ഭാര്യമാരെ സ്ത്രീധനത്തിന്റെ പേരിൽ പീഡിപ്പിച്ചാൽ കർശന നടപടിയുണ്ടാകും; മുന്നറിയിപ്പ് നൽകി ആൻറണി രാജു

Antony Raju

തിരുവനന്തപുരം: ഗതാഗത വകുപ്പിലെ ഉദ്യോഗസ്ഥൻമാർ ഭാര്യമാരെ സ്ത്രീധനത്തിന്റെ പേരിൽ പീഡിപ്പിച്ചാൽ കർശന നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പ്. ഗതാഗതമന്ത്രി ആൻറണി രാജുവാണ് ഇക്കാര്യം അറിയിച്ചത്. സ്ത്രീധന പീഡന കേസുകളിൽ ഉദ്യോഗസ്ഥർക്കെതിരെ 45 ദിവസത്തിനകം അന്വേഷണം പൂർത്തിയാക്കി കർശന നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

പല വകുപ്പിലും സ്ത്രീധന പീഡന കഥകൾ കേൾക്കുന്നുണ്ടെന്നും ഓരോ വകുപ്പും നിയമങ്ങൾ നിശ്ചയ ദാർഢ്യത്തോടെ നടപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സർക്കാർ ജീവനക്കാർ ആണെന്ന അഹങ്കാരത്തിൽ ഭാര്യമാരെ അടിമകളാക്കി വെക്കുന്ന നിരവധി കുടുംബങ്ങളുണ്ട്. സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ പരാതികളുണ്ടായാൽ കർശന നടപടി സ്വീകരിക്കും. സ്ത്രീധന പീഡനം നടത്തിയ ഉദ്യോഗസ്ഥനെ പിരിച്ചുവിട്ട ആദ്യ സംസ്ഥാനമാണ് കേരളമെന്നും അദ്ദേഹം വിശദമാക്കി.

സ്ത്രീധന പീഡനത്തെത്തുടർന്ന് ആത്മഹത്യ ചെയ്ത വിസ്മയയുടെ ഭർത്താവ് കിരൺ കുമാറിനെയാണ് സംസ്ഥാന സർക്കാർ സർവീസിൽ നിന്ന് പിരിച്ചുവിട്ടത്. വകുപ്പുതല അന്വേഷണത്തിന് ശേഷം കുറ്റം ചെയ്തതായി തെളിഞ്ഞതിനെ തുടർന്നാണ് നടപടി.