ക്രിമിനൽ കേസിൽ ഉൾപ്പെട്ടന്നതിന്റെ പേരിൽ അവയവ ദാനത്തിന് അനുമതി നിഷേധിക്കരുത്; ഉത്തരവ് പുറപ്പെടുവിച്ച് ഹൈക്കോടതി

കൊച്ചി: അവയവദാനവുമായി ബന്ധപ്പെട്ട് നിർണായക ഉത്തരവ് പുറപ്പെടുവിച്ച് ഹൈക്കോടതി. ക്രിമിനൽ കേസിൽ ഉൾപ്പെട്ടന്നതിന്റെ പേരിൽ അവയവ ദാനത്തിന് അനുമതി നിഷേധിക്കരുതെന്ന് കോടതി വ്യക്തമാക്കി. കൊല്ലം നെടുമ്പന സ്വദേശി രാധാകൃഷ്ണ പിള്ളയ്ക്ക് വൃക്ക മാറ്റിവെക്കാൻ അനുമതി നിഷേധിച്ച എറണാകളും ജില്ലാ മേൽനോട്ട സമിതിയുടെ നടപടി റദ്ദാക്കിയാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.

ക്രിമിനൽ കേസിലെ പ്രതിയായിരുന്നു വൃക്ക നൽകാൻ തയ്യാറായത്. മനുഷ്യ ശരീരത്തിൽ ക്രിമിനൽ വൃക്കയോ കരളോ ഹൃദയമോ ഇല്ല. എല്ലാവരിലും ഒഴുകുന്നത് മനുഷ്യ രക്തമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണനാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്.

ഗുരുതരാവസ്ഥയിലുള്ള രോഗികൾ മാസങ്ങളോളം അനുമതിക്കായി കാത്തുനിൽക്കേണ്ടി വരുന്നത് അംഗീകരിക്കാനാകില്ല. അവയവദാനത്തിനുള്ള അപേക്ഷ ലഭിച്ചാൽ മേൽനോട്ട സമിതികൾ അപേക്ഷ പരിഗണിച്ച് 24 മണിക്കൂറിനകം തീരുമാനമെടുക്കണമെന്ന് കോടതി നിർദ്ദേശിച്ചു. അപേക്ഷകൾ പരിഗണിക്കാൻ വൈകിയാൽ അതിന്റെ കാരണം മേൽനോട്ട സമിതി വ്യക്തമാക്കണം. ഇക്കാര്യങ്ങൾ വ്യക്തമാക്കി ചീഫ് സെക്രട്ടറി ഉടൻ സർക്കുലർ ഇറക്കണമെന്നും കോടതി നിർദ്ദേശം നൽകി.