ഇന്ത്യയെ ലോകത്തിലെ തന്നെ മികച്ച ഇന്റലിജൻസ് നിരീക്ഷണ ശക്തിയായി അമേരിക്ക അംഗീകരിച്ചതെങ്ങനെ; കാരണങ്ങൾ ഇവയെല്ലാം

വാഷിംഗ്ടൺ: ഇന്ത്യയെ ലോകത്തിലെ തന്നെ മികച്ച ഇന്റലിജൻസ് നിരീക്ഷണ ശക്തിയായി അമേരിക്ക അംഗീകരിച്ചുവെന്ന് റിപ്പോർട്ട്. പത്രപ്രവർത്തകരായ അഡ്രിയാൻ ലെവിയും കാത്തി സ്‌കോട്ട്-ക്ലാർക്കും ചേർന്ന് എഴുതിയ ‘സ്‌പൈ സ്റ്റോറീസ് – ഇൻസൈഡ് ദ സീക്രട്ട് വേൾഡ് ഒഫ് റോ ആൻഡ് ഐ എസ് ഐ’ എന്ന പുസ്തകത്തിലാണ് ഇന്ത്യയെ കുറിച്ച് ഇത്തരമൊരു പരാമർശം ഉള്ളത്. അഫ്ഗാനിസ്ഥാനിൽ താലിബാനെതിരായ പോരാട്ടത്തിൽ ഇന്ത്യയെക്കാളേറെ പാകിസ്ഥാനെ ആശ്രയിച്ച അമേരിക്ക പിൽക്കാലത്ത് ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഇന്റലിജൻസ് നിരീക്ഷണ ശക്തിയായി ഇന്ത്യയെ അംഗീകരിച്ചുവെന്നാണ് പുസ്തകത്തിൽ പറയുന്നത്.

2008 ലെ മുംബൈ തീവ്രവാദ ആക്രമണത്തിനു ശേഷം അമേരിക്കയുടെ സുരക്ഷാ സേനയായ എൻ എസ് എയുടെ നേതൃത്വത്തിലുള്ള എസ് എസ് പി എ സി എന്ന സംഘടനയിൽ ചേരാൻ ഇന്ത്യയുടെ ചാരസംഘടനയായ റോയ്ക്ക് ക്ഷണം ലഭിച്ചിരുന്നു. ഇതോടെയാണ് അന്താരാഷ്ട്ര തലത്തിൽ റോയുടെ ഉയിർത്തെഴുന്നേൽപ്പെന്ന് പുസ്തകത്തിൽ പറയുന്നു. ലോകശക്തികളായ അമേരിക്ക, ഓസ്‌ട്രേലിയ, കാനഡ, ന്യൂസിലാൻഡ്, ബ്രിട്ടൻ എന്നിവരെ കൂടാതെ ദക്ഷിണ കൊറിയ, സിംഗപ്പൂർ, തായ്‌ലാൻഡ്‌ എന്നീ രാജ്യങ്ങളിലെ ചാരസംഘടനകൾ കൂടി അംഗങ്ങളായ എസ് എസ് പി എ സിയിൽ അംഗമായതോടെ അമേരിക്കയുടെ ശ്രദ്ധ നേടിയെടുക്കാൻ ഇന്ത്യയ്ക്ക് കഴിഞ്ഞു.

ഭീകരർക്കെതിരെയുള്ള പോരാട്ടത്തിൽ ഇന്ത്യയുടെ പ്രാധാന്യം അമേരിക്കയ്ക്ക് മനസിലായത് റോ ഉദ്യോഗസ്ഥർ തങ്ങൾക്ക് ലഭിക്കുന്ന വിവരങ്ങൾ വച്ച് മുസ്ലീം തീവ്രവാദികളുടെ ഒളിസങ്കേതങ്ങൾ കണ്ടെത്താൻ ലോകരാഷ്ട്രങ്ങളെ സഹായിക്കാൻ തുടങ്ങിയതോടെയാണ്. തുരായ സാറ്റലൈറ്റ് ഫോണുകൾ വഴിയുള്ള സംഭാഷണം ചോർത്തുന്നതിലും എസ് എസ് പി എ സി നിർണായക പങ്കുവഹിച്ചു. കശ്മീരിൽ പ്രവർത്തിക്കുന്ന ഭീകരസംഘടനയായ ഹിസ്ബുൾ മുജാഹിദീൻ തലവൻ ബുർഹാൻ വാനിയെ 2016 ൽ സൈന്യം വധിക്കാൻ കഴിഞ്ഞതും തുരായ സാറ്റലൈറ്റ് ഫോൺ സംഭാഷണങ്ങൾ ചോർത്തിയതു വഴിയാണ്.

2004 ൽ ഇന്ത്യയും അന്നത്തെ അമേരിക്കയുടെ സെക്രട്ടറി ഓഫ് സ്റ്റേറ്റ് കൊണ്ടലീസ റൈസും തമ്മിൽ ഒപ്പുവച്ച കരാറിലൂടെ തന്നെ ഇന്ത്യയുടേയും അമേരിക്കയുടേയും ചാരസംഘടനകൾ തമ്മിലുള്ള സഹകരണത്തിന് ആരംഭം കുറിച്ചിരുന്നെങ്കിലും 2008 ലാണ് ഇന്ത്യൻ സംഘടനയുടെ യഥാർത്ഥ ശക്തി എന്താണെന്ന് മനസിലാക്കാൻ അമേരിക്കയ്ക്ക് കഴിഞ്ഞത്. 2001 മുതൽ അമേരിക്ക പാകിസ്ഥാനുമായി തീവ്രവാദ പോരാട്ടങ്ങളിൽ കൈകോർത്തിരുന്നുവെങ്കിലും പിന്നീട് പാകിസ്ഥാന്റെ സാമ്പത്തിക അവസ്ഥ പരുങ്ങലിലായതും അവരുടെ ആഭ്യന്തര പ്രശ്‌നങ്ങളും കാരണം ഈ സ്ഥാനം ഇന്ത്യയ്ക്ക് നൽകാൻ അമേരിക്കയെ പ്രേരിപ്പിച്ചുവെന്നും പുസ്തകത്തിൽ പറയുന്നുണ്ട്.