General (Page 1,447)

തിരുവനന്തപുരം: ജനകീയാസൂത്രണം രജത ജൂബിലി ആഘോഷച്ചടങ്ങിൽ മുൻ ധനമന്ത്രി തോമസ് ഐസക്ക് നേരിട്ട് പങ്കെടുക്കില്ല. തന്റെ ലഘു സംഭാഷണം ഉൾപ്പെടുന്ന വിഡിയോ വേദിയിൽ പ്രദർശിപ്പിച്ചാൽ മതിയെന്നാണ് തോമസ് ഐസക്ക് നൽകിയ നിർദ്ദേശം. പരിപാടിയുടെ ക്ഷണക്കത്തിൽ തോമസ് ഐസക്കിനു സർക്കാർ നൽകിയ സ്ഥാനം കേരള കോൺഗ്രസ് നേതാക്കൾക്കും താഴെയാണ്. ഈ സാഹചര്യത്തിലാണ് തോമസ് ഐസക്കിന്റെ തീരുമാനമെന്നാണ് റിപ്പോർട്ട്.

ചൊവ്വാഴ്ച്ച വൈകിട്ട് തിരുവനന്തപുരത്തു മുഖ്യമന്ത്രി പിണറായി വിജയനാണ് പരിപാടി ഉദ്ഘാടനം ചെയ്യുന്നത്. സിഡിറ്റിന്റെ സ്റ്റുഡിയോയിലെ പ്രത്യേക വേദിയിലാണ് ഉദ്ഘാടനച്ചടങ്ങ്. മന്ത്രി എം.വി.ഗോവിന്ദൻ, സ്പീക്കർ എം.ബി.രാജേഷ്, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മന്ത്രി ആന്റണി രാജു, ജനകീയാസൂത്രണം നടപ്പാക്കിയ കാലത്തെ തദ്ദേശ മന്ത്രി പാലോളി മുഹമ്മദ്കുട്ടി, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, സംസ്ഥാന ആസൂത്രണ ബോർഡ് ഉപാധ്യക്ഷൻ ഡോ.വി.കെ.രാമചന്ദ്രൻ, തദ്ദേശ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ എന്നിവർ ചടങ്ങിൽ പങ്കെടുക്കും. ഇവരുടെ പേരുകളാണു നോട്ടിസിന്റെ ആദ്യഭാഗത്ത് നൽകിയിരിക്കുന്നത്.

അടുത്ത പേജിൽ മുൻ മുഖ്യമന്ത്രി എ.കെ.ആന്റണി മുതൽ 35 ആശംസാ പ്രസംഗകരുടെ കൂട്ടത്തിൽ കേരള കോൺഗ്രസ് പ്രസിഡന്റിനു താഴെ 30-ാം സ്ഥാനമാണ് തോമസ് ഐസക്കിന് നൽകിയിരിക്കുന്നത്. അതേസമയം, ആസൂത്രണ ബോർഡ് മുൻ അംഗമെന്ന നിലയിൽ അർഹമായ സ്ഥാനമാണ് ഐസക്കിനു കൊടുത്തതെന്നാണ് പാർട്ടി നേതൃത്വത്തിന്റെ വിശദീകരണം.

തിരുവനന്തപുരം: കേരളത്തിലെ കോവിഡ് സാഹചര്യങ്ങൾ വിലയിരുത്തി കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ. കേരളത്തിന് കൂടുതൽ വാക്സിൻ ലഭ്യമാക്കുമെന്ന് അദ്ദേഹം അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയനുമായും ആരോഗ്യമന്ത്രി വീണാ ജോർജുമായും അദ്ദേഹം കൂടിക്കാഴ്ച്ച നടത്തി. സംസ്ഥാനത്തെ കോവിഡ് സ്ഥിതിഗതികളെ കുറിച്ച് യോഗത്തിൽ ചർച്ച ചെയ്തു.

കേരളത്തിന് ഘട്ടംഘട്ടമായി വാക്സിൻ ലഭ്യത ഉറപ്പാക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി വ്യക്തമാക്കി. രാജ്യം വാക്സിൻ ഉത്പാദനം വർദ്ധിപ്പിച്ചതിനാൽ കേരളത്തിന് ആവശ്യമുള്ള വാക്സിൻ നൽകാനാകുമെന്ന് അദ്ദേഹം അറിയിച്ചു. ആഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലേക്ക് കേരളത്തിന് ഒരു കോടി 11 ലക്ഷം വാക്സിനെങ്കിലും അനുവദിക്കണമെന്നായിരുന്നു കൂടിക്കാഴ്ച്ചയിൽ കേരളം ആവശ്യപ്പെട്ടിരുന്നത്.

സംസ്ഥാനത്തെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ കൂടിക്കാഴ്ച്ചയിൽ കേന്ദ്ര ആരോഗ്യ മന്ത്രി അഭിനന്ദിച്ചു. അതേസമയം കോൺടാക്സ് ട്രേസിങ്ങിൽ കേരളം കൂടുതൽ ശ്രദ്ധ പുലർത്തണമെന്ന് ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ നിർദ്ദേശം നൽകി. വൈറസ് വ്യാപനത്തെ ചെറുക്കുന്ന നടപടികൾ ഊർജിതമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരളത്തിൽ ഒരാൾക്ക് കോവിഡ് വൈറസ് ബാധിച്ചാൽ സുഹൃത്തുക്കളിലേക്കും സഹപ്രവർത്തകരിലേക്കും വരെ രോഗം വ്യാപിക്കുന്നു. മറ്റു സംസ്ഥാനങ്ങളിൽ ബന്ധുക്കളിലേക്കു മാത്രമായി രോഗവ്യാപനം ചുരുക്കാൻ സാധിക്കുന്നുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. വാക്സിനേഷനിൽ കേരളം രാജ്യ ശരാശരിയേക്കാൾ മുന്നിലാണെന്നും കേരളത്തിലെ കോവിഡ് മരണ നിരക്ക് കുറവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഓണത്തിന് സംസ്ഥാനം കൂടുതൽ ജാഗ്രത പുലർത്തണമെന്ന് കേന്ദ്രം കേരളത്തിന് മുന്നറിയിപ്പ് നൽകി.

തിരുവനന്തപുരം: സമഗ്ര മാറ്റത്തിനൊരുങ്ങി സഹകരണ മേഖല. ക്രമക്കേടുകളും തട്ടിപ്പും തടയുന്നതിനായാണ് സഹകരണ മേഖലയിൽ അടിമുടി മാറ്റങ്ങൾ വരുത്തുന്നത്. കരുവന്നൂർ സർവീസ് സഹകരണ ബാങ്ക് തട്ടിപ്പ് പുറത്തുവന്നതിന് പിന്നാലെയാണ് നടപടി. കരുവന്നൂരിലെ ബാങ്ക് തട്ടിപ്പ് പുറത്തു വന്നത് സഹകരണ സംഘങ്ങളുടെ വിശ്വാസ്യതയെ പോലും ബാധിച്ചിരുന്നു.

സഹകരണ സംഘങ്ങളിൽ നടത്തുന്ന ഓഡിറ്റ് പരിശോധനയിൽ, ക്രിമിനൽ സ്വഭാവമുള്ള ക്രമക്കേടുകൾ ശ്രദ്ധയിൽപ്പെട്ടാൽ പോലീസിനെയോ മറ്റ് അന്വേഷണ ഏജൻസികളെയോ അറിയിച്ച് അടിയന്തരമായി കേസ് രജിസ്റ്റർ ചെയ്ടാനും അന്വേഷണം ആരംഭിക്കാനും സഹകരണ നിയമത്തിൽ ഭേദഗതി വരുത്താനാണ് തീരുമാനമെന്നാണ് റിപ്പോർട്ടുകൾ. സഹകരണ വിജിലൻസ് അന്വേഷിക്കുന്ന പരാതികളിലും കേസുകളിലും ക്രിമിനൽ നടപടി പ്രകാരം കോടതിയിൽ കേസ് ഫയൽ ചെയ്യുന്നതിന് ആവശ്യമായ ഭേദഗതിയും നിയമത്തിലുണ്ടാകും. കൃത്യമായ ഇടവേളകളിൽ സഹകരണ ബാങ്കുകളിൽ പരിസോധന നടത്തും. ഇടയ്ക്കിടെ മിന്നൽ പരിശോധനകളും ഉണ്ടാകും.

നടപടി ക്രമങ്ങളിലെ വീഴ്ചയും വകുപ്പ് ഉദ്യോഗസ്ഥരുടെ കൃത്യവിലോപവും ഗൗരവ കുറ്റമായി കണക്കാക്കുകയും അടിയന്തര നടപടി സ്വീകരിക്കുകയും ചെയ്യും. ഇൻസ്പെക്ഷൻ പെർഫോമ പരിഷ്‌കരിക്കുകയും സഹകരണ വകുപ്പിലെ സ്റ്റാഫ് പാറ്റേൺ പുതുക്കുകയും ചെയ്യും. നിലവിലുള്ള സ്റ്റാഫ് പാറ്റേൺ 1981 ലാണ് അംഗീകരിച്ചത്. ഇപ്പോഴത്തെ സഹകരണ സംഘങ്ങളുടെ എണ്ണത്തിനും ജോലിഭാരത്തിനും അനുസരിച്ചായിരിക്കും സ്റ്റാഫ് പാറ്റേൺ പുതുക്കുന്നത്. താലൂക്ക്, ജനറൽ വിഭാഗം ഓഫിസുകളിലെ യൂണിറ്റ് ഇൻസ്പെക്ടർമാരെ ഫീൽഡ് ജോലികളിൽ കാര്യക്ഷമമായി ഉപയോഗിക്കും.

ഈ ഘട്ടത്തിലുണ്ടാകുന്ന ഒഴിവ് നികത്താനായി കൂടുതൽ തസ്തികകൾ സൃഷ്ടിക്കും. താലൂക്ക് തല യൂണിറ്റുകൾ സംഘങ്ങളുടെ എണ്ണത്തിന് ആനുപാതികമായി പുനഃക്രമീകരിക്കുന്നതിനുള്ള നടപടി സ്വീകരിക്കും. സഹകരണ സംഘം ഓഫിസിലെ ഒരു ഉദ്യോഗസ്ഥനെ രണ്ടു വർഷത്തിൽ കൂടുതൽ ഒരു സ്ഥലത്തു നിയോഗിക്കില്ല. വകുപ്പ് ഓഡിറ്റർമാരെ മൂന്നു വർഷത്തിൽ കൂടുതലും തുടരാൻ അനുവദിക്കില്ല. സഹകരണ വകുപ്പിൽ ജീവനക്കാരുടെ സ്ഥലംമാറ്റം സമയബന്ധിതമായി നടപ്പിലാക്കും. സ്ഥലംമാറ്റ നിബന്ധനകൾ കർശനമായി നടപ്പിലാക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ഭരണസമിതി അംഗങ്ങൾക്ക് രണ്ട് ടേം മാത്രമാക്കിയേക്കും. അഴിമതി രഹിതവും സുതാര്യവുമായ ഇടപാടുകളിലൂടെ സഹകരണ സംഘങ്ങളുടെ വിശ്വാസ്യത വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ മാറ്റങ്ങൾക്ക് തയ്യാറെടുക്കുന്നത്.

വാഷിംഗ്ടൺ: ഇന്ത്യയെ ലോകത്തിലെ തന്നെ മികച്ച ഇന്റലിജൻസ് നിരീക്ഷണ ശക്തിയായി അമേരിക്ക അംഗീകരിച്ചുവെന്ന് റിപ്പോർട്ട്. പത്രപ്രവർത്തകരായ അഡ്രിയാൻ ലെവിയും കാത്തി സ്‌കോട്ട്-ക്ലാർക്കും ചേർന്ന് എഴുതിയ ‘സ്‌പൈ സ്റ്റോറീസ് – ഇൻസൈഡ് ദ സീക്രട്ട് വേൾഡ് ഒഫ് റോ ആൻഡ് ഐ എസ് ഐ’ എന്ന പുസ്തകത്തിലാണ് ഇന്ത്യയെ കുറിച്ച് ഇത്തരമൊരു പരാമർശം ഉള്ളത്. അഫ്ഗാനിസ്ഥാനിൽ താലിബാനെതിരായ പോരാട്ടത്തിൽ ഇന്ത്യയെക്കാളേറെ പാകിസ്ഥാനെ ആശ്രയിച്ച അമേരിക്ക പിൽക്കാലത്ത് ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഇന്റലിജൻസ് നിരീക്ഷണ ശക്തിയായി ഇന്ത്യയെ അംഗീകരിച്ചുവെന്നാണ് പുസ്തകത്തിൽ പറയുന്നത്.

2008 ലെ മുംബൈ തീവ്രവാദ ആക്രമണത്തിനു ശേഷം അമേരിക്കയുടെ സുരക്ഷാ സേനയായ എൻ എസ് എയുടെ നേതൃത്വത്തിലുള്ള എസ് എസ് പി എ സി എന്ന സംഘടനയിൽ ചേരാൻ ഇന്ത്യയുടെ ചാരസംഘടനയായ റോയ്ക്ക് ക്ഷണം ലഭിച്ചിരുന്നു. ഇതോടെയാണ് അന്താരാഷ്ട്ര തലത്തിൽ റോയുടെ ഉയിർത്തെഴുന്നേൽപ്പെന്ന് പുസ്തകത്തിൽ പറയുന്നു. ലോകശക്തികളായ അമേരിക്ക, ഓസ്‌ട്രേലിയ, കാനഡ, ന്യൂസിലാൻഡ്, ബ്രിട്ടൻ എന്നിവരെ കൂടാതെ ദക്ഷിണ കൊറിയ, സിംഗപ്പൂർ, തായ്‌ലാൻഡ്‌ എന്നീ രാജ്യങ്ങളിലെ ചാരസംഘടനകൾ കൂടി അംഗങ്ങളായ എസ് എസ് പി എ സിയിൽ അംഗമായതോടെ അമേരിക്കയുടെ ശ്രദ്ധ നേടിയെടുക്കാൻ ഇന്ത്യയ്ക്ക് കഴിഞ്ഞു.

ഭീകരർക്കെതിരെയുള്ള പോരാട്ടത്തിൽ ഇന്ത്യയുടെ പ്രാധാന്യം അമേരിക്കയ്ക്ക് മനസിലായത് റോ ഉദ്യോഗസ്ഥർ തങ്ങൾക്ക് ലഭിക്കുന്ന വിവരങ്ങൾ വച്ച് മുസ്ലീം തീവ്രവാദികളുടെ ഒളിസങ്കേതങ്ങൾ കണ്ടെത്താൻ ലോകരാഷ്ട്രങ്ങളെ സഹായിക്കാൻ തുടങ്ങിയതോടെയാണ്. തുരായ സാറ്റലൈറ്റ് ഫോണുകൾ വഴിയുള്ള സംഭാഷണം ചോർത്തുന്നതിലും എസ് എസ് പി എ സി നിർണായക പങ്കുവഹിച്ചു. കശ്മീരിൽ പ്രവർത്തിക്കുന്ന ഭീകരസംഘടനയായ ഹിസ്ബുൾ മുജാഹിദീൻ തലവൻ ബുർഹാൻ വാനിയെ 2016 ൽ സൈന്യം വധിക്കാൻ കഴിഞ്ഞതും തുരായ സാറ്റലൈറ്റ് ഫോൺ സംഭാഷണങ്ങൾ ചോർത്തിയതു വഴിയാണ്.

2004 ൽ ഇന്ത്യയും അന്നത്തെ അമേരിക്കയുടെ സെക്രട്ടറി ഓഫ് സ്റ്റേറ്റ് കൊണ്ടലീസ റൈസും തമ്മിൽ ഒപ്പുവച്ച കരാറിലൂടെ തന്നെ ഇന്ത്യയുടേയും അമേരിക്കയുടേയും ചാരസംഘടനകൾ തമ്മിലുള്ള സഹകരണത്തിന് ആരംഭം കുറിച്ചിരുന്നെങ്കിലും 2008 ലാണ് ഇന്ത്യൻ സംഘടനയുടെ യഥാർത്ഥ ശക്തി എന്താണെന്ന് മനസിലാക്കാൻ അമേരിക്കയ്ക്ക് കഴിഞ്ഞത്. 2001 മുതൽ അമേരിക്ക പാകിസ്ഥാനുമായി തീവ്രവാദ പോരാട്ടങ്ങളിൽ കൈകോർത്തിരുന്നുവെങ്കിലും പിന്നീട് പാകിസ്ഥാന്റെ സാമ്പത്തിക അവസ്ഥ പരുങ്ങലിലായതും അവരുടെ ആഭ്യന്തര പ്രശ്‌നങ്ങളും കാരണം ഈ സ്ഥാനം ഇന്ത്യയ്ക്ക് നൽകാൻ അമേരിക്കയെ പ്രേരിപ്പിച്ചുവെന്നും പുസ്തകത്തിൽ പറയുന്നുണ്ട്.

കാബൂൾ: കാബൂളിൽ വിമാനത്താവളത്തിലെ തിരക്ക് നിയന്ത്രിക്കാൻ കഴിയാതെ വന്നതോടെ ആകാശത്തേയ്ക്ക് വെടിയുതിർത്ത് യുഎസ് സൈന്യം. നൂറുകണക്കിന് അഫ്ഗാൻ പൗരൻമാരാണ് എങ്ങനെയെങ്കിലും രാജ്യത്തിന് പുറത്തു കടക്കണമെന്ന ലക്ഷ്യത്തോടെ വിമാനത്താവളത്തിലെത്തിയത്. വിമാനത്തിൽ കയറാനായി അഫ്ഗാൻ പൗരന്മാർ തിക്കും തിരക്കുമുണ്ടാക്കുന്ന ദൃശ്യങ്ങളാണ് കാബൂളിലെ വിമാനത്താവളത്തിൽ നിന്നും പുറത്തു വരുന്നത്.

അഫ്ഗാനിസ്താന്റെ നിയന്ത്രണം താലിബാൻ പിടിച്ചെടുത്തതോടെ രാജ്യത്ത് നിന്നും നിരവധി പേരാണ് പലായനം ചെയ്യുന്നത്. കാബൂൾ എയർപോർട്ടിൽ എത്തിയ വിമാനത്തിലേക്ക് ആളുകളാണ് ഇടിച്ചു കയറുന്ന ദൃശ്യങ്ങളാണ് പുറത്തു വന്നത്. ഇതോടെ യുഎസ് സൈന്യം ആകാശത്തേക്ക് നിരവധി തവണ വെടിയുതിർക്കുകയായിരുന്നു.

അതേസമയം അഫ്ഗാൻ തലസ്ഥാനമായ കാബൂളും പ്രസിഡന്റിന്റെ കൊട്ടാരവും താലിബാൻ പിടിച്ചെടുത്തു. ഇതോടെയാണ് എങ്ങനെയും രാജ്യത്ത് നിന്നും രക്ഷപ്പെട്ടാൽ മതിയെന്ന് ജനങ്ങൾ തീരുമാനിച്ചത്.

veena

തിരുവനന്തപുരം: സംസ്ഥാനത്തെ വാക്സിനേഷൻ യജ്ഞം കാര്യമായി പുരോഗമിക്കുന്നുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. തിങ്കളാഴ്ച മുതൽ ഞായറാഴ്ച വരെ ആകെ 24,16,706 പേർക്കാണ് വാക്സിൻ നൽകിയതെന്ന് മന്ത്രി അറിയിച്ചു. ആഗസ്റ്റ് ഒൻപതിനാണ് സംസ്ഥാനത്ത് വാക്സിനേഷൻ യജ്ഞം ആരംഭിച്ചത്. ആദ്യ ദിവസങ്ങളിൽ വാക്സിന്റെ ക്ഷാമം കാരണം എണ്ണം കുറഞ്ഞെങ്കിലും കൂടുതൽ വാക്സിൻ ലഭ്യമായതോടെ വാക്സിനേഷന്റെ എണ്ണം വർധിച്ചതായി മന്ത്രി പറഞ്ഞു.

തിങ്കൾ 2,54,409, ചൊവ്വ 99,528, ബുധൻ 2,42,422, വ്യാഴം 4,08,632, വെള്ളി 5,60,515, ശനി 5,26,246 എന്നിങ്ങനെയാണ് വാക്സിനേഷൻ യജ്ഞം നടത്തിയത്. ഇന്ന് 3,24,954 പേർക്കാണ് വാക്സിൻ നൽകിയത്. അതിൽ 2,95,294 പേർക്ക് ഒന്നാം ഡോസ് വാക്സിനും 29,660 പേർക്ക് രണ്ടാം ഡോസ് വാക്സിനും നൽകി. സംസ്ഥാനത്തിന് ഞായറാഴ്ച്ച 5 ലക്ഷം ഡോസ് കോവീഷീൽഡ് വാക്സിൻ കൂടി എറണാകുളത്ത് ലഭ്യമായിട്ടുണ്ട്. ഇത് മറ്റ് ജില്ലകളിലേക്ക് വിതരണം ചെയ്തു വരുന്നുവെന്ന് വീണാ ജോർജ് വ്യക്തമാക്കി.

1220 സർക്കാർ കേന്ദ്രങ്ങളും 189 സ്വകാര്യ കേന്ദ്രങ്ങളും ഉൾപ്പെടെ 1409 വാക്സിനേഷൻ കേന്ദ്രങ്ങളാണുണ്ടായിരുന്നത്. സംസ്ഥാനത്ത് ഇതുവരെ ഒന്നും രണ്ടും ഡോസ് ചേർത്ത് ആകെ 2,42,66,857 പേർക്കാണ് വാക്സിൻ നൽകിയത്. അതിൽ 1,75,79,206 പേർക്ക് ഒന്നാം ഡോസ് വാക്സിനും 66,87,651 പേർക്ക് രണ്ടാം ഡോസ് വാക്സിനുമാണ് നൽകിയതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ന്യൂഡൽഹി: എങ്ങനെയും ഇന്ത്യയിൽ തുടരാനുള്ള ശ്രമങ്ങളുമായി അഫ്ഗാൻ വിദ്യാർത്ഥികൾ. ഇന്ത്യയിൽ ഉന്നത വിദ്യാഭ്യാസം ചെയ്യുന്ന അഫ്ഗാൻ വിദ്യാർത്ഥികളാണ് ഇന്ത്യയിൽ തന്നെ തുടരാനുള്ള പരിശ്രമങ്ങൾ നടത്തുന്നത്. ആയിരത്തോളം അഫ്ഗാൻ വിദ്യാർത്ഥികളാണ് ഇന്ത്യയിലെ വിവിധ സർവകലാശാലകളിൽ ഉപരിപഠനം നടത്തുന്നത്. ഇവരിൽ പലരുടേയും വിസാ കാലാവധി പൂർത്തിയായി. ഇവരുടെ സ്‌കോളർഷിപ്പും വിസാ കാലാവധിയും നീട്ടി നൽകാൻ ഇന്ത്യ തയ്യാറാണെങ്കിലും അതിനായി ഈ വിദ്യാർത്ഥികൾ അഫ്ഗാനിസ്ഥാനിൽ മടങ്ങിയെത്തേണ്ടതുണ്ട്. എന്നാൽ അഫ്ഗാനിസ്ഥാനിൽ ചെന്നാൽ തിരിച്ച് മടങ്ങിയെത്താൻ സാധിക്കുമോ എന്നാണ് ഇവരുടെ ആശങ്ക.

അഫ്ഗാനിസ്ഥാനിലേക്ക് മടങ്ങാതെ ഇന്ത്യയിൽ വച്ചു തന്നെ ഞങ്ങളുടെ വിസയും സ്‌കോളർഷിപ്പും പുതുക്കാൻ കഴിയുമോ എന്നാണ് വിദ്യാർത്ഥികൾ ചോദിക്കുന്നത്. ഇന്ത്യക്കു മാത്രമേ തങ്ങളെ സഹായിക്കാൻ സാധിക്കൂവെന്നും ജെ എൻ യുവിൽ ഉപരിപഠനം ചെയ്യുന്ന അഫ്ഗാൻ വിദ്യാർത്ഥികൾ പറയുന്നു. അഫ്ഗാന്റെ നിയന്ത്രണം താലിബാൻ കയ്യടക്കിയ സാഹചര്യത്തിൽ തുടർന്നുള്ള നീക്കങ്ങൾ എന്തൊക്കെയാണെന്നതിനെ കുറിച്ച് വിദ്യാർത്ഥികൾക്ക് യാതൊരു പിടിയുമില്ല.

നിലവിൽ വിദ്യാർത്ഥികൾക്ക് മുന്നിലുള്ള ഏക പോംവഴി ഇന്ത്യയുടെ കനിവിനായി കാത്തിരിക്കുക എന്നത് മാത്രമാണ്.

tree

കോഴിക്കോട്: മരം കൊള്ളയുമായി ബന്ധപ്പെട്ട മുഴുവൻ കുറ്റവും റവന്യു വകുപ്പിന്റെ തലയിൽ കെട്ടിവച്ച് വനം വകുപ്പിന്റെ അന്വേഷണ റിപ്പോർട്ട്. റവന്യുവിൽ നിന്നുള്ള വിവാദ ഉത്തരവും ഈ ഉത്തരവിന്റെ ചുവടുപിടിച്ച് വിവിധ തഹസിൽദാർമാർ നൽകിയ നിർദേശങ്ങളുമാണ് മരംകൊള്ളയ്ക്ക് കാരണമെന്നാണ് വനംവകുപ്പിന്റെ അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കിയിരിക്കുന്നത്. വനം വിജിലൻസ് പിസിസിഎഫ് ഗംഗാസിങ് ജൂൺ 25 ന് സർക്കാരിന് സമർപ്പിച്ച് റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. 2248 തേക്ക് മരങ്ങളും (1612 മെട്രിക് ടൺ) 171 ഈട്ടി മരങ്ങളും (327.584s മട്രിക് ടൺ) അനധികൃതമായി മുറിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.

28 വനം റേഞ്ച് ഓഫിസുകളുടെ പരിധിയിൽ മരംമുറി നടന്നു. പട്ടയ ഭൂമിയിൽ അനധികൃത മരങ്ങൾ മുറിക്കാനായി 483 പെർമിറ്റുകൾ നൽകി. മിക്ക സ്ഥലത്തും റവന്യു അധികൃതർ നൽകിയ ബാധ്യതാരഹിത സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലാണ് മരം മുറി അനുവദിച്ചത്. ഏറ്റവും കൂടുതൽ മരങ്ങൾ മുറിച്ചത് എറണാകുളത്ത് നിന്നാണ്. 205 മരങ്ങളാണ് ഇവിടെ നിന്നും മുറിച്ച് മാറ്റിയത്. രണ്ടാം സ്ഥാനത്തുള്ളത് ഇടുക്കിയാണ്. നേര്യമംഗലം റേഞ്ചിൽ മാത്രം 147 പെർമിറ്റുകൾ നൽകി. അടിമാലിയിൽ 56, മുള്ളരിങ്ങാട് 46, തട്ടേക്കാട് 40, മച്ചാട് 35 എന്നിങ്ങനെ പെർമിറ്റുകൾ നൽകി. സർക്കാർ വില കണക്കാക്കി മാത്രം ആകെ 1441.751 ലക്ഷത്തിന്റെ മരം മുറിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു.

റവന്യു വകുപ്പിൽ നിന്ന് ഒക്ടോബർ 24 ന് ഇറക്കിയ ഉത്തരവ് അതേപടി പാലിച്ച് മരം മുറിക്കാൻ അപേക്ഷ നൽകുന്നവരെ തടഞ്ഞാൽ നടപടിയുണ്ടാവുമെന്ന് കോന്നി തഹസിൽദാർ വില്ലേജ് ഓഫിസർമാർക്ക് നിർദേശം നൽകിയിരുന്നു. കൈവശ സർട്ടിഫിക്കറ്റ് നൽകേണ്ടത് വില്ലേജ് ഓഫിസറുടെ ചുമതല ആണെന്നും തഹസിൽദാർ അറിയിച്ചിരുന്നു. അടിമാലി റേഞ്ചിനു കീഴിൽ ദേവികുളം തഹസിൽദാർ, വെള്ളത്തൂവൽ കൊന്നത്തടി മണ്ണാർകണ്ടം ആനവിരത്തി വില്ലേജ് ഓഫിസർമാർ ബാധ്യതാരഹിത സർട്ടിഫിക്കറ്റുകൾ നൽകിയെന്നും റിപ്പോർട്ടിലുണ്ട്.

അടിമാലിയിൽ ഒരു പെർമിറ്റ് ഉപയോഗിച്ച് 5 തേക്ക് മരങ്ങൾ വരെ വെട്ടി. 18 കൂറ്റൻ ഈട്ടിമരങ്ങൾ മുറിക്കാനുള്ള െപർമിറ്റ് നൽകിയത് ഒക്ടോബർ 24 ന്റെ ഉത്തരവ് റദ്ദാക്കിയ ശേഷമാണ്. മണ്ണാർകണ്ടം വില്ലേജ് ഓഫിസറുടെ സർട്ടിഫിക്കറ്റ് വച്ചാണ് നേര്യമംഗലത്ത് പെർമിറ്റ് നൽകിയത്. ഇതിനു പുറമെ, 44 പെർമിറ്റുകൾ ഉത്തരവ് റദ്ദാക്കിയ ശേഷം നൽകി. എരുമേലി, അച്ചൻകോവിൽ, തെൻമല, പത്തനാപുരം, കുളത്തൂപ്പുഴ, പരുത്തിപ്പള്ളി, പാലോട്, അഞ്ചൽ എന്നിവിടങ്ങളിൽ നിന്നും പെർമിറ്റുകൾ നൽകിയത് ഉത്തരവ് റദ്ദാക്കിയ ശേഷമാണ്. മച്ചാട് റേഞ്ചിൽ 35 പെർമിറ്റുകൾ നൽകിയതിൽ 5 എണ്ണവും ഉത്തരവ് റദ്ദാക്കിയ ശേഷമാണെന്ന് റിപ്പോർട്ടിൽ വിശദമാക്കുന്നു.

വയനാട്ടിൽ വില്ലേജ് ഓഫിസർമാരുടെ സർട്ടിഫിക്കറ്റിന്റെ ബലത്തിലാണ് ഈട്ടിമരങ്ങൾ മുറിച്ചത്. വനം ഉദ്യോഗസ്ഥരുടെ അറിവില്ല. 26 തേക്കും 3 ഈട്ടിയും മുറിച്ചത് ഒരു അനുമതിയും ഇല്ലാതെ. സുൽത്താൻ ബത്തേരിയിൽനിന്ന് 60 തേക്കും അനുമതി ഇല്ലാതെ മുറിച്ചു. 100 ക്യുബിക് മീറ്ററിൽ മുകളിൽ മരം മുറിച്ചത് നേര്യമംഗലം, മച്ചാട്, അടിമാലി റേഞ്ചുകളിൽ. വയനാട്ടിൽ മുട്ടിൽ സൗത്ത് വില്ലേജ് ഓഫിസറാണ് മരംമുറിക്ക് പൂർണ ഉത്തരവാദി. കൽപ്പറ്റയിലും സുൽത്താൻ ബത്തേരിയിലും രേഖകളില്ലാതെ മരം മുറിച്ച പട്ടയ ഉടമകൾ മാത്രമാണ് കുറ്റക്കാർ. എടവണ്ണയിൽ റേഞ്ച് ഫോറസ്റ്റ് ഓഫിസർ സർട്ടിഫിക്കറ്റ് നൽകിയെങ്കിലും വെട്ടിയ മരങ്ങളെല്ലാം തിരിച്ചു പിടിച്ചിട്ടുണ്ട്. അടിമാലിയിൽ റേഞ്ച് ഓഫിസറും വിവിധ വില്ലേജ് ഓഫിസർമാരുമാണ് ഉത്തരവാദികൾ. 8 പാസുകൾ ഒരു രേഖയുമില്ലാതെ നൽകിയ അടിമാലി റേഞ്ച് ഓഫിസർ കുറ്റക്കാരനാണ്. ഉത്തരവ് റദ്ദാക്കിയ ശേഷം 18 പെർമിറ്റുകൾ ഈ റേഞ്ച് ഓഫിസർ നൽകിയതും തെറ്റാണ്. പട്ടയ ഭൂമിയിലെ മരമാണെന്ന് വ്യക്തമായിട്ടും മച്ചാട് റേഞ്ച് ഓഫിസർ 35 പെർമിറ്റുകൾ നൽകി. ഇതിൽ 5 എണ്ണം ഉത്തരവ് റദ്ദാക്കിയ ശേഷമാണ് നൽകിയത്. പേട്ടിക്കാട് റേഞ്ചിൽ 13 പെർമിറ്റുകൾ അനധികൃതമായി നൽകിയിട്ടുണ്ട്. എന്നാൽ മരം തിരികെ പിടിക്കാൻ നടപടി എടുത്തതിനാൽ റേഞ്ചർക്കെതിരെ നടപടി വേണ്ട.

കോതമംഗലത്ത് വില്ലേജ് ഓഫിസർ നൽകിയ സർട്ടിഫിക്കറ്റിലെ അപാകതകൾ പിഴവായി. റേഞ്ച് ഓഫിസറും വില്ലേജ് ഓഫിസറും ഉത്തരവാദികളാണ്. ഉത്തരവ് റദ്ദാക്കിയ ശേഷം പെർമിറ്റ് നൽകിയ കുളത്തൂപ്പുഴ റേഞ്ച് ഓഫിസറും മുള്ളരിങ്ങാട് വില്ലേജ് ഓഫിസറും എരുമേലി റേഞ്ച് ഓഫിസറും നോർത്ത് വില്ലേജ് ഓഫിസറും ഉത്തരവാദികളാണ്. മരം സംരക്ഷിക്കാൻ പട്ടയ ഉടമകൾക്ക് പൂർണ ഉത്തരവാദിത്തം ഉണ്ടെന്നും പട്ടയ ഭൂമിയിൽ സർക്കാരിലേക്ക് നിക്ഷിപ്തമാക്കിയ മരങ്ങളുടെ കണക്ക് അടിയന്തരമായി വനം ഉദ്യോഗസ്ഥർക്ക് കൈമാറണമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

തിരുവനന്തപുരം: ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനെതിരെ കേസ്. സ്വാതന്ത്ര്യ ദിനാചരണത്തിന്റെ ഭാഗമായി ദേശീയ പതാക തലകീഴായി ഉയർത്തിയ സംഭവത്തിലാണ് നടപടി. തിരുവനന്തപുരം മ്യൂസിയം പൊലീസാണ് സുരേന്ദ്രനെതിരെ നടപടി സ്വീകരിച്ചത്. ആർ പ്രതീപ് എന്നയാളാണ് സുരേന്ദ്രനെതിരെ പരാതി നൽകിയത്.

തിരുവനന്തപുരത്തെ ബി.ജെ.പി സംസ്ഥാന കമ്മിറ്റി ഓഫീസിൽ പതാക ഉയർത്തുന്നതിനിടെയായിരുന്നു സുരേന്ദ്രന് അബദ്ധം സംഭവിച്ചത്. വീഴ്ച്ച സംഭവിച്ചുവെന്ന് മനസിലായതോടെ ദേശീയ പതാക തിരിച്ചിറക്കി, ശരിയായി വീണ്ടും ഉയർത്തുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചിരുന്നു. തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്യാൻ തീരുമാനിച്ചത്.

അതേസമയം കയർ കുരുങ്ങിയതുകൊണ്ടാണ് ഇത്തരമൊരു സംഭവം ഉണ്ടായതെന്നാണ് ബിജെപി വൃത്തങ്ങൾ വ്യക്തമാക്കുന്നത്.

Antony Raju

തിരുവനന്തപുരം: ഗതാഗത വകുപ്പിലെ ഉദ്യോഗസ്ഥൻമാർ ഭാര്യമാരെ സ്ത്രീധനത്തിന്റെ പേരിൽ പീഡിപ്പിച്ചാൽ കർശന നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പ്. ഗതാഗതമന്ത്രി ആൻറണി രാജുവാണ് ഇക്കാര്യം അറിയിച്ചത്. സ്ത്രീധന പീഡന കേസുകളിൽ ഉദ്യോഗസ്ഥർക്കെതിരെ 45 ദിവസത്തിനകം അന്വേഷണം പൂർത്തിയാക്കി കർശന നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

പല വകുപ്പിലും സ്ത്രീധന പീഡന കഥകൾ കേൾക്കുന്നുണ്ടെന്നും ഓരോ വകുപ്പും നിയമങ്ങൾ നിശ്ചയ ദാർഢ്യത്തോടെ നടപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സർക്കാർ ജീവനക്കാർ ആണെന്ന അഹങ്കാരത്തിൽ ഭാര്യമാരെ അടിമകളാക്കി വെക്കുന്ന നിരവധി കുടുംബങ്ങളുണ്ട്. സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ പരാതികളുണ്ടായാൽ കർശന നടപടി സ്വീകരിക്കും. സ്ത്രീധന പീഡനം നടത്തിയ ഉദ്യോഗസ്ഥനെ പിരിച്ചുവിട്ട ആദ്യ സംസ്ഥാനമാണ് കേരളമെന്നും അദ്ദേഹം വിശദമാക്കി.

സ്ത്രീധന പീഡനത്തെത്തുടർന്ന് ആത്മഹത്യ ചെയ്ത വിസ്മയയുടെ ഭർത്താവ് കിരൺ കുമാറിനെയാണ് സംസ്ഥാന സർക്കാർ സർവീസിൽ നിന്ന് പിരിച്ചുവിട്ടത്. വകുപ്പുതല അന്വേഷണത്തിന് ശേഷം കുറ്റം ചെയ്തതായി തെളിഞ്ഞതിനെ തുടർന്നാണ് നടപടി.