തിരുവനന്തപുരം: ജനകീയാസൂത്രണം രജത ജൂബിലി ആഘോഷച്ചടങ്ങിൽ മുൻ ധനമന്ത്രി തോമസ് ഐസക്ക് നേരിട്ട് പങ്കെടുക്കില്ല. തന്റെ ലഘു സംഭാഷണം ഉൾപ്പെടുന്ന വിഡിയോ വേദിയിൽ പ്രദർശിപ്പിച്ചാൽ മതിയെന്നാണ് തോമസ് ഐസക്ക് നൽകിയ നിർദ്ദേശം. പരിപാടിയുടെ ക്ഷണക്കത്തിൽ തോമസ് ഐസക്കിനു സർക്കാർ നൽകിയ സ്ഥാനം കേരള കോൺഗ്രസ് നേതാക്കൾക്കും താഴെയാണ്. ഈ സാഹചര്യത്തിലാണ് തോമസ് ഐസക്കിന്റെ തീരുമാനമെന്നാണ് റിപ്പോർട്ട്.
ചൊവ്വാഴ്ച്ച വൈകിട്ട് തിരുവനന്തപുരത്തു മുഖ്യമന്ത്രി പിണറായി വിജയനാണ് പരിപാടി ഉദ്ഘാടനം ചെയ്യുന്നത്. സിഡിറ്റിന്റെ സ്റ്റുഡിയോയിലെ പ്രത്യേക വേദിയിലാണ് ഉദ്ഘാടനച്ചടങ്ങ്. മന്ത്രി എം.വി.ഗോവിന്ദൻ, സ്പീക്കർ എം.ബി.രാജേഷ്, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മന്ത്രി ആന്റണി രാജു, ജനകീയാസൂത്രണം നടപ്പാക്കിയ കാലത്തെ തദ്ദേശ മന്ത്രി പാലോളി മുഹമ്മദ്കുട്ടി, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, സംസ്ഥാന ആസൂത്രണ ബോർഡ് ഉപാധ്യക്ഷൻ ഡോ.വി.കെ.രാമചന്ദ്രൻ, തദ്ദേശ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ എന്നിവർ ചടങ്ങിൽ പങ്കെടുക്കും. ഇവരുടെ പേരുകളാണു നോട്ടിസിന്റെ ആദ്യഭാഗത്ത് നൽകിയിരിക്കുന്നത്.
അടുത്ത പേജിൽ മുൻ മുഖ്യമന്ത്രി എ.കെ.ആന്റണി മുതൽ 35 ആശംസാ പ്രസംഗകരുടെ കൂട്ടത്തിൽ കേരള കോൺഗ്രസ് പ്രസിഡന്റിനു താഴെ 30-ാം സ്ഥാനമാണ് തോമസ് ഐസക്കിന് നൽകിയിരിക്കുന്നത്. അതേസമയം, ആസൂത്രണ ബോർഡ് മുൻ അംഗമെന്ന നിലയിൽ അർഹമായ സ്ഥാനമാണ് ഐസക്കിനു കൊടുത്തതെന്നാണ് പാർട്ടി നേതൃത്വത്തിന്റെ വിശദീകരണം.

