ഇനി ഏക പ്രതീക്ഷ ഇന്ത്യ; ഇന്ത്യയിൽ തുടരാനുള്ള ശ്രമങ്ങളുമായി അഫ്ഗാൻ വിദ്യാർത്ഥികൾ

ന്യൂഡൽഹി: എങ്ങനെയും ഇന്ത്യയിൽ തുടരാനുള്ള ശ്രമങ്ങളുമായി അഫ്ഗാൻ വിദ്യാർത്ഥികൾ. ഇന്ത്യയിൽ ഉന്നത വിദ്യാഭ്യാസം ചെയ്യുന്ന അഫ്ഗാൻ വിദ്യാർത്ഥികളാണ് ഇന്ത്യയിൽ തന്നെ തുടരാനുള്ള പരിശ്രമങ്ങൾ നടത്തുന്നത്. ആയിരത്തോളം അഫ്ഗാൻ വിദ്യാർത്ഥികളാണ് ഇന്ത്യയിലെ വിവിധ സർവകലാശാലകളിൽ ഉപരിപഠനം നടത്തുന്നത്. ഇവരിൽ പലരുടേയും വിസാ കാലാവധി പൂർത്തിയായി. ഇവരുടെ സ്‌കോളർഷിപ്പും വിസാ കാലാവധിയും നീട്ടി നൽകാൻ ഇന്ത്യ തയ്യാറാണെങ്കിലും അതിനായി ഈ വിദ്യാർത്ഥികൾ അഫ്ഗാനിസ്ഥാനിൽ മടങ്ങിയെത്തേണ്ടതുണ്ട്. എന്നാൽ അഫ്ഗാനിസ്ഥാനിൽ ചെന്നാൽ തിരിച്ച് മടങ്ങിയെത്താൻ സാധിക്കുമോ എന്നാണ് ഇവരുടെ ആശങ്ക.

അഫ്ഗാനിസ്ഥാനിലേക്ക് മടങ്ങാതെ ഇന്ത്യയിൽ വച്ചു തന്നെ ഞങ്ങളുടെ വിസയും സ്‌കോളർഷിപ്പും പുതുക്കാൻ കഴിയുമോ എന്നാണ് വിദ്യാർത്ഥികൾ ചോദിക്കുന്നത്. ഇന്ത്യക്കു മാത്രമേ തങ്ങളെ സഹായിക്കാൻ സാധിക്കൂവെന്നും ജെ എൻ യുവിൽ ഉപരിപഠനം ചെയ്യുന്ന അഫ്ഗാൻ വിദ്യാർത്ഥികൾ പറയുന്നു. അഫ്ഗാന്റെ നിയന്ത്രണം താലിബാൻ കയ്യടക്കിയ സാഹചര്യത്തിൽ തുടർന്നുള്ള നീക്കങ്ങൾ എന്തൊക്കെയാണെന്നതിനെ കുറിച്ച് വിദ്യാർത്ഥികൾക്ക് യാതൊരു പിടിയുമില്ല.

നിലവിൽ വിദ്യാർത്ഥികൾക്ക് മുന്നിലുള്ള ഏക പോംവഴി ഇന്ത്യയുടെ കനിവിനായി കാത്തിരിക്കുക എന്നത് മാത്രമാണ്.