ദേശീയ പതാക തലകീഴായി ഉയർത്തിയ സംഭവം; കെ സുരേന്ദ്രനെതിരെ കേസെടുത്ത് പോലീസ്

തിരുവനന്തപുരം: ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനെതിരെ കേസ്. സ്വാതന്ത്ര്യ ദിനാചരണത്തിന്റെ ഭാഗമായി ദേശീയ പതാക തലകീഴായി ഉയർത്തിയ സംഭവത്തിലാണ് നടപടി. തിരുവനന്തപുരം മ്യൂസിയം പൊലീസാണ് സുരേന്ദ്രനെതിരെ നടപടി സ്വീകരിച്ചത്. ആർ പ്രതീപ് എന്നയാളാണ് സുരേന്ദ്രനെതിരെ പരാതി നൽകിയത്.

തിരുവനന്തപുരത്തെ ബി.ജെ.പി സംസ്ഥാന കമ്മിറ്റി ഓഫീസിൽ പതാക ഉയർത്തുന്നതിനിടെയായിരുന്നു സുരേന്ദ്രന് അബദ്ധം സംഭവിച്ചത്. വീഴ്ച്ച സംഭവിച്ചുവെന്ന് മനസിലായതോടെ ദേശീയ പതാക തിരിച്ചിറക്കി, ശരിയായി വീണ്ടും ഉയർത്തുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചിരുന്നു. തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്യാൻ തീരുമാനിച്ചത്.

അതേസമയം കയർ കുരുങ്ങിയതുകൊണ്ടാണ് ഇത്തരമൊരു സംഭവം ഉണ്ടായതെന്നാണ് ബിജെപി വൃത്തങ്ങൾ വ്യക്തമാക്കുന്നത്.