഫ്ഗാൻ ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥനും ഇക്കാര്യം സ്ഥിരീകരിച്ചതായാണ് സൂചന.
കാബൂളിന്റെ നിയന്ത്രണം കൂടി പിടിച്ചെടുത്തതോടെയാണ് അഫ്ഗാന്റെ നിയന്ത്രണം താലിബാന് കൈമാറാൻ സർക്കാർ നിർബന്ധിതരായത്. അഫ്ഗാൻ വൈസ് പ്രസിഡന്റ് അമിറുള്ള സാലെയും രാജ്യത്ത് നിന്നും പലായനം ചെയ്തുവെന്നാണ് പുറത്തു വരുന്ന വിവരം.
താലിബാൻ കമാൻഡർ മുല്ല അബ്ദുൾ ഗനി ബറാദർ ആവും അഫ്ഗാന്റെ പുതിയ പ്രസിഡന്റെന്നാണ് റിപ്പോർട്ട്. ബലം പ്രയോഗിച്ച് അധികാരം ഏറ്റെടുക്കില്ലെന്ന് താലിബാൻ വക്താക്കൾ അറിയിച്ചിരുന്നു. സമാധാനപരമായ അധികാരകൈമാറ്റത്തിന് കാത്തിരിക്കുകയാണെന്നാണ് താലിബാൻ വക്താക്കൾ മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്.
അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങൾ കാബൂളിൽ നിന്നും നയതന്ത്ര പ്രതിനിധികളെ ഒഴിപ്പിക്കാൻ ആരംഭിച്ചിട്ടുണ്ട്. ഒഴിപ്പിക്കൽ നടപടികൾക്ക് സുരക്ഷ ഉറപ്പാക്കാൻ അമേരിക്കൻ സൈന്യത്തെ മേഖലയിൽ വിന്യസിച്ചിരിക്കുകയാണ്.

