സർ, മാഡം വിശേഷണങ്ങൾ ഒഴിവാക്കാനൊരുങ്ങി കോൺഗ്രസ്; മുതിർന്നവരെ ചേട്ടാ ,ചേച്ചി എന്ന് വിളിക്കാമെന്ന് കെ സുധാകരൻ

തിരുവനന്തപുരം: അടിമുടി മാറ്റങ്ങൾക്കൊരുങ്ങി കോൺഗ്രസ്. സർ, മാഡം എന്നീ വിശേഷണങ്ങൾ ഒഴിവാക്കാനൊരുങ്ങുകയാണ് കോൺഗ്രസ്. കെ പി സി സി അദ്ധ്യക്ഷൻ കെ സുധാകരനാണ് ഇതു സംബന്ധിച്ച നിർദ്ദേശം നൽകിയത്. സർ, മാഡം വിളികൾ കോൺഗ്രസ് ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളിൽ വേണ്ടെന്ന് വയ്ക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു.

മുതിർന്നവരെ ചേട്ടാ ,ചേച്ചി എന്നി വിശേഷണങ്ങൾ ഉപയോഗിച്ച് വിളിക്കണം. ഇക്കാര്യത്തിൽ മാത്തൂർ ഗ്രാമ പഞ്ചായത്തിന്റെ നടപടി മാതൃകാപരമാണ്. അടി മുതൽ മുടിവരെയുള്ള പൊളിച്ചെഴുത്തിലൂടെ കോൺഗ്രസിനെ വീണ്ടും ശക്തിപ്പെടുത്തണം. ഇന്നലെ കണ്ട കോൺഗ്രസ് അല്ലാ ആറ് മാസം കഴിഞ്ഞ് കാണാൻ പോകുന്നതെന്നും അദ്ദേഹം അറിയിച്ചു.

പാർട്ടി അച്ചടക്കം പരിശോധിക്കാൻ എല്ലാ ജില്ലകളിലും അഞ്ച് അംഗ കൺട്രോൾ കമ്മിഷൻ ഉണ്ടാകുമെന്നും സുധാകരൻ വിശദമാക്കി. ഗ്രൂപ്പിന്റെ ഭാഗമല്ലാത്തതു കൊണ്ട് മികച്ച നേതാക്കൾക്ക് പോയകാലത്ത് സ്ഥാനങ്ങൾ കിട്ടിയില്ല. പാർട്ടിക്കുള്ളിലെ സംഘടനാ തെരഞ്ഞെടുപ്പ് രണ്ടാം ഘട്ടത്തിൽ നടത്താനാണ് പദ്ധതിയിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.