ബംഗളൂരു: കേരളത്തിൽ നിന്ന് എത്തുന്നവർക്ക് നിർബന്ധിത ക്വാറന്റെയ്ൻ ഏർപ്പെടുത്തി കർണാടക. ഏഴു ദിവസമായിരിക്കും നിർബന്ധിത ക്വാറന്റെയ്ൻ. ഇതുസംബന്ധിച്ച ഉത്തരവ് കർണാടക സർക്കാർ പുറത്തിറക്കി.
എട്ടാം ദിവസം ആർ.ടി.പി.സി.ആർ പരിശോധന നടത്തും. കേരളത്തിൽ നിന്ന് ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റുമായി വരുന്നവർക്കും ക്വാറന്റെയ്‌നും എട്ടാം ദിവസം പരിശോധനയും നിർബന്ധമാണെന്ന് അധികൃതർ വ്യക്തമാക്കി. കേരളത്തിൽ കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിലാണ് നടപടി.
വിമാനത്താവളങ്ങളിലും റെയിൽവേ സ്റ്റേഷനിവും ഇതിനായി പ്രത്യേക സംഘത്തെ നിയോഗിക്കാനാണ് സർക്കാരിന്റെ തീരുമാനം. അതിർത്തിയിലും പരിശോധന കർശനമാക്കുമെന്ന് അധികൃതർ അറിയിച്ചു. കേരളത്തിന്റെ അതിർത്തിയിൽ കൂടുതൽ പൊലീസിനെ നിയോഗിക്കാനാണ് തീരുമാനം. രണ്ടു ഡോസ് വാക്‌സീനും സ്വീകരിച്ച രോഗലക്ഷണങ്ങൾ ഇല്ലാത്തവർക്ക് യാത്ര ചെയ്യാൻ ആർടിപിസിആർ പരിശോധന വേണ്ടെന്ന കേന്ദ്ര സർക്കാരിന്റെ ഉത്തരവിന് വിരുദ്ധമായാണ് കർണാടക സർക്കാർ പുതിയ ഉത്തരവ് ഇറക്കിയിരിക്കുന്നത്.

