ന്യൂഡൽഹി: രാജ്യത്ത് കോൺഗ്രസിന് മുഖ്യമന്ത്രിമാരുള്ളത് മൂന്ന് സംസ്ഥാനങ്ങളിലും പാർട്ടിക്കുള്ളിൽ കനത്ത പോര്. രാജസ്ഥാൻ, പഞ്ചാബ്, ഛത്തീസ്ഗഢ് എന്നീ മൂന്ന് സംസ്ഥാനങ്ങളിൽ മാത്രമാണ് രാജ്യത്ത് കോൺഗ്രസിന് നിലവിൽ മുഖ്യമന്ത്രിമാരുള്ളത്. മൂന്നിടങ്ങളിലും മുഖ്യമന്ത്രിമാരെ മാറ്റണമെന്നാവശ്യപ്പെട്ട് വലിയ സമ്മർദ്ദമാണ് കോൺഗ്രസ് ഹൈക്കമാൻഡിന് മുന്നിൽ എത്തുന്നത്. രാജസ്ഥാനിൽ പോരിന് നേരിയ ശമനമുണ്ടെങ്കിലും ഛത്തീസ്ഗഢിലും പഞ്ചാബിലും തർക്കം രൂക്ഷമാണ്.
2017-ൽ പഞ്ചാബിൽ കോൺഗ്രസ് അധികാരം നേടി അമരീന്ദർ സിങ് മുഖ്യമന്ത്രി ആയത് മുതൽ തുടങ്ങിയ പോരാണ് ഇപ്പോഴും രൂക്ഷമായി തുടരുകയാണ്. സംസ്ഥാനത്തെ പാർട്ടിയുടെ അദ്ധ്യക്ഷനായ നവജ്യോത് സിങ് സിദ്ദുവും അമരീന്ദർ സിങും വലിയ അഭിപ്രായ ഭിന്നതയിലാണ്. പാലപ്പോഴും പരസ്യമായ പോരിലേക്ക് വരെ കാര്യങ്ങൾ എത്തിയിട്ടുണ്ട്. കഴിഞ്ഞ ആഴ്ച സംസ്ഥാനത്തെ കോൺഗ്രസിന്റെ 78 എംഎൽഎമാരിൽ 32 പേരുടെ സംഘം അമരീന്ദർ സിങിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. സിദ്ദുവാണ് അവരുടെ നേതാവെന്ന് പറയുന്നുണ്ടെങ്കിലും അമരീന്ദറിന് പകരം ആരെ മുഖ്യമന്ത്രിയാക്കണമെന്ന് എംഎൽഎമാർ നിർദേശിച്ചിട്ടില്ല.
2018-ൽ ഛത്തീസ്ഗഢിൽ കോൺഗ്രസ് അധികാരത്തിലേറിയത്. പാർട്ടി അധ്യക്ഷനായിരുന്ന ഭൂപേഷ് ബാഘേലിനെയാണ് കോൺഗ്രസ് മുഖ്യമന്ത്രിയാക്കിയത്. രണ്ടര വർഷത്തിന് ശേഷം മുഖ്യമന്ത്രി സ്ഥാനം നൽകാമെന്ന് രാഹുൽ ഗാന്ധി വാഗ്ദാനം നൽകിയിരുന്നുവെന്ന ആരോപണവുമായി സംസ്ഥാന ആരോഗ്യ മന്ത്രി ടി.എസ്.സി്ങ് ദേവ് രംഗത്തെത്തിയതോടെയാണ് ഇവിടെ പ്രശ്‌നങ്ങൾ ആരംഭിച്ചത്. ഭൂപേഷ് ബാഘേലും ടി.എസ്. സിങ്ദേവും തന്നെ അനുകൂലിക്കുന്ന അമ്പതോളം എംഎൽഎമാരുമായി കഴിഞ്ഞ ദിവസം ഡൽഹിയിലെത്തിയിരുന്നു. രാഹുൽ ഗാന്ധിയേയും പ്രിയങ്കാ ഗാന്ധിയേയും കണ്ട ശേഷമാണ് അദ്ദേഹം മടങ്ങിയത്. അതേസമയം രാഹുലിനെ കാണാൻ ചൊവ്വാഴ്ച ഡൽഹിയിലെത്തിയ സിങ്ദേവ് റായ്പുരിലേക്ക് ഇതുവരെ മടങ്ങിയിട്ടില്ല. അന്തിമ തീരുമാനമുണ്ടായതിന് ശേഷം മാത്രമെ അദ്ദേഹം നാട്ടിലേക്ക് മടങ്ങൂവെന്നാണ് വിവരം.
രാജസ്ഥാനിലെ തർക്കങ്ങൾക്കും അഭിപ്രയ ഭിന്നതകൾക്കും മൂന്ന് വർഷത്തിലേറെ പഴക്കമുണ്ട്. 2018-ൽ രാജസ്ഥാനിൽ കോൺഗ്രസ് അധികാരത്തിലേറിയപ്പോൾ അശോക് ഗെഹ്ലോതിനെ മുഖ്യമന്ത്രിയായും സച്ചിൻ പൈലറ്റിനെ ഉപമുഖ്യമന്ത്രിയായും പ്രഖ്യാപിച്ചു. രാഹുൽ ഗാന്ധിയ്ക്ക് ഒരുപോലെ പ്രിയപ്പെട്ടവരാണ് ഇരുനേതാക്കളും. സച്ചിൻ പൈലറ്റ് തനിക്കുണ്ടാക്കുന്ന ഭീഷണി മുൻകൂട്ടി കണ്ടാണ് ഗെഹ്ലോത് ഓരോ നീക്കങ്ങളും നടത്തിയിരുന്നത്. അതിനാൽ തന്നെ കഴിഞ്ഞ വർഷം തന്നെ പിന്തുണക്കുന്ന എംഎംൽഎമാരേയും ഒപ്പം കൂട്ടി അജ്ഞാത കേന്ദ്രത്തിലിരുന്ന് സച്ചിൻ പൈലറ്റ് ഉയർത്തിയ വിമത ഭീഷണി ഗെഹ്ലോതിന് തന്ത്രപരമായി മറികടക്കാനും കഴിഞ്ഞു.
മധ്യപ്രദേശിൽ ജ്യോതിരാദിത്യ സിന്ധ്യ കമൽനാഥ് സർക്കാരിനെ വീഴ്ത്തിയതിന് സമാനമായ നീക്കമായിരുന്നു സച്ചിൻ പൈലറ്റ് നടത്തിയതും. തന്റെ വിശ്വസ്തരെ സർക്കാരിലും പാർട്ടിയിലും മാന്യമായ രീതിയിൽ ഉൾപ്പെടുത്തിയില്ലെങ്കിൽ പുതിയൊരു പോരാട്ടത്തിന് സച്ചിൻ തയ്യാറെടുക്കുകയാണെന്ന റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്.

