കണ്ണൂർ: കോൺഗ്രസിൽ അടിമുടി മാറ്റങ്ങൾക്ക് കളമൊരുങ്ങുന്നതായി കെ.പി.സി.സി. അദ്ധ്യക്ഷൻ കെ. സുധാകരൻ. ഓരോ ജില്ലയിലും 2500 കേഡർമാരെ വീതം തിരഞ്ഞെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. കേഡർമാർക്ക് ബൂത്തുകൾ അനുവദിച്ചു നൽകുമെന്നും ഇവർക്ക് പ്രത്യേക പരിശീലനം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. കണ്ണൂരിൽ നടന്ന പാർട്ടി പരിപാടിയിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
മൂന്ന് വർഷത്തേക്ക് 2500 പേർ പാർട്ടിയ്ക്ക് വേണ്ടി സമർപ്പിതരാകും. 1000 പേരെ യൂത്ത് കോൺഗ്രസിൽ നിന്നും 15,00 പേർ ഐഎൻടിയുസിയിൽ നിന്നും തെരഞ്ഞെടുക്കും. എങ്ങനെയാണ് യൂണിറ്റുണ്ടാക്കുക എന്ന് പരിശീലനം കൊടുത്ത് അവരെ തങ്ങളിറക്കുമെന്നും അവർക്ക് ബൂത്തുകൾ അലോട്ട് ചെയ്യുമെന്നും അതിന്റെ മുകളിൽ അവരെ നിയന്ത്രിക്കാൻ മുതിർന്ന കോൺഗ്രസ് നേതൃത്വത്തിന്റെ ഒരു സംഘമുണ്ടാകുമെന്നും സുധാകരൻ വിശദമാക്കി.
ഓരോ ജില്ലയിലും കൺട്രോൾ കമ്മീഷൻ എന്ന പേരിൽ അച്ചടക്ക സമിതി രൂപീകരിക്കും. ഓരോ ജില്ലയിലും അഞ്ചംഗ സമിതിയാണ് പ്രവർത്തനങ്ങൾ പരിശോധിക്കുക. ഇന്ന് കാണുന്ന കോൺഗ്രസായിരിക്കില്ല ആറ് മാസത്തിന് ശേഷം കാണുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

