ചന്ദ്രികയുടെ അക്കൗണ്ടിൽ 10 കോടി രൂപ എത്തിയതിൽ ദുരൂഹത; ജലീലിൽ നിന്നും ശേഖരിച്ചത് നിർണായക മൊഴിയെന്ന് എൻഫോഴ്സ്മെന്റ്

തിരുവനന്തപുരം: മുസ്ലിം ലീഗിന്റെ മുഖപത്രം ചന്ദ്രികയുടെ അക്കൗണ്ടിൽ 10 കോടി രൂപ എത്തിയതിൽ ദുരൂഹതയുണ്ടെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. പത്രത്തിന്റെ നടത്തിപ്പ് ആവശ്യങ്ങൾക്കല്ല പണം എത്തിയതെന്ന് വ്യക്തമായതായി അന്വേഷണ സംഘം അറിയിച്ചു.

മുൻമന്ത്രി കെ.ടി ജലീലിൽ നിന്നും ശേഖരിച്ചത് ചന്ദ്രിക ഇടപാടുമായി ബന്ധപ്പെട്ട നിർണായക മൊഴിയാണെന്ന് എൻഫോഴ്‌സ്‌മെന്റ് വ്യക്തമാക്കി. സ്വന്തം ഇഷ്ട പ്രകാരമാണ് ഇഡിയ്ക്ക് ജലീൽ മൊഴി നൽകിയത്. ചന്ദ്രിക കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മാത്രമാണ് ഇഡി അന്വേഷണം പുരോഗമിക്കുന്നത്. എആർ നഗർ ബാങ്ക് ക്രമക്കേടിൽ നിലവിൽ കേസെടുക്കാൻ എൻഫോഴ്സ്മെന്റിന് കഴിയില്ലെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

ചന്ദ്രിക ദിനപ്പത്രത്തെയും ലീഗ് സ്ഥാപനങ്ങളെയും മറയാക്കി പി കെ കുഞ്ഞാലിക്കുട്ടി കള്ളപ്പണം വെളുപ്പിച്ചെന്നായിരുന്നു മുൻ മന്ത്രിയും എംഎൽഎയുമായ കെ ടി ജലീലിന്റെ ആരോപണം. ഇത് സംബന്ധിച്ച തെളിവുകൾ ജലീൽ എൻഫോഴ്‌സ്‌മെന്റിന് മുന്നിൽ ഹാജരാക്കിയിരുന്നു. എൻഫോഴ്‌സ്‌മെന്റ് ഓഫീസിൽ നേരിട്ട് ഹാജരായാണ് ജലീൽ തെളിവുകൾ കൈമാറിയത്. എ ആർ നഗർ ബാങ്കിനെ മറയാക്കി കള്ളപ്പണം വെളുപ്പിച്ചെന്ന ആരോപണവും ഉയരുന്നുണ്ട്.