ജോഹന്നാസ്ബർഗ്: കോവിഡ് വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി ഗവേഷകർ. ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ ജനിതക വകഭേദം സംഭവിച്ച കോവിഡ് വൈറസിന് വീണ്ടും പരിവർത്തനം സംഭവിച്ച് അതിവേഗം പടർന്നു പിടിക്കുന്ന പുതിയ വകഭേദം കണ്ടെത്തിയെന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്.
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കമ്മ്യൂണിക്കബിൾ ഡിസീസസും(എൻഐസിഡി), ദക്ഷിണാഫ്രിക്കയിലെ ക്രിസ്പ് എന്ന ഗവേഷണ സ്ഥാപനവും ചേർന്നാണ് സി.1.2 എന്ന വകഭേദം കണ്ടെത്തിയത്. വാക്സിനുകൾ നൽകുന്ന പ്രതിരോധത്തെ മറികടക്കാൻ കഴിവുളളതാണ് ഈ പുതിയ കോവിഡ് വകഭേദമെന്നാണ് ഗവേഷകരുടെ കണ്ടെത്തൽ. ദക്ഷിണാഫ്രിക്കൻ വകഭേദം ചൈന, ആഫ്രിക്കൻ രാജ്യങ്ങളായ കോംഗൊ, മൗറീഷ്യസ് എന്നിവിടങ്ങളിലും ഇംഗ്ലണ്ടിലും, പോർച്ചുഗലിനും, സ്വിറ്റ്സർലാന്റിലും, ന്യൂസിലാന്റിലും പിന്നീട് കണ്ടെത്തിയിരുന്നു. എന്നാൽ സി.1 വകഭേദത്തേക്കാൾ അതിവേഗം പടരുന്നതാണ് സി.1.2 വകഭേദം.
ലോകത്ത് ഇതുവരെ കണ്ടെത്തിയ പരിവർത്തനം വന്ന വൈറസിനെക്കാൾ അപകടകാരിയാണിതെന്നാണ് വിവരം. മെയ് മാസത്തിൽ 0.2 ശതമാനമായിരുന്ന ജീനോമിൽ നിന്ന് ജൂണിൽ 1.6 ശതമാനമായി ഉയർന്നു. ജൂലായിൽ ഇത് രണ്ട് ശതമാനമായി ഉയർന്നു. ബീറ്റ, ഡെൽറ്റാ വകഭേദത്തിൽ കണ്ട വർദ്ധനക്ക് തുല്യമാണിതെന്ന് ഗവേഷകർ വ്യക്തമാക്കി. സി.1.2ന് പരിവർത്തന നിരക്ക് വർഷത്തിൽ 41.8 ആണ്. ഇത് നിലവിലെ മറ്റ് കൊവിഡ് വകഭേദങ്ങളുടെ ഇരട്ടിയാണെന്നും ആൽഫ, ബീറ്റ വകഭേദമുണ്ടായവരിൽ രൂപപ്പെട്ട ആന്റിബോഡികളെയും രോഗപ്രതിരോധ സംവിധാനത്തെയും മറികടക്കാൻ ഇതിന് കഴിയുമെന്നും പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്.