സംസ്ഥാനത്ത് ഞായറാഴ്ചകളിലെ സമ്പൂർണ ലോക്ക്ഡൗണും രാത്രികാല കർഫ്യൂവും തുടരും; മുഖ്യമന്ത്രി

pinarayi

തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ചകളിലെ സമ്പൂർണ ലോക്ക്ഡൗണും രാത്രികാല കർഫ്യൂവും തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് അവലോകന യോഗത്തിന് ശേഷമാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. രാത്രികാല കർഫ്യൂവും ഞായറാഴ്ച ലോക്ക്ഡൗണും തുടരണോ എന്നത് ചൊവ്വാഴ്ച ചേരുന്ന അവലോകന യോഗത്തിൽ തീരുമാനിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

കോവിഡിനോടൊപ്പം ജീവിക്കുക എന്ന തീരുമാനത്തിലേക്കാണ് നാം പോകുന്നത്. അതിലൂന്നിയിട്ടുള്ള തീരുമാനങ്ങളാകും ഉണ്ടാകുകയെന്നും മുഖ്യമന്ത്രി വിശദമാക്കി. കോവിഡിനെതിരേ ‘ബി ദ വാരിയർ’ എന്ന കാമ്പയിനും അദ്ദേഹം പ്രഖ്യാപിച്ചു. എല്ലാവരും സ്വയം കോവിഡ് പ്രതിരോധ പോരാളികളായി മാറുക എന്നതാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. ഓണത്തിന് ശേഷം കോവിഡ് രോഗികളുടെ എണ്ണത്തിൽ ഭയപ്പെട്ടതുപോലുള്ള വർധനവ് ഉണ്ടായിട്ടില്ല. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവരുടെ എണ്ണത്തിലും വർധനവില്ല. കഴിഞ്ഞ മൂന്നാഴ്ചകളിലെ കണക്കുകൾ പരിശോധിക്കുമ്പോൾ ആശുപത്രികളിൽ അവസാന ആഴ്ച അഡ്മിറ്റായവരുടെ ശതമാനം കുറയുകയാണ് ഉണ്ടായിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു.

കോവിഡ് പോസിറ്റീവാകുന്നവരിൽ വാക്സിനേഷൻ എടുത്തവരിലും കുറച്ചു പേർക്ക് രോഗബാധയുണ്ടാകുന്നുണ്ട്. എങ്കിലും അത് ഗുരുതരമാകുന്ന സാഹചര്യം വിരളമാണ്. മരണങ്ങളും അവർക്കിടയിൽ ഉണ്ടാകുന്നില്ല. അതുകൊണ്ടുതന്നെ വാക്സിനേഷൻ എടുത്തവർക്കിടയിൽ രോഗബാധയുണ്ടാകുന്നവരുടെ എണ്ണം വർദ്ധിക്കുന്നതിൽ ആശങ്കപ്പെടേണ്ട കാര്യമില്ല. കോവിഡ് കാരണം മരണം സംഭവിക്കുന്നത് പ്രധാനമായും പ്രായാധിക്യമുള്ളവർക്കിടയിലാണ്. അതിനാൽ പ്രായമായവരിൽ വാക്സിനേഷൻ എടുക്കാത്തവർ എത്രയും പെട്ടെന്ന് വാക്സിൻ സ്വീകരിക്കാൻ ശ്രമിക്കണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു.

കോവിഡ് ബാധിതരായവർ വീടുകളിൽ തന്നെ ക്വാറന്റെയ്‌നിൽ കഴിയുന്നുവെന്ന് ഉറപ്പാക്കാൻ പോലീസിന്റെ സേവനം വിനിയോഗിക്കും. ക്വാറന്റെയ്ൻ ലംഘിക്കുന്നവരെ കണ്ടെത്തിയാൽ അവർക്കെതിരെ കേസ് എടുക്കും. ഇത്തരം ആൾക്കാരെ പിന്നീട് വീടുകളിൽ തുടരാൻ അനുവദിക്കില്ല. അവരെ സി.എഫ്.എൽ.ടി.സിയിലേയ്ക്ക് മാറ്റും. പോസിറ്റീവ് ആയവരുടെ വീടുകൾ തോറുമുള്ള ഇത്തരം പരിശോധനയ്ക്ക് പോലീസിന്റെ മോട്ടോർ സൈക്കിൾ പട്രോൾ സംഘത്തെ നിയോഗിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

വാക്സിനേഷൻ പൂർത്തിയായാലും കോവിഡ് പൂർണമായി വിട്ടുപോകില്ലെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. അതിനാൽ കോവിഡിനൊപ്പം ജീവിക്കേണ്ടി വരും. ദ്രുതപ്രതികരണ സേന മുഖേന കോവിഡ് രോഗികളുടെ ക്വാറന്റെയ്ൻ ഉറപ്പുവരുത്തും. ഗാർഹിക സമ്പർക്ക വിലക്കിൽ കഴിയുന്ന രോഗികളുടെ എണ്ണം, സമ്പർക്കാന്വോഷണത്തിന്റെ അടിസ്ഥാനത്തിൽ ഗാർഹിക സമ്പർക്കവിലക്കിൽ കഴിയുന്ന ആളുകളുടെ എണ്ണം, വാർഡുതല കണ്ടൈൻമെന്റ്/ മൈക്രോ കണ്ടൈൻമെന്റ് സോണുകളുടെ എണ്ണം, ഗാർഹിക സമ്പർക്കവിലക്ക് ലംഘനത്തിന് പിഴ ചുമത്തിയവരുടെയും, നിർബന്ധിത ക്വാറന്റീൻ ഏർപ്പെടുത്തിയവരുടെയും വിവരങ്ങൾ, ക്വാറന്റെയ്‌നിലുള്ള എത്ര വീടുകളിൽ മരുന്നുകൾ ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ എത്തിക്കുന്നതിനുള്ള നടപടി സ്വീകരിച്ചു എന്നതിന്റെ വിവരങ്ങൾ തുടങ്ങിയവ ജില്ലാ ദുരന്തനിവാരണ അതോറിറ്റികൾ പഞ്ചായത്തുകളിൽ നിന്ന് ശേഖരിച്ച് ദിവസേന റിപ്പോർട്ട് ചെയ്യും. കോവിഡ് രോഗികൾക്ക് വീടുകളിൽ തന്നെ ക്വാറന്റീനിൽ കഴിയാനുള്ള സൗകര്യം ലഭ്യമാണോയെന്ന് പോലീസ് നേരിട്ട് പരിശോധിക്കും. അനുകൂല സാഹചര്യങ്ങൾ ഇല്ലെങ്കിൽ അക്കാര്യം പഞ്ചായത്തിനെ അറിയിക്കാനും രോഗിയെ സി.എഫ്.എൽ.ടി.സിയിലേയ്ക്ക് മാറ്റാനും നടപടി സ്വീകരിക്കും. ഇതിന് ആവശ്യമെങ്കിൽ പോലീസ് സഹായം ലഭ്യമാക്കും. ക്വാറന്റെയ്‌നിൽ കഴിയുന്ന രോഗികൾക്ക് അവശ്യ വസ്തുകൾ ലഭിക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ അവ എത്തിച്ചുനൽകാൻ പോലീസ് നടപടി സ്വീകരിക്കും. കച്ചവടസ്ഥാപനങ്ങളിൽ നിന്ന് ഹോം ഡെലിവെറി പ്രോത്സാഹിപ്പിക്കാനും പോലീസ് മുന്നിലുണ്ടാകുമെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു.

സംസ്ഥാനത്ത് 18 വയസ്സിന് മുകളിലുള്ള 75 ശതമാനം പേർക്ക് ആദ്യ ഡോസ് നൽകി കഴിഞ്ഞു. മൊത്തം ജനംസഖ്യയുടെ എണ്ണമെടുത്താൽ യഥാക്രമം 60.94 ശതമാനവും 22.57 ശതമാനവുമാണ് ഒന്നും രണ്ടും ഡോസ് ലഭിച്ചവരുടെ അനുപാതം. ഇത് ദേശീയ ശരാശരിയേക്കാളും വളരേ കൂടുതലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.