ചെന്നൈ: കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് കർശന നിർദേർശങ്ങൾ പുറപ്പെടുവിച്ച് തമിഴ്‌നാട് സർക്കാർ. കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് വാക്സിൻ സർട്ടിഫിക്കറ്റും 72 മണിക്കൂർ സമയ പരിധിയുള്ള ആർ.ടി.പി.സി.ആർ. പരിശോധനാ ഫലവും നിർബന്ധമാക്കി. പരിശോധന ശക്തമാക്കണമെന്ന് സർക്കാർ കോളേജുകൾക്ക് നിർദേശം നൽകുകയും ചെയ്തു. കേരളത്തിൽ കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം.
അതേസമയം, തമിഴ്നാട്ടിൽ ലോക്ക് ഡൗൺ നീട്ടി. സെപ്റ്റംബർ 15 വരെയാണ് ലോക്ക് ഡൗൺ നീട്ടിയത്. മുഖ്യമന്ത്രി എം.കെ. സ്റ്റാലിനാണ് ഇക്കാര്യം അറിയിച്ചത്. വെള്ളി മുതൽ ഞായർ വരെയുള്ള ദിവസങ്ങളിൽ ആരാധനാലയങ്ങളിൽ പ്രവേശനമുണ്ടായിരിക്കില്ലെന്ന് പുതിയ നിർദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ഞായറാഴ്ചകളിൽ ബീച്ചുകൾ അടച്ചിടാനും പുതിയ ഉത്തരവിൽ നിർദ്ദേശിക്കുന്നു.
സെപ്തംബർ ഒന്നു മുതൽ തമിഴ്‌നാട്ടിൽ സ്‌കൂളുകൾ തുറക്കാനിരിക്കുകയാണ്. യൂണിഫോം ധരിച്ച വിദ്യാർത്ഥികൾക്ക് സർക്കാർ ബസുകളിൽ തമിഴ്‌നാട് സർക്കാർ സൗജന്യ യാത്ര ഏർപ്പെടുത്തി. ഐ.ടി.ഐ. വിദ്യാർത്ഥികൾക്ക് ഈ സേവനം ലഭ്യമാകാൻ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ് നിർബന്ധമാണ്.

