കെപിസിസി സെക്രട്ടറി പിഎസ് പ്രശാന്തിനെ പാർട്ടിയിൽ നിന്നും പുറത്താക്കി

ന്യൂഡൽഹി: കെപിസിസി സെക്രട്ടറി പിഎസ് പ്രശാന്തിനെതിരെ നടപടി. കോൺഗ്രസ് ഹൈക്കമാൻഡിനെ വെല്ലുവിളിക്കുകയും വന്യമായ ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്തതിന് പി എസ് പ്രശാന്തിനെ പാർട്ടിയിൽ നിന്നും പുറത്താക്കി. കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപിയാണ് ഇക്കാര്യം അറിയിച്ചത്.

ഗുരുതരമായ അച്ചടക്കലംഘനത്തിന് പ്രശാന്തിനെ നേരത്തെ പാർട്ടി സസ്‌പെൻഡ് ചെയ്തിരുന്നു. എന്നാൽ, തെറ്റു തിരുത്താൻ തയാറാകാതെ വീണ്ടും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ചതോടെയാണ് പി എസ് പ്രശാന്തിനെ പാർട്ടിയിൽ നിന്നും പുറത്താക്കാൻ തീരുമാനിച്ചത്. പാർട്ടിയെയും പാർട്ടി നേതാക്കളെയും അപകീർത്തിപ്പെടുത്താൻ ആരെയും അനുവദിക്കില്ലെന്നു സുധാകരൻ വ്യക്തമാക്കി.

നിയമസഭാ തിരഞ്ഞെടുപ്പിൽ നെടുമങ്ങാട്ടെ യുഡിഎഫ് സ്ഥാനാർഥിയായിരുന്നു പി.എസ്.പ്രശാന്ത്. ഡിസിസി അധ്യക്ഷൻമാരെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പ്രശാന്ത് ഹൈക്കമാഡിനെതിരെ രംഗത്തെത്തിയത്. കെ.സി.വേണുഗോപാലിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് പ്രശാന്ത് രാഹുൽ ഗാന്ധിക്ക് കത്തയച്ചിരുന്നു. വേണുഗോപാൽ ബിജെപി ഏജന്റാണെന്നും കോൺഗ്രസിനെ തകർക്കുന്നുവെന്നുമായിരുന്നു പ്രശാന്തിന്റെ ആരോപണം.

തിരുവനന്തപുരം ഡിസിസി അധ്യക്ഷനായി തെരഞ്ഞെടുത്ത പാലോട് രവിക്കെതിരെയും പ്രശാന്ത് ആരോപണങ്ങൾ ഉന്നയിച്ചിരുന്നു.