ഒരാഴ്ച്ച കൊണ്ട് വാക്‌സിൻ നൽകിയത് 24 ലക്ഷം പേർക്ക്; വാക്‌സിൻ വിതരണത്തിൽ നിർണായക നേട്ടം കരസ്ഥമാക്കി കേരളം

veena

തിരുവനന്തപുരം: സംസ്ഥാനത്തെ വാക്സിനേഷൻ യജ്ഞം കാര്യമായി പുരോഗമിക്കുന്നുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. തിങ്കളാഴ്ച മുതൽ ഞായറാഴ്ച വരെ ആകെ 24,16,706 പേർക്കാണ് വാക്സിൻ നൽകിയതെന്ന് മന്ത്രി അറിയിച്ചു. ആഗസ്റ്റ് ഒൻപതിനാണ് സംസ്ഥാനത്ത് വാക്സിനേഷൻ യജ്ഞം ആരംഭിച്ചത്. ആദ്യ ദിവസങ്ങളിൽ വാക്സിന്റെ ക്ഷാമം കാരണം എണ്ണം കുറഞ്ഞെങ്കിലും കൂടുതൽ വാക്സിൻ ലഭ്യമായതോടെ വാക്സിനേഷന്റെ എണ്ണം വർധിച്ചതായി മന്ത്രി പറഞ്ഞു.

തിങ്കൾ 2,54,409, ചൊവ്വ 99,528, ബുധൻ 2,42,422, വ്യാഴം 4,08,632, വെള്ളി 5,60,515, ശനി 5,26,246 എന്നിങ്ങനെയാണ് വാക്സിനേഷൻ യജ്ഞം നടത്തിയത്. ഇന്ന് 3,24,954 പേർക്കാണ് വാക്സിൻ നൽകിയത്. അതിൽ 2,95,294 പേർക്ക് ഒന്നാം ഡോസ് വാക്സിനും 29,660 പേർക്ക് രണ്ടാം ഡോസ് വാക്സിനും നൽകി. സംസ്ഥാനത്തിന് ഞായറാഴ്ച്ച 5 ലക്ഷം ഡോസ് കോവീഷീൽഡ് വാക്സിൻ കൂടി എറണാകുളത്ത് ലഭ്യമായിട്ടുണ്ട്. ഇത് മറ്റ് ജില്ലകളിലേക്ക് വിതരണം ചെയ്തു വരുന്നുവെന്ന് വീണാ ജോർജ് വ്യക്തമാക്കി.

1220 സർക്കാർ കേന്ദ്രങ്ങളും 189 സ്വകാര്യ കേന്ദ്രങ്ങളും ഉൾപ്പെടെ 1409 വാക്സിനേഷൻ കേന്ദ്രങ്ങളാണുണ്ടായിരുന്നത്. സംസ്ഥാനത്ത് ഇതുവരെ ഒന്നും രണ്ടും ഡോസ് ചേർത്ത് ആകെ 2,42,66,857 പേർക്കാണ് വാക്സിൻ നൽകിയത്. അതിൽ 1,75,79,206 പേർക്ക് ഒന്നാം ഡോസ് വാക്സിനും 66,87,651 പേർക്ക് രണ്ടാം ഡോസ് വാക്സിനുമാണ് നൽകിയതെന്നും മന്ത്രി കൂട്ടിച്ചേർത്തു.