ഭീകരവാദ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കാൻ അഫ്ഗാന്റെ മണ്ണ് ഉപയോഗിക്കരുത്; താലിബാനോട് അഭ്യർത്ഥനയുമായി ഇന്ത്യ

കാബൂൾ: അഫ്ഗാന്റെ മണ്ണിൽ നിന്നും ഭീകരവാദം കയറ്റുമതി ചെയ്യരുതെന്ന് താലിബാനോടാവശ്യപ്പെട്ട് ഇന്ത്യ. മറ്റു രാജ്യങ്ങളിൽ ഏതെങ്കിലും വിധത്തിലുള്ള ഭീകരവാദ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കാൻ അഫ്ഗാനിസ്താന്റെ മണ്ണ് ഉപയോഗപ്പെടുത്തരുതെന്നാണ് ഇന്ത്യ ആവശ്യപ്പെട്ടിരിക്കുന്നത്. അഫ്ഗാനിസ്താനിലെ സർക്കാർ രൂപവത്കരണം ഔദ്യോഗികമായി പ്രഖ്യാപിക്കാനിരിക്കവെയാണ് താലിബാന്റെ പ്രതികരണം.

അഫ്ഗാനിലെ സർക്കാർ രൂപവത്കരണത്തെ കുറിച്ചുള്ള വിശദാംശങ്ങൾ ഇന്ത്യൻ സർക്കാരിന് അറിയില്ലെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി വ്യക്തമാക്കി. ഏതു തരത്തിലുള്ള സർക്കാരാണ് അഫ്ഗാനിസ്താനിൽ രൂപവത്കരിക്കപ്പെടുക എന്നതിനെ കുറിച്ചുള്ള വിശദാംശങ്ങളോ അതിന്റെ സ്വഭാവമോ അറിയില്ലെന്ന് ബാഗ്ചി പറഞ്ഞു. അഫ്ഗാനിലെ സർക്കാർ രൂപീകരണത്തെ കുറിച്ച് പുതുതായി വിവരങ്ങളൊന്നും ഇല്ലെന്നും ഉഹാപോഹങ്ങൾ പ്രചരിപ്പിക്കാൻ താൽപര്യപ്പെടുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അഫ്ഗാനിസ്താന്റെ മണ്ണ് ഒരുതരത്തിലുമുള്ള ഭീകരവാദത്തിനും ആരും ഉപയോഗപ്പെടുത്താതിരിക്കുക എന്നതാണ് ഇന്ത്യയുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അഫ്ഗാനിൽ നിന്നും ഇന്ത്യൻൃ പൗരന്മാരെ തിരികെയെത്തിക്കുന്നതിനാണ് മുൻഗണന നൽകുന്നത്. നിലവിൽ കാബൂൾ വിമാനത്താവളം പ്രവർത്തിക്കുന്നില്ല. വിമാനത്താവളം വീണ്ടും പ്രവർത്തന സജ്ജമായാൽ കാബൂളിൽ കുടുങ്ങിയ ഇന്ത്യക്കാരെ മുഴുവൻ തിരികെ എത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു.