തിരുവനന്തപുരം: പിണറായി വിജയൻ നവോത്ഥാന നായകനായിരുന്നുവെങ്കിൽ മകളെ പട്ടികജാതിക്കാരന് കല്യാണം കഴിച്ചു കൊടുക്കണമായിരുന്നുവെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി. പട്ടികജാതിക്കാരനായ മന്ത്രിയെ നിയന്ത്രിക്കുന്നതിനായി മുഖ്യമന്ത്രി തന്റെ മനഃസാക്ഷി സൂക്ഷിപ്പുകാരനെ നിയോഗിച്ചുവെന്ന് കൊടിക്കുന്നിൽ സുരേഷ് വിമർശിച്ചു. എസ്.സി./എസ്.ടി ഫണ്ട് തട്ടിപ്പ് സി.ബി.ഐ. അന്വേഷിക്കണം എന്നാവശ്യപ്പെട്ട് നടത്തിയ ധർണയിലാണ് കൊടിക്കുന്നിൽ സുരേഷ് മുഖ്യമന്ത്രിക്കെതിരെ വിവാദ പരാമർശം നടത്തിയത്. പട്ടികജാതിക്കാരോട് കടുത്ത അവഗണനയാണ് മുഖ്യമന്ത്രി കാണിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഇതിനെ സാധൂകരിക്കുന്നതിനായി ചില പരാമർശങ്ങൾ അദ്ദേഹം നടത്തി. മുഖ്യമന്ത്രി തുടർച്ചയായി പട്ടികജാതി വിഭാഗങ്ങളെ അവഗണിക്കുകയാണ്. മന്ത്രിസഭാ രൂപീകരണത്തിൽ പോലും അത് കണ്ടു. അതിനുശേഷമുളള ഉദ്യോഗസ്ഥ നിയമനത്തിലും പിഎസ്‌സി നിയമനത്തിലും പട്ടിക ജാതിക്കാരെ അവഗണിക്കുകയാണ്. പട്ടികജാതിക്കാരനായ ഒരു മന്ത്രിക്ക് ദേവസ്വം വകുപ്പ് കൊടുത്തതിനെ കൊട്ടിഘോഷിക്കുകയും അതേസമയം മന്ത്രിയെ നിയന്ത്രിക്കുന്നതിനായി തന്റെ മനഃസാക്ഷി സൂക്ഷിപ്പുകാരനെ നിയമിക്കുകയും ചെയ്തു. സർക്കാർ തുടർച്ചയായി അവഗണിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ നവോത്ഥാനം തട്ടിപ്പാണ്. നവോത്ഥാന നായകനായി പ്രത്യക്ഷപ്പെടുകയും അതിനുവേണ്ടി പ്രചാരണം നടത്തുകയും ചെയ്ത ഒരു ഭരണാധികാരിയെന്ന നിലയിൽ നവോത്ഥാനം നടപ്പാക്കാൻ, പറയുന്ന കാര്യത്തിൽ ആത്മാർഥത ഉണ്ടായിരുന്നുവെങ്കിൽ അദ്ദേഹം സ്വന്തം കുടുംബത്തിൽ നടപ്പാക്കണമെന്നുളള ഒരു ചർച്ച കേരളത്തിന്റെ പൊതുസമൂഹത്തിന്റെ മുന്നിൽ വന്നു. താൻ അത് ചൂണ്ടിക്കാണിക്കുകയാണ് ചെയ്തതെന്നും അതിനെ വേറൊരു തരത്തിൽ വ്യാഖ്യാനിക്കേണ്ടെന്നും അദ്ദേഹം മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകി.

