തിരുവനന്തപുരം: സെക്രട്ടേറിയേറ്റ് ഉദ്യോഗസ്ഥർക്ക് ഇനി അവരുടെ കാര്യക്ഷമതയ്ക്കനുസരിച്ച് മാർക്കിടും. ഭരണപരിഷ്‌കാര കമ്മീഷന്റെ ശുപാർശയെ തുടർന്നാണ് തീരുമാനം. ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റത്തിനും സ്ഥാനകയറ്റത്തിനും പുതിയ മാനദണ്ഡങ്ങൾ ഏർപ്പെടുത്താനും തീരുമാനിച്ചു. പുതിയ തീരുമാനത്തെ കുറിച്ച് ചർച്ച ചെയ്യാൻ ജീവനക്കാരുടെ പ്രതിനിധികളുമായി വരും ദിവസങ്ങളിൽ ചീഫ് സെക്രട്ടറി വി.പി ജോയ് ചർച്ച നടത്തിയേക്കുമെന്നാണ് വിവരം.
അണ്ടർ സെക്രട്ടറി മുതൽ സ്പെഷ്യൽ സെക്രട്ടറി വരെയുളളവർ ഒരു വകുപ്പിൽ കുറഞ്ഞത് രണ്ട് വർഷം ഉണ്ടാവണം. എന്നാൽ മൂന്ന് വർഷം കഴിഞ്ഞാൽ നിർബന്ധമായും മറ്റൊരു വകുപ്പിലേക്ക് മാറിയിരിക്കണം എന്നിങ്ങനെ നിരവധി മാനദണ്ഡങ്ങളാണ് പുതുതായി പ്രാബല്യത്തിൽ വരാൻ പോകുന്നത്. കോൺഫിഡൻഷ്യൽ റിപ്പോർട്ടിൽ ജീവനക്കാരുടെ കാര്യക്ഷമത വിലയിരുത്താനായി ഒന്ന് മുതൽ പത്ത് വരെയുള്ള സംഖ്യാ ഗ്രേഡിങ്ങിലേക്കാണ് ഇനി മാറുന്നത്. മുൻപ് ഇത് എ മുതൽ ഇ വരെയുള്ള അഞ്ച് വിഭാഗങ്ങളാക്കി തരംതിരിച്ചിരിക്കുകയായിരുന്നു.

